Idukki local

ജീവനക്കാരില്ല; ചെറുതോണി ജനസേവാകേന്ദ്രം പ്രതിസന്ധിയില്‍

ചെറുതോണി: വേണ്ടത്ര ജീവനക്കാരില്ലാത്തതുമൂലം ചെറുതോണിയിലെ ഫ്രണ്ട്‌സ് ജനസേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍. ഒരു പ്രൊജക്ട് മാനേജരും ഏഴ് സര്‍വീസ് ഓഫിസര്‍മാരുമാണ് ഇവിടത്തെ തസ്തികയിലുള്ളത്.
വാട്ടര്‍ അതോറിറ്റി, വൈദ്യുതി വകുപ്പ്, മോട്ടോര്‍ വാഹനവകുപ്പ്, റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണം എന്നീ വിഭാഗങ്ങള്‍ക്കു പുറമേ വിവിധ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സേവനം ഫ്രണ്ട്‌സ് ജനസേവാ കേന്ദ്രത്തില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ വിവിധ വകുപ്പുകളില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ഇവിടെയെത്തുന്നവര്‍ കാലാവധിക്കുശേഷം മാതൃസ്ഥാപനത്തിലേക്ക് തിരികെ പോയി. മറ്റ് ചിലര്‍ വിരമിച്ചു.
ഇതോടെ ആവശ്യത്തിന് ജീവനക്കാരില്ലാതായി. ഇതിനു പുറമേ മോട്ടോര്‍വെഹിക്കിള്‍ വകുപ്പ് അവരുടെ ജീവനക്കാരെ പിന്‍വലിക്കുകയും ചെയ്തു. ഫ്രണ്ട്‌സില്‍ ഇപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണുള്ളത്. തുടക്കത്തില്‍ കുയിലിമലയില്‍ പ്രവര്‍ത്തിച്ച സ്ഥാപനം 2008ലാണ് ചെറുതോണിയിലെ ജില്ലാ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലേക്ക് മാറ്റിയത്.
ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുന്നതിന് ഏറെ യാത്രാ സൗകര്യമുള്ള ചെറുതോണിയിലേക്ക് മാറ്റാന്‍ വ്യാപാരി നേതാക്കളും പൊതു പ്രവര്‍ത്തകരും നടത്തിയ ദീര്‍ഘകാലത്തെ പരിശ്രമത്തിന്റെ ഫലമായിരുന്നു ഇത്.
തുടക്കത്തില്‍ പ്രതിദിനം പതിനായിരം രൂപയില്‍ താഴെ മാത്രമാണ് കലക്ഷന്‍ ലഭിച്ചിരുന്നത്. എന്നാല്‍ ചെറുതോണിയിലേക്ക് മാറ്റിയതോടെ അന്‍പതിനായിരം രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെ പ്രതിദിനം ലഭിച്ചു.
വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലകളിലേക്ക് അടയ്‌ക്കേണ്ട തുക ഇവിടെ അടയ്ക്കാമെന്നത് മലയോര മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഏറെ സഹായകരമായിരുന്നു.
ബന്ധപ്പെട്ട വകുപ്പുകള്‍ ഓരോ ജീവനക്കാരെ വിട്ടു നല്‍കിയാല്‍ മാത്രമേ ജനസേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനാവൂ. ഒരു പ്രോജക്ട് മാനേജരും മൂന്നു സര്‍വീസ് ഓഫിസര്‍മാരുമുണ്ടെങ്കില്‍ ഒരു വിധം പ്രവര്‍ത്തിക്കാനാകുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
Next Story

RELATED STORIES

Share it