ജീവന്‍രക്ഷാ മരുന്നിന്റെ വിലവര്‍ധന: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ആസ്ത്മയ്ക്കും കടുത്ത ശ്വാസംമുട്ടലിനും വ്യാപകമായി ഉപയോഗിക്കുന്ന മരുന്നിന് എട്ടുമാസത്തിനിടെ പത്തിരട്ടി വില കൂട്ടിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി കേസെടുത്തു. മനുഷ്യാവകാശ പ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണു നടപടി.
ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡ്രഗ്‌സ് കണ്‍ട്രോളറും മാര്‍ച്ച് 10നകം വിശദീകരണം സമര്‍പ്പിക്കണം. കേസ് മാര്‍ച്ച് 23ന് പരിഗണിക്കും. മുംബൈയിലെ സെന്‍ടോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന സാല്‍ബ്യൂട്ടോമോള്‍ സള്‍ഫേറ്റിന്റെ വിലയാണു വര്‍ധിപ്പിച്ചത്. നിയന്ത്രണപ്പട്ടികയിലുള്ള ഔഷധങ്ങള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ അംഗീകാരത്തോടു കൂടി വിലയില്‍ പരമാവധി 10 ശതമാനം മാത്രമേ കൂട്ടാനാവൂ എന്നാണു നിയമം. കഴിഞ്ഞ മെയില്‍ നിര്‍മിച്ചെന്നു രേഖപ്പെടുത്തിയ മരുന്നിന് ഒരു പായ്ക്കറ്റിന് വെറും 4.71 രൂപയായിരുന്നു വില. എന്നാല്‍, ഡിസംബറില്‍ ഉല്‍പാദിപ്പിച്ച മരുന്നിന്റെ വില 42 രൂപയാണ്.
വില കൂട്ടിയപ്പോള്‍ പേര് അല്‍ബുട്ടാമോള്‍ പ്ലസ് എന്നു ഭേദഗതി ചെയ്തിട്ടുണ്ട്. മരുന്നിന്റെ ചേരുവകളിലോ പായ്ക്കറ്റിന്റെ കാഴ്ചയിലോ കാര്യമായ വ്യത്യാസങ്ങളില്ല.
Next Story

RELATED STORIES

Share it