Pathanamthitta local

ജീവിതത്തിന്റെ കനല്‍വഴികള്‍ താണ്ടി ഇരട്ടകള്‍ക്ക് സ്വര്‍ണവും വെള്ളിയും

പത്തനംതിട്ട: സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ഇരട്ടകള്‍ക്ക് ജയം. ആരോമലും അമലുമാണ് വള്ളംകുളത്തെ വാടകവീട്ടിലേക്ക് സ്വര്‍ണവും വെള്ളിയും എത്തിക്കുന്നത്.
ജീവിതത്തിന്റെ കനല്‍വഴികള്‍ താണ്ടിയാണ് ഇവരുടെ വിജയം. തിരുവല്ല ദേവസ്വം ബോര്‍ഡ് സ്‌കൂളിലെ ആരോമല്‍ ദേവ് സ്വര്‍ണം നേടിയപ്പോള്‍ അമല്‍ ദേവിനാണ് വെള്ളി.
അമല്‍ കവിയൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിക്കുന്നത്. 14 വര്‍ഷമായി ഇവരുടെ കുടുംബം വള്ളംകുളത്ത് വാടകവീട്ടിലാണ് താമസിക്കുന്നത്. അച്ഛന്‍ ഹരീഷ്‌കുമാര്‍ ചെത്തുതൊഴിലാളിയാണ്.
അമ്മ ഗിരിജ വീട്ടമ്മയും. മക്കളുടെ വിജയമാണ് ഈ കുടുംബത്തിന്റെ ഊര്‍ജം. ഇവര്‍ കായികപാതയില്‍ വിജയം നേടി വീടിന് ആശ്രയം ആകുമെന്നാണ് ഇവരുടെ പ്രതീക്ഷ. സ്വന്തം വീടാണ് ഇവരുടെ സ്വപ്‌നം.
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഇവര്‍ മേളയില്‍ പോള്‍വാള്‍ട്ട് വിജയം നേടുന്നത്. ടെലിവിഷനില്‍ പോള്‍വാള്‍ട്ട് മല്‍സരം കണ്ടിട്ടാണ് ഇവര്‍ ഈ കായികരംഗത്തേക്ക് വരുന്നത്.
വീടിന് പിന്നിലെ കുന്നില്‍ നിന്ന് മുള വെട്ടി കൊണ്ടുവന്ന് കണ്ടത്തില്‍ പിറ്റുണ്ടാക്കി ചാടി. മുളയുടെ വഴക്കം സ്വന്തമാവും വരെ വീണും മുറിഞ്ഞും പോരാട്ടം തുടര്‍ന്നു. ഒടുവില്‍ മുളപോള്‍ ഇവര്‍ക്ക് വഴങ്ങി.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമലിന് മൂന്നാംസ്ഥാനം കിട്ടി. ഒമ്പതില്‍ രണ്ടാംസ്ഥാനം. 10ല്‍ രണ്ടാം സ്ഥാനം. അന്ന് ആരോമലിന് ഒന്നാം സമ്മാനം കിട്ടി.
വള്ളംകുളം നാഷനല്‍ സ്‌കൂളിലെ കായിക അധ്യാപകനായിരുന്ന രമേശാണ് ഈ കായിക വിദ്യയെക്കുറിച്ച് കൂടുതലായി ഇവരെ പഠിപ്പിച്ചത്. ഫൈബര്‍പോള്‍ കിട്ടിയാല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്നാണ് കുട്ടികളുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it