ജീവനക്കാരുടെ സ്ഥലംമാറ്റം: മനുഷ്യത്വരഹിത നടപടിയുണ്ടെങ്കില്‍ തിരുത്തും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെ മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റുന്നുവെന്ന ആരോപണവുമായി നിയമസഭയില്‍ പ്രതിപക്ഷം. രോഗികളായ ജീവനക്കാരെ ഉള്‍പ്പെടെ രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ സ്ഥലംമാറ്റുന്നു എന്നാരോപിച്ച് പി ടി തോമസാണ് അടിയന്തരപ്രമേയത്തിനു അവതരണാനുമതി തേടിയത്. ഇക്കാര്യത്തില്‍ മനുഷ്യത്വരഹിതമായ നടപടിയുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നു നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ജീവനക്കാരെന്നതു സര്‍ക്കാരിന്റെ ഭാഗമാണ്. എല്ലാ ജീവനക്കാരെയും ഒരേ കണ്ണില്‍ കാണുന്നുവെന്ന നയമാണുള്ളത്. പ്രതികാരമനോഭാവത്തോടെ പെരുമാറില്ല. സ്ഥലംമാറ്റം സംബന്ധിച്ച വിഷയത്തില്‍ ജീവനക്കാരുടെ സംഘടനാപ്രതിനിധികള്‍ തന്നെ കണ്ടിരുന്നു. അവരോട് ഇക്കാര്യം വ്യക്തമാക്കിയതാണ്. സ്ഥലംമാറ്റത്തില്‍ പക്ഷപാതരഹിതമായേ നടപടി ഉണ്ടാവൂ. ഏതെങ്കിലും തരത്തില്‍ മനുഷ്യത്വരഹിത നടപടിയുണ്ടായെങ്കില്‍ ചര്‍ച്ചചെയ്തു പരിഹാരമുണ്ടാക്കും. ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. സെക്രട്ടേറിയറ്റിലെ 4,000 ജീവനക്കാരില്‍ 50ഓളം പേര്‍ക്കു മാത്രമാണു സ്ഥലംമാറ്റമുണ്ടായത്. മന്ത്രിമാരുടെ സ്റ്റാഫിലേക്കും മറ്റും ജീവനക്കാര്‍ ഡെപ്യൂട്ടേഷനില്‍ പോവുമ്പോഴും വിരമിക്കലുണ്ടാവുമ്പോഴും സ്ഥലംമാറ്റുക സ്വാഭാവികമാണ്. സംസ്ഥാനത്ത് അഞ്ചരലക്ഷം ജീവനക്കാരാണുള്ളത്. സെക്രട്ടേറിയറ്റില്‍ നിന്ന് ഒരു സ്‌പെഷ്യല്‍ സെക്രട്ടറിയെ മാറ്റിയാല്‍ ഏഴു തട്ടിലായി 14 പേര്‍ക്കു സ്ഥാനചലനമുണ്ടാവും. സ്ഥാനക്കയറ്റം നല്‍കുന്നതിന് അനുസരിച്ചും മാറ്റമുണ്ടാവുമെന്നും പിണറായി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. അതേസമയം, രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ 3000ത്തിലധികം ജീവനക്കാരെ മാനദണ്ഡങ്ങള്‍ ലംഘിച്ചു സ്ഥലംമാറ്റിയെന്ന് നോട്ടീസ് അവതരിപ്പിച്ച പി ടി തോമസ് കുറ്റപ്പെടുത്തി. വൃക്ക, അര്‍ബുദ, ഹൃദ്രോഗികളെ അടക്കം സ്ഥലംമാറ്റി. ഐസിയുവില്‍ കിടക്കുന്ന രോഗിയുടെ ഓക്‌സിജനെടുത്തുമാറ്റുന്ന നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. മനുഷ്യത്വരഹിതമായ ഈ നടപടി പിന്‍വലിച്ച് നീതിയുടെ ഭാഗത്തുനില്‍ക്കുന്ന മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നു തെളിയിക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.
രാഷ്ട്രീയപ്രേരിതമായി സ്ഥലംമാറ്റം നടക്കുന്നുണ്ടെന്നും ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും പ്രതിപക്ഷനേതാവ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഭരണമാറ്റത്തെ തുടര്‍ന്നു ജീവനക്കാരെ അനാവശ്യമായി സ്ഥലംമാറ്റുന്നത് സിവില്‍ സര്‍വീസ് രംഗത്തു പ്രതിസന്ധി സൃഷ്ടിക്കും.
സെക്രട്ടേറിയറ്റില്‍ നിന്നുതന്നെ 100ലധികം ജീവനക്കാരെയാണു മാറ്റിയത്. സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞുപിടിച്ച് മാറ്റി. തെറ്റായ നടപടിയുണ്ടായെങ്കില്‍ തിരുത്താമെന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍ വിശ്വാസമര്‍പ്പിച്ച് വാക്കൗട്ട് നടത്തുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it