Flash News

ജിഷയുടെ ഘാതകന്‍ അസം സ്വദേശിയെന്ന് പോലിസ്, പിടികൂടി ആലുവയില്‍ എത്തിച്ചു, ദുരൂഹതകള്‍ ബാക്കി

ആലുവ:  പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷ കൊല്ലപ്പെട്ട കേസില്‍ കൊലയാളിയെന്ന്  സംശയിക്കുന്ന അസം സ്വദേശി അമിയുര്‍ ഉല്‍ ഇസ്ലാം
(23) എന്നയാളെ പിടികൂടിയതായി പോലിസ്. ആലുവ പോലിസ് ക്ലബിലെത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
തമിഴ്‌നാട്ടില്‍  നിന്നാണ് ഇയാളെ പിടികൂടിയത് എന്നാണ് പോലിസ് പറയുന്നത്. കാഞ്ചീപുരത്തെ ശിങ്കിടിവാക്കത്ത് ഒരു കൊറിയന്‍ കമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്നുവേ്രത ഇയാള്‍. ദിവസങ്ങള്‍ക്കു മുന്‍പേ പിടിയിലായ ഇയാളെ ഡിഎന്‍എ പരിശോധനാഫലം വരുന്നതു വരെ പോലിസ് കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഇനിയും രേഖപ്പെടുത്തിയിട്ടില്ല.
ഇദ്ദേഹം കുറ്റസമ്മതം നടത്തിയതായാണ് പോലിസ് പറയുന്നത്. ജിഷയുടെ വീടിന് സമീപത്ത് നിന്ന് കിട്ടിയ ചെരുപ്പാണ് പ്രതിയിലേക്ക് നയിച്ചതെന്നാണ് പോലിസ് ഭാഷ്യം. അതേസമയം കൊലപാതകം കഴിഞ്ഞ് പത്തുദിവസത്തിന് ശേഷം ലഭിച്ച ചെരുപ്പു സംബന്ധിച്ച ദുരൂഹത ഇനിയും അവശേഷിക്കുന്നു. ചെരുപ്പ് കടക്കാരന്റെ മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ച നിര്‍ണായക തെളിവെന്നും പോലീസ് പറയുന്നു.

അമി ഉല്‍ ഇസ്ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കുമെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എഡിജിപി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അവര്‍ സൂചിപ്പിച്ചു.
പിടിയിലായ പ്രതിയെ പോലിസ് ആലുവ പോലിസ് ക്ലബില്‍ എത്തിച്ചുവെങ്കിലും ഇയാളെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. പ്രതിയെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം പോലിസ് ഇതുവരെ നല്‍കിയിട്ടില്ല. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുംബൈയില്‍ നിന്നും എത്തിയശേഷമേ പോലിസ് വാര്‍ത്താസമ്മേളനം നടത്തുകയുള്ളൂ എന്നാണ് അറിയുന്നത്.
Next Story

RELATED STORIES

Share it