ജീവനകല സാംസ്‌കാരികോല്‍സവം; തിക്കും തിരക്കുമുണ്ടാവാന്‍ സാധ്യത: പോലിസ്

ന്യൂഡല്‍ഹി: ജീവനകലയുടെ ലോക സാംസ്‌കാരികോല്‍സവം നടക്കുന്ന യമുനാതീരത്ത് അടിയന്തരമായി സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ തിക്കും തിരക്കുമുണ്ടാവുമെന്ന് പോലിസിന്റെ മുന്നറിയിപ്പ്.
ഈ മാസം ഒന്നിന് സ്ഥലം സന്ദര്‍ശിച്ച പോലിസ,് പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖ വ്യക്തികള്‍ക്കു വേണ്ടി ഒരുക്കിയ വേദി നിര്‍മാണത്തിലടക്കം പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പോലിസ് നഗരവികസന വകുപ്പിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യപത്രം ബന്ധപ്പെട്ട വകുപ്പുകള്‍ പോലിസിനു കൈമാറിയിട്ടില്ല. ഈ സാക്ഷ്യപത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ പോലിസിന് സുരക്ഷാനടപടികള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്ന് പോലിസ് സംഘാടകരെ അറിയിച്ചിട്ടുണ്ട്.
റോഡരികില്‍ നിര്‍മിച്ച പാലങ്ങളുടെ സുരക്ഷയെപ്പറ്റിയും പോലിസിന് ആശങ്കയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നഗരവികസന മന്ത്രാലയവും വിഷയത്തില്‍ നേരിട്ടിടപെടണമെന്നാണ് പോലിസ് ആവശ്യപ്പെടുന്നത്. അതേസമയം, ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പോലിസിന് നിര്‍ദേശം നല്‍കി.
അതിനിടെ ചടങ്ങിന് അനുമതി നല്‍കാനോ നിഷേധിക്കാനോ തന്റെ മന്ത്രാലയത്തിന് അധികാരമില്ലെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി പറഞ്ഞു.
Next Story

RELATED STORIES

Share it