ജീവിതം പ്രവാസമാക്കിയ ഒരാള്‍

എന്‍ പി ചെക്കുട്ടി

ബാബു ഭരദ്വാജിനെ ആദ്യമായി കാണുന്നത് എവിടെ വച്ചാണെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു കഴിഞ്ഞ രാത്രിയില്‍. ബാബു ഇത്രവേഗം കടന്നുപോവുമെന്ന് ഒരിക്കലും എനിക്കു സങ്കല്‍പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം, കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി നിത്യജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു ഈ മനുഷ്യന്‍. അത് ഒരു പോയ കാലത്തിന്റെ ഓര്‍മകളുടെ ഭാഗമായി മാറിപ്പോവുകയാണ്. നിന്നനില്‍പ്പില്‍ ജീവിതം ചരിത്രമായി മാറിപ്പോവുന്ന കാഴ്ച.
എഴുപതുകളില്‍ ഞങ്ങളുടെ തലമുറ എസ്എഫ്‌ഐയിലൂടെയാണു രാഷ്ട്രീയരംഗത്തേക്കു കടന്നുവന്നത്. അന്ന് കോഴിക്കോട്ട് നിന്ന് എസ്എഫ്‌ഐ നേതൃത്വത്തില്‍ രണ്ടു പേരുണ്ടായിരുന്നു- സി പി അബൂബക്കറും ബാബു ഭരദ്വാജും. പക്ഷേ, രണ്ടുപേരും രാഷ്ട്രീയജീവിതത്തിലേക്കു കടക്കാതെ മറ്റു തൊഴില്‍മേഖലകളിലേക്കു പോവുകയായിരുന്നു. സിപി അധ്യാപകനായി; ബാബു പ്രവാസിയും. പക്ഷേ, രണ്ടുപേരും ആ കാലത്ത് പ്രസ്ഥാനത്തിലേക്കു കടന്നുവന്ന യുവാക്കള്‍ക്ക് ആവേശദായകമായ ഒരുപാട് ഓര്‍മകള്‍ പ്രസ്ഥാനത്തിനകത്ത് അവശേഷിപ്പിച്ചുപോയിട്ടുണ്ടായിരുന്നു.
പക്ഷേ, അന്നൊക്കെ ബാബുവിനെക്കുറിച്ചുള്ള കഥകള്‍ മാത്രമാണു ഞാന്‍ കേട്ടത്. ബാബു അപ്പോഴേക്കും സൗദി അറേബ്യയില്‍ പ്രവാസിയായി വിശാലമായ ഒരു ലോകത്തിന്റെ അനുഭവങ്ങള്‍ സ്വന്തം ആത്മാവില്‍ ആവാഹിച്ചെടുക്കുകയായിരുന്നു. സൗദിയില്‍നിന്നുള്ള മടക്കം കടുത്തതും യാതനാനിര്‍ഭരവുമായിരുന്നു. കൈയാമംവച്ച് ബോംബെയിലേക്കുള്ള ഒരു വിമാനത്തില്‍ കയറ്റിവിട്ട കഥ ബാബു പിന്നീട് ഒരവസരത്തില്‍ എന്നോടു പറഞ്ഞു. ബോംബെയില്‍ ഉടുവസ്ത്രം മാത്രമായി വന്നിറങ്ങിയ ബാബുവിന് തുണയായത് അന്നവിടെ ജോലിചെയ്തിരുന്ന ചന്ദ്രേട്ടനാണ്. പിന്നീട്, ചിന്ത ചന്ദ്രന്‍ എന്ന പേരിലാണ് ചന്ദ്രേട്ടന്‍ കേരളത്തില്‍ അറിയപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം ചാത്തുണ്ണി മാഷാണ് ചിന്ത വാരികയായി കോഴിക്കോട്ട് നിന്ന് ആരംഭിച്ചത്. അതു പിന്നീട് ശക്തമായ ഒരു സൈദ്ധാന്തിക പ്രസിദ്ധീകരണമാക്കി വളര്‍ത്തിയെടുത്തത് ചന്ദ്രേട്ടനായിരുന്നു. അദ്ദേഹത്തിന് അതിനു സഹായികളായി രണ്ടു സഖാക്കളെ കോഴിക്കോട്ടു നിന്നാണു കിട്ടിയത്. ചിന്ത രവിയും പിന്നീട് ബാബു ഭരദ്വാജും.
