Alappuzha local

ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും: മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ: തൊള്ളായിരം ജയിലര്‍മാരുടെ ഒഴിവ് നികത്താന്‍ നടപടി സ്വീകരിച്ചതായും ജില്ലാ ജയിലിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ ജില്ലാ ജയിലിന് പുതുതായി പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ജയില്‍ ക്ഷേമദിനാഘോഷവും ജയില്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പോലിസ് സേനയില്‍ വാര്‍ഷിക നിയമനം കൊണ്ടുവരാന്‍ കഴിഞ്ഞു. എണ്ണായിരം പേരെ പുതുതായി നിയമിച്ചു. വരും നാളുകളില്‍ വനിതാബറ്റാലിയന്‍ തന്നെ പോലിസില്‍ ഉണ്ടാവുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ ജയില്‍ ചട്ടങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഇതോടെ ജയിലിലെ അന്തേവാസികളുടെ സേവന- വേതന വ്യവസ്ഥകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഭക്ഷണത്തിന്റെ മെനുവില്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
പുതുതായി മൂന്നുനില കെട്ടിടമാണ് ആലപ്പുഴയില്‍ നിര്‍മ്മിക്കുന്നത്. 20 കോടി രൂപയാണ് മുതല്‍മുടക്ക്. സില്‍ക്കിനാണ് നിര്‍മാണച്ചുമതലയെന്നും ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ജയില്‍ പണിയാന്‍ സ്ഥലം ലഭ്യമാക്കുന്നതുസംബന്ധിച്ച പ്രശ്‌നം വര്‍ഷങ്ങളായി ചുവപ്പുനാടയില്‍ കുടുങ്ങിയ അവസ്ഥയായിരുന്നു. മന്ത്രി പ്രത്യേകം ഇടപെട്ട് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ ഒരേക്കര്‍ അഞ്ച് സെന്റ് സ്ഥലം പോലിസ് വകുപ്പില്‍ നിന്ന് ജയില്‍ വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചതോടെയാണ് പുതിയ കെട്ടിടനിര്‍മാണത്തിന് വഴി തുറന്നത്.
പോലിസ് വകുപ്പില്‍ നിന്ന് ലഭിച്ച സ്ഥലവും നിലവില്‍ ജയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും ചേര്‍ത്താണ് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ജയില്‍ നിര്‍മിക്കുന്നത്. ജി സുധാകരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ സി വേണുഗോപാല്‍ എംപി മുഖ്യാതിഥിയായി.
നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ജയില്‍ ഡിജിപി ഋഷിരാജ് സിങ്, ഐജി എച്ച് ഗോപകുമാര്‍, ഡിഐജി ബി പ്രദീപ്, ജില്ലാ പോലിസ് മേധാവി പിഅശോക് കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എ എം നൗഫല്‍, ചീഫ് വെല്‍ഫെയര്‍ ഓഫിസര്‍ കെ എ കുമാരന്‍, എം വി തോമസ്, എം മണികണ്ഠന്‍, ജില്ലാ ജയില്‍ സൂപ്രണ്ടണ്‍് ആര്‍ സാജന്‍ സംസാരിച്ചു.
ജയിലിലെ അന്തേവാസികളോട് ക്ഷേമാന്വേഷണം നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.
Next Story

RELATED STORIES

Share it