ജീവനു ഭീഷണിയുണ്ടെന്ന് രോഹിത് വെമുലയുടെ കുടുംബം

തിരുവനന്തപുരം: ജീവന് ഭീഷണിയുണ്ടെന്ന് രോഹിത് വെമുലയുടെ കുടുംബം. രോഹിതിന്റെ മരണത്തിന് ഉത്തരവാദി ബിജെപി സര്‍ക്കാരാണ്. ക്രിമിനല്‍ നടപടികളില്‍ നിന്നു രക്ഷപ്പെടുന്നതിന് വേണ്ടിയാണ് രോഹിത് ദലിതനല്ലെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി നയിച്ച കേരള യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാനാണ് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, സഹോദരന്‍ രാജ വെമുല, സമരം ചെയ്യുന്ന വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ തിരുവനന്തപുരത്ത് എത്തിയത്.
അവനെ ഞാന്‍ പഠിക്കാനായി കോളജിലേക്കയച്ചു. ബിജെപി സര്‍ക്കാര്‍ അവന്റെ മൃതദേഹമാണ് തിരിച്ചയച്ചത്- അമ്മ രാധിക വെമുല പറഞ്ഞു. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് സഹോദരന്‍ രാജ വെമുല പറഞ്ഞു. ദലിത് മൂവ്‌മെന്റുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ സമരത്തിനെ തീവ്രവാദമായി മുദ്രകുത്തിയാണ് രോഹിതിനെയും തങ്ങളെയും പീഡിപ്പിച്ചിരുന്നതെന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നു പുറത്താക്കിയ സുംഗണ്ണ വേല്‍പ്പുള്ള പറഞ്ഞു. സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയ, സ്മൃതി ഇറാനി എന്നിവര്‍ പ്രതികളാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ സമരം തുടരും. നീതിക്കു വേണ്ടി ഈ മാസം 23ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ജനനം തന്നെ ഏറ്റവും വലിയ അപരാധമെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയ രോഹിത് ദലിതനായിരുന്നില്ലെന്ന നുണക്കഥ പ്രചരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീഷണി കാരണം ദിവസങ്ങളോളം ഒളിച്ച് കഴിയേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. നീതി ലഭിക്കുംവരെ നിയമപരവും ജന കീയവുമായ പോരാട്ടം തുടരും. കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഇക്കാര്യം വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്തതില്‍ നന്ദിയുണ്ട്. അതുപോലെ കേരളീയ സമൂഹം ഞങ്ങളുടെ പ്രശ്‌നങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രോഹിതിന്റെ കുടുംബം ഇന്നലെ രാവിലെ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുസ്‌ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
Next Story

RELATED STORIES

Share it