Thrissur

ജീവനക്കാരുടെ സ്ഥലംമാറ്റം; കോര്‍പറേഷന്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ സംഘര്‍ഷം

തൃശൂര്‍: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. ഭരണ സ്തംഭനം ആരോപിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയതോടെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ബഹളമയമായി. ബഹളത്തിനിടയില്‍ അജണ്ട മുഴുവന്‍ വായിച്ച് പാസാക്കി മേയര്‍ അജിത ജയരാജന്‍ യോഗം പിരിച്ചു വിട്ടു. ഇതിനിടെ പ്രതിപക്ഷ ബഹളത്തെ എതിര്‍ക്കാനെത്തിയ ഭരണപക്ഷ അംഗങ്ങളുമായി പ്രതിപക്ഷാംഗങ്ങള്‍ നടത്തിയ തര്‍ക്കം കൈയാങ്കളിയുടെ വക്കിലെത്തിയെങ്കിലും മറ്റംഗങ്ങള്‍ ഇടപ്പെട്ട് രംഗം ശാന്തമാക്കി.
ഭരണവും വികസന പ്രവര്‍ത്തനങ്ങളും നടത്തിന്നില്ലെന്നും സ്ഥലം മാറ്റം മാത്രമേ നടക്കുന്നുള്ളൂവെന്നും ആരോപിച്ച് കൗണ്‍സില്‍ യോഗം തുടങ്ങിയ ഉടനെ പ്രതിപക്ഷ നേതാവ് എം കെ മുകുന്ദന്‍ എഴുന്നേറ്റു. ഇതില്‍ പ്രതിഷേധിച്ച് തങ്ങള്‍ കുത്തിയിരിപ്പ് നടത്തുകയാണെന്നു പറഞ്ഞ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയറുടെ കസേരയ്ക്കു മുന്നിലെത്തി മുദ്രാവാക്യം മുഴക്കി. ബഹളത്തിനിടയിലും അജണ്ട വായിക്കലും പാസാക്കുകയും ചെയ്തുകൊണ്ടിരുന്നതോടെ പ്രതിപക്ഷാംഗങ്ങള്‍ കൂടുതല്‍ ബഹളം വച്ചു.
ഭരണസ്തംഭനവും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും ചര്‍ച്ച ചെയ്തശേഷം അജണ്ടയുമായി മുന്നോട്ടു പോയാല്‍ മതിയെന്നാവശ്യപ്പെട്ട് അജണ്ട വായിക്കുന്നത് തടയാന്‍ ശ്രമിച്ചതോടെ ഭരണപക്ഷത്തെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരെ തടഞ്ഞു. ഇത് വാക്കു തര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായി. ഇതിനിടെ അജണ്ട വായിക്കുന്നത് കേള്‍ക്കാതിരിക്കാന്‍ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു.
എന്നാല്‍ മേയര്‍ അജണ്ട മുഴുവന്‍ വായിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അജണ്ട വായിക്കുന്നത് നിറുത്തണണെന്നാവശ്യപ്പെട്ട് ബിജെപിയംഗങ്ങളും എഴുന്നേറ്റെങ്കിലും ഭരണപക്ഷം ഇതംഗീകരിച്ചില്ല. തുടര്‍ന്ന് നിമിഷങ്ങള്‍ക്കം 98 അജണ്ടകളും വായിച്ച് പാസാക്കിയതായി പ്രഖ്യാപിച്ചു. കൗണ്‍സില്‍ പിരിച്ചു വിട്ട് മേയര്‍ പുറത്തിറങ്ങിയ ഉടന്‍ സിപിഎമ്മിലെ സതീഷ് ചന്ദ്രനും കോണ്‍ഗ്രസിലെ എം പ്രസാദും തമ്മില്‍ നടന്ന വാക്കേറ്റവും കൈയാങ്കളിയുടെ വക്കിലെത്തി. തുടര്‍ന്ന് മറ്റംഗങ്ങള്‍ ഉടപ്പെട്ടാണ് ഇവരെ മാറ്റി . കുത്തിയിരുന്ന മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് അംഗങ്ങളുടെ അടുത്തെത്തി ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രതിപക്ഷം പിന്തിരിയാന്‍ തയ്യാറായില്ല.
തുടര്‍ന്ന് ഡെപ്യൂട്ടി ഭരണം അവസാനിപ്പിക്കുക, മേയര്‍ നീതി പാലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ കുത്തിയിരിപ്പ് തുടര്‍ന്ന്ത്. ഇതെല്ലാം കണ്ട് ബിജെപിയംഗങ്ങള്‍ ഇവരുടെ സീറ്റില്‍ കാഴ്ച്ചക്കരായി ഇരിക്കുകയായിരുന്നു.കോര്‍പറേഷനിലെ ജീവനക്കാരെ ഏതാനും ദിവസം മുമ്പ് സ്ഥലം മാറ്റിയിരുന്നു. സിപിഎം അനുഭാവികളെ പ്രധാന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു കൊണ്ടും മറ്റുള്ളവരെ അപ്രധാന സ്ഥാനങ്ങളിലേക്കും ഇതര സ്ഥലങ്ങളിലേക്കും മാറ്റിയുമുള്ള സ്ഥലംമാറ്റമാണ് നടപ്പാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട പല വിഷയങ്ങളുമാണ് നിമിഷ നേരത്തിനുള്ളില്‍ ഭരണപക്ഷം പാസാക്കിയെടുത്തത്. നഗരത്തില്‍ വൈ-ഫൈ സംവിധാനം കൊണ്ടു വരാനുള്ള തീരുമാനവും യോഗം പാസാക്കി.
Next Story

RELATED STORIES

Share it