ജിഷ വധക്കേസ് അന്വേഷണം; ക്രൈംബ്രാഞ്ചിന് കൈമാറണം: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ജിഷ വധക്കേസ് അനേ്വഷണം ലോക്കല്‍ ഡിവൈഎസ്പിയില്‍ നിന്നു മാറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്നും അനേ്വഷണ സംഘത്തില്‍ വനിതാ ഉദേ്യാഗസ്ഥരെ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു.
കേസിലെ എഫ്‌ഐആര്‍, ഇന്‍ക്വസ്റ്റ് റിപോര്‍ട്ട് എന്നിവയും കേസ് അനേ്വഷിച്ച ഉദേ്യാഗസ്ഥരുടെ വിവരങ്ങളും ജൂണ്‍ ആറിന് രാവിലെ 11ന് കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങില്‍ ഹാജരാക്കണമെന്നും ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു. ഇപ്പോള്‍ കേസ് അനേ്വഷിക്കുന്ന ഉദേ്യാസ്ഥരുടെ വിവരങ്ങളും ഹാജരാക്കണം. സംഭവം നടന്നയുടന്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ അനേ്വഷണ റിപോര്‍ട്ടിനൊപ്പം ആവശ്യപ്പെട്ട എഫ്‌ഐആര്‍, ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് എന്നിവ ഹാജരാക്കാത്ത പോലിസിനെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ കാരണമായത് പോലിസ് നടപടിയാണെന്ന് പരാതിയുണ്ട്.
സംഭവം നടന്നയുടനെ ജിഷയുടെ വീട് സീല്‍ ചെയ്യേണ്ടതായിരുന്നു. ഇത് ചെയ്യാത്തതുകാരണം കുറ്റക്കാര്‍ക്ക് തെളിവ് നശിപ്പിക്കാനും കള്ളതെളിവുകള്‍ സംഭവസ്ഥലത്ത് നിക്ഷേപിക്കാനും സാധ്യതയുണ്ടാക്കി. സാമൂഹിക മാധ്യമങ്ങളെ പേടിച്ച് വേണ്ടത്ര തെളിവുകളില്ലാതെ ആരേയും പ്രതികളാക്കരുതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഉത്തരവ് സംസ്ഥാന പോലിസ് മേധാവിക്ക് കൈമാറി. പൊതുപ്രവര്‍ത്തകരായ സുഭാഷ്ബാബു, പി അയ്യപ്പന്‍, ബിജു ജി നാഥ്, കെ ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
Next Story

RELATED STORIES

Share it