ജി ആര്‍ അജിത്തിനെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ച് കണ്ടിട്ടുണ്ട്: സരിത

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ച് പോലിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്തിനെ നേരിട്ട് കണ്ടിട്ടുണ്ടെന്ന് സരിത നായര്‍ ജസ്റ്റിസ് സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. 2013 ജനുവരി 22നാണ് അജിത്തിനെ കണ്ടത്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിന്റെ ഗേറ്റിനോട് ചേര്‍ന്നുള്ള കാര്‍ പാര്‍ക്കിങ് ഏരിയയില്‍വച്ച് വൈകുന്നേരം നാലിന് ശേഷമാണ് അജിത്തിനെ കണ്ടതെന്നും പണം കൈമാറിയതെന്നും സരിത പറഞ്ഞു. കേരള പോലിസ് അസോസിയേഷനുവേണ്ടി ഹാജരായ അഡ്വ. ജോര്‍ജ് പൂന്തോട്ടത്തിന്റെ ക്രോസ് വിസ്താരത്തിന് മറുപടി നല്‍കുകയായിരുന്നു സരിത.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ലാന്‍ഡ് ഫോണില്‍ താനും അജിത്തും പതിനഞ്ചിലേറെ തവണ വിളിച്ചിട്ടുണ്ട്. കേരള പോലിസ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തിന് 40 ലക്ഷം രൂപ നല്‍കണമെന്നാണ് അജിത് ആവശ്യപ്പെട്ടത്. ബാനറുകള്‍, ഫഌക്‌സ് ബോര്‍ഡുകള്‍, നോട്ടീസ് എന്നിവ കൂടാതെ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറില്‍ കാല്‍പേജ് പരസ്യവും അതില്‍ ഉള്‍പ്പെടും. ഇതിന് പകരമായി വടക്കന്‍ കേരളത്തിലെ പോലിസ് സ്‌റ്റേഷനുകളില്‍ സോളാര്‍ ഇലക്ട്രിഫിക്കേഷന്‍ ഓര്‍ഡറും കേരളത്തിലെ പോലിസ് സ്‌റ്റേഷനുകളില്‍ സോളാര്‍ ഇലക്ട്രിഫിക്കേഷനുള്ള പ്രമേയവും സമ്മേളനത്തില്‍ പാസാക്കാമെന്നും വാഗ്ദാനം നല്‍കിയതായും സരിത പറഞ്ഞു.
അതേസമയം, സരിതയുടെ ക്രോസ് വിസ്താരത്തിനിടെ അഡ്വ. ജോര്‍ജ് പൂന്തോട്ടവും കമ്മീഷനും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ജോര്‍ജ് പൂന്തോട്ടം പലതവണയായി കമ്മീഷനെ മോശമായി ചിത്രീകരിക്കുന്നതായും വിസ്താരത്തിനിടെ മര്യാദയില്ലാത്ത വാക്കുകള്‍ പ്രയോഗിക്കുന്നതായും കമ്മീഷന്‍ കുറ്റപ്പെടുത്തി. ജോര്‍ജ് പൂന്തോട്ടത്തിനെതിരേ ബാര്‍ കൗണ്‍സിലിന് പരാതി നല്‍കാനും ജസ്റ്റിസ് ശിവരാജന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
അതേസമയം, കമ്മീഷനില്‍ ഹാജരാവാതിരുന്ന മുന്‍ എംഎല്‍എ തമ്പാനൂര്‍ രവിയെ ജസ്റ്റിസ് ശിവരാജന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. യുഡിഎഫിന് കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണോ തമ്പാനൂര്‍ രവി ഹാജരാവത്തതെന്ന് കമ്മീഷന്‍ ആരാഞ്ഞു. ഒരുമാസത്തെ അവധിയാണ് തമ്പാനൂര്‍ രവിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മാര്‍ച്ച് 15ന് കമ്മീഷനു മുമ്പാകെ ഹാജരാവണമെന്ന് ഉത്തരവിട്ടു.
Next Story

RELATED STORIES

Share it