ജീവനാംശം നാണയമായി നല്‍കി ഭര്‍ത്താവിന്റെ പ്രതിഷേധം

അഹ്മദാബാദ്: വിവാഹബന്ധം വേര്‍പെടുത്തിയ ഭാര്യക്ക് കോടതി നല്‍കണമെന്നു നിര്‍ദേശിച്ച ജീവനാംശ തുക നാണയമായി കൊടുത്ത് ഭര്‍ത്താവിന്റെ പ്രതിഷേധം. കഴിഞ്ഞദിവസം അഹ്മദാബാദിലെ കുടുംബകോടതിയിലാണ് ആശ്ചര്യജനകമായ സംഭവം. പൃഥ്വി പ്രജാപതി നാണയം നിറച്ച ചാക്ക് തോളിലേറ്റിയാണു കോടതിയിലെത്തിയത്. ഭാര്യ റമിലാബെന്നിന്റെ മുമ്പില്‍ ചാക്കിറക്കിവച്ച് എണ്ണിനോക്കാന്‍ പറഞ്ഞു. തന്നെ മാനംകെടുത്തുകയാണു പ്രജാപതിയുടെ ലക്ഷ്യമെന്നു മനസ്സിലാക്കിയ റമിലാബെന്‍ വിട്ടുകൊടുത്തില്ല. അവിടെവച്ച് എണ്ണാതെ ചാക്കുമായി സ്ഥലംവിട്ടു. എന്തായിരുന്നു പ്രജാപതിയുടെ ഉള്ളിലിരിപ്പെന്നു തനിക്കറിയില്ലെന്ന് അയാളുടെ അഭിഭാഷകന്‍ പ്രഗ്‌ന വ്യാസ് പറഞ്ഞു. പ്രതിമാസം 1500 രൂപ റമിലാബെന്നിന് നല്‍കണമെന്നായിരുന്നു കോടതി വിധി. ഇതുവരെ ഉത്തരവു പാലിക്കാതിരുന്ന പ്രജാപതി ബുധനാഴ്ചയാണ് കാശ് മൊത്തമായി കൊണ്ടുവന്നത്.
ദാമ്പത്യജീവിതം വഷളായതിനെത്തുടര്‍ന്ന് പ്രജാപതിയും റമിലാബെന്നും 2011 മുതലാണ് മാറിത്താമസിക്കാന്‍ തുടങ്ങിയത്. ജീവനാംശം നല്‍കാന്‍ തനിക്കു കഴിവില്ലെന്നു വാദിച്ച പ്രജാപതിക്ക് സ്വന്തമായി കടയുണ്ടെന്ന് റമിലാബെന്‍ കുടുംബകോടതിയെ ബോധിപ്പിച്ചു. എന്നാല്‍ താന്‍ തൊഴിലാളി മാത്രമാണെന്ന പ്രജാപതിയുടെ വാദം കണക്കിലെടുത്ത കോടതി പ്രതിമാസം 1500 രൂപ റമിലാബെന്നിന് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it