ജീവനക്കാരെ പകുതിയായി കുറച്ചു: ടെഹല്‍ക്കയില്‍ പ്രതിസന്ധി രൂക്ഷം; ജീവനക്കാര്‍ ലേബര്‍ കമ്മീഷനില്‍

ന്യൂഡല്‍ഹി: ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ടും ജോലി രാജിവയ്ക്കാന്‍ പ്രേരിപ്പിക്കുന്ന മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചും ജീവനക്കാര്‍ പ്രക്ഷോഭത്തിനിറങ്ങിയതോടെ ടെഹല്‍ക മാഗസിനില്‍ പ്രതിസന്ധി രൂക്ഷമായി.
ജീവനക്കാരെ കുറയ്ക്കാനുള്ള മാനേജ്‌മെന്റ് നടപടിയെത്തുടര്‍ന്ന് ഇരുപതിലധികം പേ ര്‍ മാഗസിന്റെ ഇംഗ്ലീഷ് പതിപ്പില്‍ നിന്നു പുറത്തായി. ജീവനക്കാരുടെ എണ്ണം ഇപ്പോള്‍ പകുതിയായി ചുരുങ്ങിയിട്ടുണ്ട്. വാരിക ദൈ്വവാരികയാക്കി മാറ്റിയിരിക്കുകയാണ്. ശമ്പളം മൂന്നുമാസം വൈകിയാണിപ്പോള്‍ വിതരണം ചെയ്യുന്നത്. 43 ജീവനക്കാരില്‍ 20 പേര്‍ മാത്രമേ നെഹ്‌റു പ്ലേസിലുള്ള ഓഫിസില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്നാണ് മാനേജ്‌മെന്റ് നിര്‍ദേശം. പ്രവേശനയോഗ്യരായ ജീവനക്കാരുടെ പേരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിരിച്ചുവിടല്‍ നേരിടുകയോ രാജിവയ്ക്കുകയോ ചെയ്യാത്തവരാണ് മറ്റുള്ളവര്‍. സര്‍ക്കാരിനും ബിജെപിക്കുമെതിരേ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാനേജ്‌മെന്റ് നിര്‍ദേശിച്ചതായി എഡിറ്റോറിയല്‍ വിഭാഗത്തിലെ ചില മുതിര്‍ന്ന ജീവനക്കാര്‍ ആരോപിച്ചു. മാനേജ്‌മെന്റിന്റെ ഈ നിലപാടില്‍ നിരാശരായി അവര്‍ ഡല്‍ഹി ലേബര്‍ കമ്മീഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ അറസ്റ്റിലായശേഷം മാത്യു സാമുവല്‍ മാനേജിങ് എഡിറ്ററായി ചാര്‍ജെടുത്തിരുന്നു. തേജ്പാലിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ ശമ്പളം വൈകിയത് ജീവനക്കാര്‍ അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍, 2015ല്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് രണ്ടും മൂന്നും മാസം കഴിഞ്ഞാണ് ശമ്പളം കിട്ടിത്തുടങ്ങിയത്.
മാനേജിങ് എഡിറ്റര്‍ സാമുവല്‍ നിരവധി തവണ ഉറപ്പുനല്‍കിയിരുന്നെങ്കിലും ശമ്പളക്കാര്യത്തില്‍ യാതൊരു മാറ്റവും ഉണ്ടായില്ല. ഡിസംബറില്‍ അദ്ദേഹം ടെഹല്‍ക്ക വിടുകയും ചെയ്തു. ജനുവരിയില്‍ ദൈ്വവാരികയാക്കാനുള്ള തീരുമാനമെടുത്തത് എഡിറ്റോറിയല്‍ ജീവനക്കാരെയോ മുതിര്‍ന്ന പത്രപ്രവര്‍ത്തകരെയോ അറിയിക്കാതെയായിരുന്നു. ഏതാനുംനാള്‍ കഴിഞ്ഞ് സുഷീത സെഹ്ഗാള്‍ സിഇഒയായി അധികാരമേറ്റതും ജീവനക്കാര്‍ പിന്നീടാണറിഞ്ഞത്. എഡിറ്റോറിയല്‍ ജീവനക്കാര്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ നിരവധി തവണ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റിനു കത്തെഴുതിയിരുന്നു. ശമ്പളക്കുടിശ്ശിക ആവശ്യപ്പെടുന്നവര്‍ രാജിവച്ചൊഴിയുകയാണു നല്ലതെന്നായിരുന്നു മാനേജ്‌മെന്റിന്റെ സമീപനം.
ശമ്പളക്കുടിശ്ശിക അനുവദിക്കാന്‍ കമ്പനിക്കു സാധ്യമല്ല എന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഈ സാഹചര്യത്തിലാണ് മൂന്നു മാസത്തെ ശമ്പളക്കുടിശ്ശിക വരുത്തിയതിനും രാജിക്കു പ്രേരിപ്പിക്കുന്നതിനും കരാര്‍ ലംഘനങ്ങള്‍ക്കും ഓഫിസില്‍ പ്രവേശിക്കല്‍ വിലക്കിയതിനും ഭരണ കെടുകാര്യസ്ഥതയ്ക്കും എതിരേ ജീവനക്കാര്‍ ഡല്‍ഹി ലേബര്‍ കമ്മീഷണറെ സമീപിച്ചത്.
Next Story

RELATED STORIES

Share it