ജിഷ വധം: മാതാവില്‍ നിന്ന് വീണ്ടും മൊഴിയെടുത്തു

പെരുമ്പാവൂര്‍: പെരുമ്പാവൂരി ല്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് നിയമവിദ്യാ ര്‍ഥിനി ജിഷയുടെ മാതാവ് രാജേശ്വരിയെ അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ നിര്‍ണായക തെളിവ് ലഭിച്ചതായാണു സൂചന. മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയതിനെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ പുതിയ അന്വേഷണ സംഘത്തിന് ഇന്നലെ രാജേശ്വരിയില്‍ നിന്നു ലഭിച്ചു. പട്ടാല്‍ വട്ടോളിപ്പടിയിലുള്ള ഒരു യുവാവിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
ജിഷയുടെ വീടിനു സമീപമുള്ള നാല് ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന ഇരിങ്ങോള്‍ കാവില്‍ ഇന്നലെ പുതിയ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇവിടെ നിന്ന് ഒരു ഹാന്‍ഡി കാമറയും ബനിയനും മറ്റുചില വസ്തുക്കളും ലഭിച്ചിട്ടുണ്ട്. മുമ്പും ഈ പ്രദേശത്തു നിന്ന് ഇത്തരം വസ്തുക്കള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, നിരവധി വിനോദസഞ്ചാരികളെത്തുന്ന ഇവിടെനിന്നു ലഭിച്ച കാമറ സഞ്ചാരികളുടെ കൈയില്‍ നിന്നു നഷ്ടപ്പെട്ടതാവാനിടയുള്ളതിനാല്‍ അന്വേഷണ സംഘം ഇത് വിശദമായി പരിശോധിച്ചുവരുകയാണ്.
ഇരിങ്ങോള്‍കാവില്‍ മുന്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. കാടുപിടിച്ചു കിടക്കുന്ന ഇരിങ്ങോള്‍ കാവിന്റെ ചെറിയൊരു ഭാഗത്തു മാത്രമാണ് അന്ന് പരിശോധന നടന്നത്. കാടു മുഴുവന്‍ അരിച്ചുപെറുക്കുക പ്രായോഗികമല്ലെന്നാണ് അന്ന് അന്വേഷണ സംഘം പറഞ്ഞത്. ജിഷയുടെ ഘാതകനെന്നു സംശയിക്കുന്ന ആളെ ഇരിങ്ങോള്‍ കാവില്‍ കണ്ടതായി സാക്ഷിമൊഴികള്‍ ഉള്ളതിനാല്‍ പ്രതി ഇരിങ്ങോള്‍ കാവില്‍ കയറിയിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഈ സാഹചര്യത്തിലാണ് വിശദമായ പരിശോധന നടത്തിയത്.
ജിഷയുടെ വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഇരിങ്ങോള്‍ കാവ്. കൊലപാതകം നടന്ന ദിവസം വൈകീട്ട് ജിഷയുടെ വീട്ടില്‍ ബഹളം കേട്ട് എത്തിയ പരിസരവാസികള്‍ വീട്ടില്‍ നിന്ന് പിറകിലൂടെ ഒരാള്‍ കനാല്‍ കടന്നുപോവുന്നതു കണ്ടിരുന്നു. ഇയാളുമായി സാമ്യമുള്ള ആളെ ഇരിങ്ങോള്‍ കാവിലും കണ്ടതായി രണ്ട് വിദ്യാര്‍ഥികളും പോലിസ് കസ്റ്റഡിയിലെടുത്ത ഒരാളും മൊഴി നല്‍കിയിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ലഭിച്ച സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ നിരവധി രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതായി അന്വേഷണ സംഘം വ്യക്തമാക്കി. ജിഷയുമായി അടുപ്പമുണ്ടായിരുന്ന അപരിചിതനായ ചെറുപ്പക്കാരന്റെ ചിത്രവും കൂട്ടത്തിലുണ്ട്. മാതാവ് രാജേശ്വരി നല്‍കിയ വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ രേഖാചിത്രം തയ്യാറാക്കിയിട്ടുള്ളത്.
ജിഷയുടെ കൊലപാതക അന്വേഷണവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ ട്രാഫിക് പോലിസ് സ്റ്റേഷന് സമീപം ഓഫിസ് പ്രവര്‍ത്തിക്കുന്നതിനാല്‍ ജനങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്നലെ പുറത്തുവിട്ട പുതിയ രേഖാചിത്രം കാണിച്ച് പലരില്‍ നിന്നും പോലിസ് തെളിവെടുപ്പു നടത്തുന്നുണ്ട്.
അന്വേഷണ സംഘത്തെ പൂര്‍ണമായി മാറ്റിയെന്നുള്ള പ്രചാരണം തെറ്റാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുകള്‍തലങ്ങളില്‍ മാത്രമാണ് സ്ഥാനചലനം ഉണ്ടായത്. മറ്റാരെയും മാറ്റിയിട്ടില്ല. ക്രൈംബ്രാഞ്ചിലെയും സ്‌പെഷ്യല്‍ ടീമിലെയും പോലിസുകാര്‍ തന്നെയാണ് ഇപ്പോഴും അന്വേഷണ സംഘത്തിലുള്ളത്. ഈ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇന്നലെയും അന്വേഷണത്തിനായി കുറുപ്പംപടിയിലെത്തിയത്. എന്നാല്‍, വിരമിച്ച മികവുറ്റ ഉദ്യോഗസ്ഥരെയും നാട്ടുകാരില്‍ കഴിവുള്ള ചിലരെയും ഉള്‍പ്പെടുത്തിയാണ് പുതിയ അന്വേഷണ സംഘം മുന്നോട്ടുപോവുന്നത്.
Next Story

RELATED STORIES

Share it