ജിഷ വധക്കേസ്: പ്രതി പിടിയില്‍;അറസ്റ്റിലായത് അസം സ്വദേശി അമീറുല്‍ ഇസ്‌ലാം

ഷബ്‌ന  സിയാദ്
ആലുവ: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ദലിത് നിയമവിദ്യാര്‍ഥിനി ജിഷ വധക്കേസില്‍ പ്രതിയെന്നു സംശയിക്കുന്ന അസം സ്വദേശി പോലിസ് പിടിയില്‍. അസം നൗഗ ജില്ലയിലെ ഡോല്‍ഡ ഗ്രാമത്തിലെ അമീറുല്‍ ഇസ്‌ലാമി(23)നെയാണു തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിനും പെരുമ്പത്തൂരിനും ഇടയില്‍നിന്ന് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഡിഎന്‍എ പരിശോധനാഫലം അനുകൂലമായതോടെ  ഇന്നലെ വൈകീട്ട് 4.45ന് ആലുവ പോലിസ് ക്ലബ്ബിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും. രണ്ടുദിവസം മുമ്പ് പ്രതിയെ പിടികൂടി രഹസ്യകേന്ദ്രത്തില്‍ താമസിപ്പിച്ച് ചോദ്യംചെയ്തുവരികയായിരുന്നു. കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്. ഇയാള്‍ തന്നെയാണു കൊല നടത്തിയതെന്നു വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് പോലിസിന്റെ വിശദീകരണം.പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അന്വേഷണസംഘം മേധാവി എഡിജിപി ബി സന്ധ്യ  അറിയിച്ചു. ഏറെ രാഷ്ട്രീയവിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്ന കേസില്‍ ജിഷ കൊല്ലപ്പെട്ടതിന്റെ 50ാം ദിവസമാണു പ്രതിയെ പിടികൂടാനായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28ന് പട്ടാപ്പകലായിരുന്നു കേസിനാസ്പദമായ സംഭവം.  നിര്‍മാണത്തൊഴിലാളിയായി പെരുമ്പാവൂരില്‍ എത്തിയതായിരുന്നു അമീറുല്‍ ഇസ്‌ലാം. ജിഷയുടെ വീടിനടുത്തായിരുന്നു താമസം. കുറുപ്പുംപടി വട്ടോളിപ്പടിയില്‍ ഇരിങ്ങോള്‍ പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്റ്റിന്റെ കനാല്‍ പുറമ്പോക്കിലെ കൂരയില്‍ അമ്മയോടൊപ്പം താമസിച്ചിരുന്ന ജിഷയെ മാരകായുധങ്ങള്‍ കൊണ്ട് ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിനിടെ ലഭിച്ച ചെരിപ്പാണ് നിര്‍ണായകമായത്. വീടിനടുത്ത കനാലില്‍ കാണപ്പെട്ട ചെരിപ്പില്‍ പതിഞ്ഞ രക്തം ജിഷയുടേതാണെന്നു ശാസ്ത്രീയ പരിശോധനയില്‍ തിരിച്ചറിഞ്ഞു. ജിഷയുടെ മുതുകിലെ കടിയേറ്റ പാടില്‍ നിന്നു ലഭിച്ച ഉമിനീരും ചെരിപ്പിലെ രക്തവും വാതിലിന്റെ കട്ടിളയില്‍നിന്നു കണ്ടെത്തിയ രക്തവും ഒരാളുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ ബോധ്യപ്പെട്ടു. ഇതോടെയാണ് പോലിസിന് പ്രതിയിലേക്കു കൂടുതല്‍ അടുക്കാനായത്. തുടര്‍ന്ന് ചെരിപ്പ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇത്തരത്തിലുള്ള ചെരിപ്പ് ഉപയോഗിക്കുന്നത് അസം സ്വദേശികളാണെന്നു കണ്ടെത്തി. പിന്നീട് പ്രതിയുടെ സുഹൃത്തുക്കളെ ചോദ്യംചെയ്തു. ഇതില്‍നിന്നു ചെരിപ്പ് പ്രതിയുടേതാണെന്നു തെളിഞ്ഞു. സംഭവദിവസം രാവിലെ ജിഷയുടെ വീട്ടിലെത്തി മടങ്ങിയ പ്രതി വൈകീട്ട് മദ്യപിച്ചെത്തി. വാക്കേറ്റത്തിനൊടുവില്‍ മല്‍പ്പിടിത്തം നടത്തി ജിഷയെ കൊലപ്പെടുത്തുകയായിരുന്നു. അന്നു രാത്രി പെരുമ്പാവൂരില്‍ നിന്ന് ആലുവ റെയില്‍വേ സ്റ്റേഷനിലെത്തി അസമിലേക്കു സ്ഥലംവിട്ടു. പിന്നീട് അന്വേഷണം നടത്തിയപ്പോള്‍ പലയിടങ്ങളില്‍ ഇയാള്‍ താമസിക്കുന്നതായും സുഹൃത്തുക്കളോട് ഫോണില്‍ വിളിച്ച് ജിഷയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതായും തെളിഞ്ഞു. തുടര്‍ന്ന് അസമിലും ബംഗാളിലും തമിഴ്‌നാട്ടിലും ക്യാംപ് ചെയ്തായിരുന്നു  അന്വേഷണം. ഇതിനിടയിലാണ് കാഞ്ചീപുരത്തിനു സമീപത്തുനിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്. 100ലധികം പോലിസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച കേസാണിത്. 1,500 പേരെ ചോദ്യംചെയ്തു. 5,000ത്തിലധികം പേരുടെ വിരലടയാളവും 20 ലക്ഷത്തിലധികം ഫോണ്‍വിളികളും പരിശോധനയ്ക്കു വിധേയമാക്കി. കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളില്‍ പരിക്കേറ്റ് ചികില്‍സതേടിയവരെ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തു. ബംഗാള്‍, ഒഡീഷ, അസം, ചത്തീസ്ഗഡ്, ബിഹാര്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രത്യേക സംഘത്തെ അയച്ച് അന്വേഷണം നടത്തിയതിന്റെയും ഫലമായാണു പ്രതിയെ പിടികൂടാനായത്. ഇന്നലെ തൃശൂരില്‍നിന്നു മൂന്നു വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രതിയെ ആലുവ പോലിസ് ക്ലബ്ബിലെത്തിച്ചത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുംബൈയില്‍ ആയിരുന്നതിനാല്‍ അദ്ദേഹമെത്തിയ ശേഷം വാര്‍ത്താസമ്മേളനം നടത്തുമെന്നായിരുന്നു ലഭിച്ച സൂചന. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ എഡിജിപി ബി സന്ധ്യ ക്ലബ്ബില്‍ നിന്നു പുറത്തിറങ്ങി നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് അറിയിച്ചു. എന്നാല്‍, പ്രതിയെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഹാജരാക്കിയില്ല. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ളവയുടെ ഫലങ്ങളും സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പെടുത്തി അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് എഡിജിപി പറഞ്ഞു. കൂടാതെ, തിരിച്ചറിയല്‍ പരേഡും തെളിവെടുപ്പും നടത്താനുണ്ട്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ എഡിജിപി വിസമ്മതിച്ചു. അതിനിടെ, പ്രതി താമസിച്ചിരുന്ന പെരുമ്പാവൂരിലെ കെട്ടിടത്തില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ കൊലയ്ക്കുപയോഗിച്ച രക്തക്കറ പുരണ്ട കത്തി കണ്ടെത്തി. നേരത്തെ ആയുധം എവിടെയാണ് ഉപേക്ഷിച്ചതെന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായിരുന്നു പ്രതിയുടെ മൊഴി. പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ ഇയാളെ കാണാനില്ലെന്ന വിവരം അന്വേഷണസംഘത്തോട് മറച്ചുവച്ചിരുന്നതായി ആക്ഷേപമുണ്ട്. ഈ മാസം 11നാണ് ഇക്കാര്യം കെട്ടിടയുടമ പോലിസിനെ അറിയിച്ചത്.
Next Story

RELATED STORIES

Share it