kannur local

ജീവനക്കാരെ നിയമിച്ചില്ല; തലായി തീരദേശ പോലിസ് സ്‌റ്റേഷന്‍ ഉദ്ഘാടനം വൈകുന്നു

തലശ്ശേരി: കടല്‍സുരക്ഷ ഉറപ്പാക്കാന്‍ തലായി മാക്കൂട്ടത്ത് പണിത തീരദേശ പോലിസ് സ്‌റ്റേഷന്‍ ഉദ്ഘാടനത്തിനു മുമ്പെ വിവാദത്തില്‍. മുബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേരളതീരങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ തീരദേശ പോലിസ് സ്‌റ്റേഷനുകള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തത്. ഇതില്‍ ജില്ലയില്‍ആദ്യത്തേത് അഴീക്കലില്‍ പ്രവര്‍ത്തനം തുടങ്ങി.
തലായിയില്‍ രണ്ടാമത്തെ സ്റ്റേഷന്റെ നിര്‍മാണത്തിന്റെ നടപടിക്രമങ്ങള്‍ 2013ലാണ് ആരംഭിച്ചത്. ഇതിനായി ഫിഷറീസ് വകുപ്പിനു കീഴിലുള്ള 25 സെന്റ് സ്ഥലം വിട്ടുനല്‍കി. ഫിബ്രുവരി 29ന് തലശ്ശേരി തഹസില്‍ദാര്‍ കെ സുബൈറില്‍നിന്ന് അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരി രേഖകള്‍ ഏറ്റുവാങ്ങി. ആഗസ്തില്‍ കെട്ടിടനിര്‍മാണം ആരംഭിച്ചു. എന്നാല്‍, അടിത്തറ ഒരുക്കുന്നതിനിടയില്‍ എതിര്‍പ്പുമായി സ്ഥലവാസികളായ മല്‍സ്യത്തൊഴിലാളികള്‍ എത്തി. മല്‍സ്യ ഷെഡുകള്‍ ഉള്ള സ്ഥലം പോലിസ് സ്‌റ്റേഷനുവേണ്ടി വിട്ടുനല്‍കില്ലെന്നായിരുന്നു ഇവരുടെ വാദം. ഷെഡുകള്‍ അനധികൃതമാണെന്ന് തെളിഞ്ഞതോടെ പ്രതിഷേധക്കാര്‍ പിന്‍മാറി. ഇതിനിടെ, വഴിസ്ഥലത്തെച്ചൊല്ലി ഇവിടത്തെ 30ഓളം കുടുംബങ്ങള്‍ വീണ്ടും രംഗത്തെത്തി. ഇവര്‍ക്കായി മൂന്നടി വിട്ടുനല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. കടമ്പകള്‍ ഓരോന്നായി കടന്ന് 2015 ഫെബ്രുവരിയില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി.
ഇതിനകം 41 ലക്ഷം ചെലവഴിച്ചെന്നാണു കണക്ക്. 2015 ഏപ്രിലില്‍ കെട്ടിടം സര്‍ക്കാരിനു കൈമാറി. എന്നാല്‍, ഉദ്ഘാടനം അനന്തമായി നീളുകയാണ്. ജീവനക്കാരെ നിയമിക്കാത്തതും കടലില്‍ പട്രോളിങ് നടത്താനാവാശ്യമായ ഇന്റര്‍സെപ്റ്റര്‍ ബോട്ട് ഉള്‍പ്പെടെയുള്ളവ അനുവദിക്കാത്തതുമാണ് ഉദ്ഘാടനം വൈകുന്നത്. ഇതിനിടെ, ദേശീയപാതയില്‍നിന്ന് കടലോരത്തുള്ള 38ഓളം വീടുകളിലേക്ക് പോവാനുള്ള വഴി പോലിസ് സ്‌റ്റേഷനായി കൈയേറിയെന്നാരോപിച്ച് ഏതാനും വീട്ടുകാര്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it