ജിഷ വധക്കേസ്: ഡയറിയില്‍ പരാമര്‍ശിച്ചവരുടെ ഡിഎന്‍എ പരിശോധന നടത്തും

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകനെ 22 ദിവസം പിന്നിട്ടിട്ടും പോലിസിന് പിടികൂടാന്‍ കഴിഞ്ഞില്ല. കൊലയാളിയെ കണ്ടെത്താന്‍ ജിഷയുടെ കൈവശമുണ്ടായിരുന്ന ഡയറി കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഡയറിയില്‍ ജിഷ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികളുടെ ഉമിനീര്‍ ഡിഎന്‍എ പരിശോധനയ്ക്കായി ശേഖരിച്ചതായി വിവരമുണ്ട്. വളരെ രഹസ്യമായാണ് പോലിസ് ഡിഎന്‍എ പരിശോധന്ക്കായുള്ള സാമ്പിള്‍ ശേഖരിച്ചത്.
ജിഷ താമസിച്ചിരുന്ന രായമംഗലം പഞ്ചായത്തിലെ ഒന്ന്, 20 വാര്‍ഡുകളിലെ വിരലടയാളം ശേഖരിക്കല്‍ ഇപ്പോഴും പോലിസ് തുടരുകയാണ്. 709 പേരുടെ വിരലടയാളം ഇപ്പോള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കൂടാതെ വോട്ട് ചെയ്യാന്‍ എത്താതിരുന്നവരുടെ വിവരങ്ങളും പോലിസ് ശേഖരിച്ചിട്ടുണ്ട.് സംഭവം നടന്ന അന്നുമുതല്‍ പരിസര പ്രദേശങ്ങളില്‍ നിന്നു മുങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുവരുടെ വിവരങ്ങളും നിര്‍മാണ കരാറുകാരില്‍ നിന്നു പോലിസ് ശേഖരിച്ചിട്ടുണ്ട്.
എന്നാല്‍, ജിഷയുടെ മാതാവിന്റെ മൊഴിയിലെ വൈരുദ്ധ്യം പോലിസിനെ കുഴയ്ക്കുകയാണ്. മണിക്കൂറുകളോളം പലദിവസങ്ങളിലായി ജിഷയുടെ മാതാവ് രാജേശ്വരിയെ പോലിസ് ചോദ്യം ചെയ്‌തെങ്കിലും പരസ്പരവിരുദ്ധമായ രീതിയിലാണ് രാജേശ്വരി മൊഴി നല്‍കുന്നതെന്നാണ് വിവരം.
അതേസമയം, ജിഷയുടെ കൊലപാതകത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ജസ്റ്റിസ് ഫോര്‍ ജിഷ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജിഷ കെല ചെയ്യപ്പെട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടുവാന്‍ കഴിയാത്തത് കേരള പോലിസിന് അപമാനമാണെന്നും കൊലയ്ക്കു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ യോഗം വിലയിരുത്തി. ജിഷയ്ക്കും കുടുംബത്തിനും നിയമപരിരക്ഷ നല്‍കുന്നതില്‍ പോലിസിനുണ്ടായ വീഴ്ചകളെ സംബന്ധിച്ചും ജിഷയുടെ കുടുംബം സാമൂഹികമായി ഓറ്റപ്പെട്ട് ജീവിക്കാന്‍ ഉണ്ടായ കാരണങ്ങളെക്കുറിച്ചും വ്യത്യസ്ഥ ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് യോഗം ആവശ്യപെട്ടു. ജിഷയുടെ കുടുംബത്തിനുനേരെ നടന്ന നീതി നിഷേധത്തിനെതിരേ കലക്ടര്‍ക്കു പരാതി നല്‍കുവാനും യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it