Kerala

ജിഷ വധക്കേസ്; അന്വേഷണ സംഘത്തെ മാറ്റാന്‍ നീക്കം

ജിഷ   വധക്കേസ്; അന്വേഷണ സംഘത്തെ മാറ്റാന്‍ നീക്കം
X
jisha

പെരുമ്പാവൂര്‍: ദലിത് വിദ്യാര്‍ഥി ജിഷ വധക്കേസില്‍ ലോക്കല്‍ പോലിസിന്റെ അന്വേഷണം വഴിമുട്ടി. കേസിന്റെ അന്വേഷണച്ചുമതല പുതിയ സംഘത്തിന് കൈമാറാനാണ് നീക്കങ്ങള്‍. ആലുവയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന പോലിസ് ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍,  ഔദ്യോഗിക തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ പിടിച്ചുലച്ച ക്രൂരമായ കൊലപാതകം നടന്നിട്ട് 25 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്നാണ് പുതിയ സംഘത്തിന് അന്വേഷണ ചുമതല കൈമാറാന്‍ ശ്രമം നടക്കുന്നത്. ജിഷയുടെ അമ്മയും സഹോദരിയുമുള്‍പ്പെടെയുള്ള നിര്‍ണായക സാക്ഷികളുടെ മൊഴികളിലെ വൈരുധ്യമാണ് പോലിസിനെ കുഴയ്ക്കുന്നത്. അതേസമയം, ഇതുവരെയെടുത്ത നടപടികള്‍ പുനപ്പരിശോധിക്കുകയാണ് അന്വേഷണസംഘം. അന്വേഷണത്തില്‍ ഏതെങ്കിലും കണ്ണികള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുകയാണ് ലക്ഷ്യം. നേരത്തേ തിരഞ്ഞെടുപ്പ് കാലമായതിനാല്‍ രണ്ട് മുന്നണികളില്‍ നിന്നും വന്‍ സമ്മര്‍ദ്ദമാണ് നേരിട്ടതെന്ന് അന്വേഷണ സംഘാംഗം വെളിപ്പെടുത്തി. നിലവില്‍ പോലിസ് കസ്റ്റഡിയില്‍ ആരുമില്ല. പത്തിലേറെ പേരുടെ ഡിഎന്‍എ പരിശോധിച്ചെങ്കിലും ഇവയ്ക്ക് പ്രതിയുടെ ഡിഎന്‍എയുമായി സാമ്യം ഉണ്ടായിരുന്നില്ല. കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ വിട്ടയച്ചിരുന്നു. ഇതുവരെ ആയിരത്തോളം പേരുടെ വിരലടയാളവും കൂടുതല്‍ സംശയമുള്ളവരുടെ ഡിഎന്‍എ ഉള്‍പ്പെടെയുള്ള പരിശോധനയും നടത്തിയിട്ടും കൊലപാതകിയിലേക്കെത്താന്‍ പോലിസിനാവാത്തതും സര്‍ക്കാര്‍ മാറി വന്നതുമായ സാഹചര്യത്തിലാണ് പുതിയ അന്വേഷണ സംഘം വരണമെന്ന ആവശ്യം ശക്തമായത്. അതേസമയം, ജിഷയുടെ വീട്ടില്‍ ഇന്നലെയും പോലിസ് പരിശോധന നടത്തി. സംഭവശേഷം പരിസരപ്രദേശങ്ങളില്‍ നിന്നു നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികളെ തേടി ബംഗാളിലേക്ക് പോയ അന്വേഷണ സംഘം തിരിച്ചെത്തി. ഇതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ പുരോഗതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ 10 ഇതരസംസ്ഥാന തൊഴിലാളികളുടെ ഉമിനീര് ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടക്കുന്നത്. ഇതിന്റെ പരിശോധനാ ഫലവും നിര്‍ണായകമാവും.  കേസിന്റെ തുടക്കത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഉന്നത പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ജിഷയുടെ മാതാവ് ഇപ്പോഴും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ തന്നെയാണ് കഴിയുന്നത്. രാജേശ്വരിയെ ഇവര്‍ മാറിമാറി ചോദ്യം ചെയ്‌തെങ്കിലും വീട്ടില്‍ സ്ഥിരം വരുന്നവരുടെയും മറ്റും പേര് വിവരങ്ങള്‍ വിട്ടു പറയാന്‍ ഇവര്‍ തയ്യാറാവുന്നില്ല.
Next Story

RELATED STORIES

Share it