ജീവനെടുത്ത് ആനക്കലി; ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 4 പാപ്പാന്‍മാര്‍

പി പി ഷിയാസ്

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന മീനച്ചൂടില്‍ ആനകള്‍ ഇടയാന്‍ കാരണം വേണ്ടത്ര പരിചരണവും വിശ്രമവും ലഭിക്കാത്തതുമൂലം. ഇതോടൊപ്പം നിയമങ്ങള്‍ പാലിക്കുന്നതിലെ അലംഭാവവും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.
ഒരാഴ്ചയ്ക്കിടെ കേരളത്തി ല്‍ ഇടഞ്ഞ ആനകളുടെ പരാക്രമത്തിനുമുന്നില്‍ ബലിയാടായത് 4 പാപ്പാന്‍മാരാണ്. ഇതില്‍ ഈ മാസം അഞ്ചിന് തിരുവനന്തപുരം തൃക്കണ്ണാപുരത്ത് കരമനയാറ്റിലെ ആലുംമൂട്ടില്‍ കടവില്‍ കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ് പാപ്പാനെ വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിക്കൊന്ന ആന മുമ്പ് മൂന്ന് പാപ്പാന്‍മാരുടെ ജീവനെടുത്തതാണ്.
മുമ്പ് കോട്ടയത്ത് രണ്ടും കൊല്ലത്ത് ഒരാളെയുമാണ് ഈ ആന കൊന്നിട്ടുള്ളത്. 75 വയസ്സാണ് ഈ ആനയുടെ പ്രായം. 66 വയസ്സ് കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ പരിപാലനകേന്ദ്രത്തിലേക്കു മാറ്റണമെന്നിരിക്കെയാണു പ്രായാധിക്യമുള്ള ആനയെക്കൊണ്ട് ജോലിയെടുപ്പിച്ചിരുന്നത്.
കഴിഞ്ഞദിവസം കോട്ടയം കറുകച്ചാല്‍ ചമ്പക്കരയില്‍ തടിപിടിക്കാനെത്തി രണ്ടു പാപ്പാന്‍മാരെ കുത്തിക്കൊന്ന ആന വികലാംഗനായിരുന്നു. വലതു മുന്‍കാലിന് ഇടതു മുന്‍കാലിനേക്കാള്‍ നീളം കുറവായ ആനയാണ് രണ്ടു മണിക്കൂറോളം നാടിനെ മുള്‍മുനയില്‍നിര്‍ത്തി പാപ്പാന്‍മാരുടെ ജീവനെടുത്തത്. ചെവി, തുമ്പിക്കൈ, വാല്‍ എന്നിവ ആടാത്ത ആനകള്‍ വികലാംഗരാണെന്നും ഇവയെ പൊതു ഇടങ്ങളില്‍ കൊണ്ടുവരാന്‍ പാടില്ലെന്നും ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സംസ്ഥാന സെക്രട്ടറി വി കെ വെങ്കിടാചലം പറഞ്ഞു. കഴിഞ്ഞമാസം 29ന് മലപ്പുറം പുലാമന്തോളില്‍ ആലഞ്ചേരി പൂരത്തിനിടെ ഇടഞ്ഞ് പാപ്പാനെ കുത്തിക്കൊന്ന വടക്കുംനാഥന്‍ ഗണപതി എന്ന ആനയെ ഇപ്പോഴത്തെ ഉടമ സ്വന്തമാക്കിയ ശേഷം 6 മാസത്തേക്ക് കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ആദ്യ എഴുന്നള്ളിപ്പിനുതന്നെയായിരുന്നു ഏഴുമണിക്കൂര്‍ നീണ്ട പരാക്രമവും ചോരക്കലിയും.
മാര്‍ച്ച് രണ്ടാംവാരം വരെ 4 പാപ്പാന്‍മാരെ കൂടി ആനകള്‍ കൊന്നിട്ടുണ്ട്. ജനുവരി രണ്ടാംവാരം കൊല്ലം ശക്തികുളങ്ങരയില്‍ പാപ്പാനെ കൊന്ന കുടുമണ്‍ ശിവശങ്കരന്‍ എന്ന ആന മുമ്പ് മൂന്നുപേരെ കൊന്നവനാണ്. 69 വയസ്സുള്ള ഈ ആനയ്ക്ക് കണ്ണു കാണില്ല. ജനുവരി മൂന്നാം ആഴ്ച കൊല്ലം, ഫെബ്രുവരി ആദ്യവാരം പാലക്കാട്, മാര്‍ച്ച് രണ്ടാംവാരം തൃശൂര്‍ തൈക്കാട്ടുശേരി എന്നിവിടങ്ങളിലാണ് ആനകള്‍ പാപ്പാന്‍മാരുടെ ജീവനെടുത്തത്.
ഉല്‍സവപ്പറമ്പിലും തടിപിടിക്കാനും മറ്റുമായി ആനകളെ കൊണ്ടുവരുമ്പോള്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് പ്രൊട്ടക്ഷന്‍ ഓഫ് ക്രുവല്‍റ്റി റ്റു ആനിമല്‍ (എസ്പിസിഎ) എലിഫന്റ് സ്‌ക്വാഡ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ് റജു പറയുന്നു. വെള്ളവും ഭക്ഷണവും ആവശ്യത്തിനു വിശ്രമവും ആനകള്‍ക്കു ലഭിക്കാറില്ല. ഇതോടൊപ്പം പാപ്പാന്‍മാരുടെ പരിചയക്കുറവു കാരണം ശരിയായ പരിചരണവും ലഭിക്കാറില്ല.
ആനയുടെ ശരീരം കറുത്ത പ്രതലം ആയതിനാല്‍ ചൂട് പെട്ടെന്ന് ആഗിരണം ചെയ്യും. വിയര്‍പ്പ് ഗ്രന്ഥിയില്ലാത്ത ഉഷ്ണരക്തമുള്ള ജീവി ആയതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ കൊടുത്തും ദേഹത്ത് ഒഴിച്ചുകൊടുത്തും പരിചരിക്കേണ്ടത് അത്യാവശ്യമാണ്. വേണ്ടത്ര വെള്ളം ലഭിക്കാത്തതിനാലാണ് ഇപ്പോഴത്തെ പരാക്രമങ്ങള്‍ക്ക് കാരണമെന്നാണു വിലയിരുത്തല്‍. ഒപ്പം പീഡനവും അവയെ വലയ്ക്കുന്നു. വെള്ളം കുടിക്കാന്‍ കൊടുക്കുന്നതോടൊപ്പം ആനകളുടെ കാലിനടിയില്‍ നനഞ്ഞ ചാക്ക് ഇട്ടുകൊടുക്കുകയും അടിക്കടി ദേഹത്ത് വെള്ളം ചീറ്റുകയും വേണം.
ചൂടുകാലത്ത് ആനയ്ക്ക് വെള്ളത്തില്‍ നില്‍ക്കാന്‍ ഇഷ്ടമാണ്. അത് മനസ്സിലാക്കാതെ ആനകളെ വേഗം കരയ്ക്കുകയറ്റുന്നതാണ് അവയെ പ്രകോപിപ്പിക്കാന്‍ കാരണം. ഏപ്രില്‍ മുതലാണ് ആനയുടെ മദപ്പാട് സമയം. എന്നാല്‍ മദപ്പാട് നീട്ടാന്‍ പല പാപ്പാന്‍മാരും വെള്ളത്തിന്റെ അളവ് കുറയ്ക്കും. അത് ആനകളില്‍ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാക്കും. പുലാമന്തോളില്‍ കൊലയാളിയായ ആന പരാക്രമത്തിനിടെ വിവിധയിടങ്ങളില്‍നിന്ന് 850 ലിറ്റര്‍ വെള്ളംകുടിച്ചിരുന്നത്രെ. ആവശ്യത്തിന് വെള്ളം കൊടുക്കാതിരുന്നതാണ് ഇടയാന്‍ കാരണമെന്ന് പറയപ്പെടുന്നു.
രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ലെന്നാണ് സുപ്രിംകോടതി നിര്‍ദേശമെങ്കിലും പാപ്പാന്‍മാര്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാറില്ല.
Next Story

RELATED STORIES

Share it