ചിന്തയിലെ പത്രപ്രവര്‍ത്തനം കഴിഞ്ഞ് ബാബു വീണ്ടും കോഴിക്കോട്ടെത്തിയ കാലത്താണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി നേരിട്ടു കാണുന്നത്, 80കളുടെ അവസാനം ഒരു നാളില്‍. അക്കാലത്ത് സിപിഎമ്മിലെ പ്രമുഖ നേതാവായിരുന്ന ചാത്തുണ്ണി മാഷും ദേശാഭിമാനിയുടെ മുന്‍ മാനേജറും എംഎല്‍എയുമൊക്കെയായിരുന്ന പി സി രാഘവന്‍നായരും വേറെ ചില ഇടതുപക്ഷ സഹപ്രവര്‍ത്തകരും ചേര്‍ന്ന് കക്കോടിക്കടുത്ത് മക്കടയില്‍ ഒരു അത്യാധുനിക പ്രിന്റിങ് പ്രസ് സംരംഭം ആരംഭിച്ച കാലം. ഒരു സഹകരണ സംഘമായാണു സ്ഥാപനം തുടങ്ങിയത്. വലിയ പ്രതീക്ഷകളോടെ ആരംഭിച്ച പ്രസ്സിന്റെ ജനറല്‍ മാനേജരായിരുന്നു ബാബു ഭരദ്വാജ്. പക്ഷേ, പ്രസ്സും അച്ചടി സംരംഭങ്ങളും പൊളിഞ്ഞു പാളീസായി. കൊടും കടം മാത്രമായി ഡയറക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും നീക്കിബാക്കി. പിസിയും ചാത്തുണ്ണി മാഷും മരിച്ചതോടെ ഈ ബാധ്യതകളൊക്കെയും ബാബുവിന്റെ തലയിലായി. പിന്നീട് ഒന്നൊന്നര പതിറ്റാണ്ടിനുശേഷം ഞാനും ബാബുവും കൈരളി ചാനലില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന കാലത്ത് ഈ കടബാധ്യതകളില്‍ ഞെരുങ്ങി പലപ്പോഴും ഒരുനേരത്തെ ആഹാരത്തിനുപോലും പണമില്ലാതെ അദ്ദേഹം വിഷമിക്കുന്നത് ഞാന്‍ പലതവണ കണ്ടിട്ടുണ്ട്.
അതൊന്നും പക്ഷേ, ബാബുവിനെ അധികമായി അലട്ടിയതായി തോന്നിയില്ല. ബാബു നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. അനുഭവങ്ങളില്‍നിന്ന് അനുഭവങ്ങളിലേക്ക്, കര്‍മമേഖലകളില്‍നിന്നു കര്‍മമേഖലകളിലേക്ക്. കഥകളില്‍നിന്നു കഥകളിലേക്ക്, എഴുത്തില്‍നിന്നു ദൃശ്യാവിഷ്‌കാരങ്ങളിലേക്ക്. അഭ്രപാളികളുടെയും ടെലിവിഷന്‍ സെറ്റുകളിലെ മായിക വെളിച്ചത്തിന്റെയും ഭ്രമാത്മക പരിസരങ്ങളില്‍നിന്ന് എഴുത്തിന്റെ ഏകാന്ത ലോകങ്ങളിലേക്ക്...
ബാബുവുമായി ഏറ്റവുമധികം അടുത്തതും ഒന്നിച്ച് ഒരുപാടു ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടിയതും 2000ല്‍ കൈരളി ചാനല്‍ തുടങ്ങിയ കാലത്തായിരുന്നു. ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒരു നിര കൈരളിയുടെ തിരുവനന്തപുരത്ത് കുറവന്‍കോണത്തെ ഓഫിസില്‍ എപ്പോഴും കാണാമായിരുന്നു. കെ ആര്‍ മോഹനനും പി ടി കുഞ്ഞുമുഹമ്മദും സി വി ശ്രീരാമനും ചിന്ത രവിയും അവിടെ സ്ഥിരം കഥാപാത്രങ്ങളായിരുന്നു. ചെയര്‍മാന്‍ മമ്മൂട്ടി മിക്ക ദിവസവും ഓഫിസിലെത്തും. അന്തരിച്ചുപോയ മഹാനടന്‍ മുരളിയും വേണു നാഗവള്ളിയും ഒക്കെ അവിടെ വന്നുംപോയുമിരുന്നു. അതിനിടയില്‍ പുതിയൊരു ചാനലിനു വ്യത്യസ്തമായ ഒരു സാംസ്‌കാരിക മുഖം നല്‍കാനുള്ള നിരവധി ചര്‍ച്ചകള്‍ ഓഫിസിലും പുറത്തുമൊക്കെ നടന്നുവന്നു. അതിലൊക്കെയും ബാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. അവിടെ കൈരളി വാര്‍ത്താവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുമായാണു ഞാന്‍ എത്തിപ്പെട്ടത്. കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്ത് ആദ്യമായി പ്രവര്‍ത്തിക്കാനെത്തിയ എനിക്ക് ഈ മഹാരഥന്‍മാരില്‍ പലരുമായും കാര്യമായ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. അന്നൊക്കെ പലരെയും പരിചയപ്പെടുത്തിയതും പ്രയാസമേറിയ സാഹചര്യങ്ങളില്‍ സഹായിച്ചതും തളര്‍ന്നുപോയ അവസരങ്ങളില്‍ ശക്തിനല്‍കിയതും പലപ്പോഴും ബാബുവായിരുന്നു.
