ജിഷ വധക്കേസില്‍ സിബിഐ വേണ്ട: ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂരിലെ ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറേണ്ടതില്ലെന്നും നിലവിലെ അന്വേഷണം തുടരാമെന്നും ഹൈക്കോടതി. മുതിര്‍ന്ന വനിതാ ഐപിഎസ് ഓഫിസറായ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസന്വേഷണം തുടരാമെന്നും ആക്റ്റിങ് ചീഫ്ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ജിഷ വധക്കേസ് അന്വേഷണം വനിതാ പോലിസ് ഓഫിസറുടെ മേല്‍നോട്ടത്തിലുള്ള സംഘത്തിനോ സിബിഐക്കോ കൈമാറണമെന്നാവശ്യപ്പെട്ട് അഡ്വ. ടി ബി മിനിയുള്‍പ്പെടെ നല്‍കിയ ഹരജികള്‍ തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ്.
കൊച്ചി റെയ്ഞ്ച് ഐജി മഹിപാല്‍ യാദവ് നേരിട്ടെത്തി അന്വേഷണ റിപോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം, ഫോറന്‍സിക് റിപോര്‍ട്ടുകളും മുദ്രവച്ച കവറില്‍ കൈമാറിയെങ്കിലും കോടതി പരിഗണിച്ചില്ല. എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ മെയ് 26ന് അന്വേഷണത്തിന് നിയോഗിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. ഇവരെ സഹായിക്കാന്‍ പല റാങ്കിലുള്ള പോലിസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
അന്വേഷണത്തില്‍ അപാകത കണ്ടെത്തിയാല്‍ കോടതിക്ക് ഇടപെടാമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ഇരയെക്കുറിച്ചോ കേസിന്റെ വസ്തുതകളെക്കുറിച്ചോ ഏതെങ്കിലും തരത്തില്‍ അഭിപ്രായം പറയേണ്ട ഘട്ടമായില്ലെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ പ്രതികരണം. വിവിധ റാങ്കുകളില്‍ സേവനമനുഷ്ഠിച്ച സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വം ശരിയായ രീതിയിലുള്ള അന്വേഷണത്തിനു സഹായിക്കും. അതിനാല്‍ ഏതെങ്കിലും തരത്തിലുള്ള മാര്‍ഗനിര്‍ദേശം നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
പോസ്റ്റ്‌മോര്‍ട്ടം, ആന്തരികാവയവ പരിശോധനകളുടെ റിപോര്‍ട്ടുകള്‍ പോലിസ് നല്‍കുന്നില്ലെന്ന ഹരജിക്കാരുടെ പരാതിയും ഹൈക്കോടതി തള്ളി. റിപോര്‍ട്ടുകള്‍ അവിഭാജ്യ ഘടകങ്ങളാണ്. റിപോര്‍ട്ടുകളിലെ സൂചനകളാണ് അന്വേഷണത്തിന് ദിശാബോധം നല്‍കുന്നത്. ബന്ധപ്പെട്ട കോടതികളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുമില്ല. തന്നെയുമല്ല, സ്വകാര്യതയെന്ന അവകാശം വ്യക്തിക്കെന്നപോലെ മൃതദേഹത്തിനുമുണ്ട്.
മരിച്ച പെണ്‍കുട്ടിയുടെ സ്വകാര്യത മാനിക്കേണ്ടതുണ്ട്. ഇത്തരം റിപോര്‍ട്ടുകളിലെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ പട്ടംപോലെ പറത്താനാവില്ല. സമൂഹത്തിനോ വ്യക്തികള്‍ക്കോ റിപോര്‍ട്ടുകള്‍ ആവശ്യപ്പെടാന്‍ അവകാശമില്ല. പട്ടികജാതി-വര്‍ഗ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നുമുള്ള പരാതികള്‍ പുതിയ സംഘം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it