ബാബുവിന് വ്യക്തിഗതമായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നിരവധി. കടങ്ങളും പ്രതിസന്ധികളും നിത്യസഹയാത്രികര്‍. പക്ഷേ, അതൊന്നും അദ്ദേഹത്തെ കാര്യമായി അലട്ടിയതായി തോന്നിയില്ല. അന്നത്തെ വിഷമകരമായ പ്രതിസന്ധികളില്‍ പ്രത്യാശയോടെയും പ്രതീക്ഷയോടെയും പ്രവര്‍ത്തനരംഗത്തു തുടരാന്‍ സഹായിച്ചത് ബാബു ഭരദ്വാജിനെ പോലുള്ള സുഹൃത്തുക്കളാണ്.
ബാബു എഴുപതുകളിലെ കാല്‍പനികമായ വിപ്ലവാത്മകതയുടെ സൃഷ്ടിയും അതിന്റെ തന്നെ പ്രതീകവുമായിരുന്നു. അരാജകമായിരുന്നു ജീവിതം. ഈ അരാജകത്വം ഒരുപക്ഷേ, അദ്ദേഹത്തിനു പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാവണം. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ബാബു സ്വന്തം പിതാവിനെക്കുറിച്ചും സംസാരിച്ചിരുന്നു. അച്ഛന്റെ ജീവിതത്തില്‍നിന്ന് അദ്ദേഹത്തിന് അനന്തരമായി പകര്‍ന്നുകിട്ടിയത് സഹജീവികളോടുള്ള ഒടുങ്ങാത്ത സ്‌നേഹവും അരാജകമായ ജീവിതത്തിന്റെ അസ്വസ്ഥമായ പരക്കംപാച്ചിലും ആയിരിക്കണം. മറ്റൊന്നുകൂടിയുണ്ട്. പലപ്പോഴും രാത്രികാലങ്ങളില്‍ പുഴയില്‍ മീന്‍പിടിക്കാന്‍ പോയി പിടയുന്ന മീനുമായി കയറിവരുന്ന ഭിഷഗ്വരനായ അച്ഛന്റെ മല്‍സ്യപ്രേമം. ബാബുവിനോടൊത്ത് ഭക്ഷണം കഴിക്കാനിരുന്നാല്‍ ആരും ശ്രദ്ധിച്ചുപോവുക ബാബു മീന്‍ കഴിക്കുന്നതിന്റെ കാവ്യാത്മകമായ ഒരു ചാരുതയാണ്. മല്‍സ്യം അദ്ദേഹത്തിന് അത്രമേല്‍ ഇഷ്ടമായിരുന്നു. കാമുകന്‍ പ്രാണപ്രേയസിയെ ആത്മാവിലേക്ക് അടുപ്പിക്കുന്ന അതേ സ്‌നേഹ പാരവശ്യത്തോടെയാണ് ബാബു ഭരദ്വാജ് വറുത്ത മല്‍സ്യത്തെ സ്വന്തം ഉള്ളകങ്ങളിലേക്ക് ആവാഹിക്കുന്നത്.
ബാബു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചപ്പോഴും നിരന്തരം സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒന്നു രണ്ടു വര്‍ഷം മുമ്പ് അമേരിക്കയിലുള്ള മകളുടെ അടുത്ത് ഭാര്യാസമേതം അദ്ദേഹം പോയിരുന്നു. നിരവധി മാസങ്ങള്‍ അവിടെ കഴിഞ്ഞാണ് അദ്ദേഹം വീണ്ടും കോഴിക്കോട്ടെ വീട്ടിലേക്കു തിരിച്ചെത്തിയത്. അവിടെനിന്ന് ബാബു വിളിച്ച് നാട്ടിലെ കഥകളും രാഷ്ട്രീയവും ഒക്കെ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്കു പേടിയായി. അമേരിക്കയില്‍നിന്നുള്ള വിളിയല്ലേ? ഇത്രയധികം നേരം സംസാരിക്കാന്‍ എവിടെനിന്നാണു പണം? പക്ഷേ, ബാബുവിന് സംസാരവും രാഷ്ട്രീയവും സൗഹൃദവും ഒക്കെ എല്ലാവിധ പരിമിതികള്‍ക്കും അതീതമായ വൈകാരികാനുഭവങ്ങളായിരുന്നു.
മലയാളിയുടെ വായനയ്ക്ക് പുതിയൊരു ഭാവുകത്വം നല്‍കിയ എഴുത്തുകാരന്‍. അദ്ദേഹം എഴുതിയതില്‍ മിക്കതും സ്വന്തം ജീവിതത്തിന്റെ അനുഭവങ്ങളില്‍നിന്നുള്ള ഏടുകളായിരുന്നു. പ്രവാസിയുടെ കഥകളിലെ പല കഥകളും കഥകള്‍ക്കു പിന്നിലെ കഥകളും ബാബുവുമായി പങ്കിട്ട നിരവധി രാത്രികളില്‍ അദ്ദേഹം കേള്‍വിക്കാരായ ഞങ്ങള്‍ക്കു പറഞ്ഞുതരുകയുണ്ടായി. എഴുതാന്‍ അനുഭവങ്ങളുടെ ഒരു മഹാപ്രപഞ്ചം തന്നെ ബാക്കിവച്ചാണ് ബാബു ഭരദ്വാജ് എന്ന പ്രിയസ്‌നേഹിതന്‍ യാത്രയായത് എന്നു തീര്‍ച്ച.
Next Story

RELATED STORIES

Share it