ജിഷ വധം: പ്രതിയുടെ പുതിയ രേഖാചിത്രം തയ്യാറാക്കി

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട് 10 ദിവസം പിന്നിടവെ പ്രതിയെ പിടികൂടാനാവാതെ പോലിസ്. കൊലപാതകത്തിനുശേഷം കാണാതായ അയല്‍വാസിയെ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍നിന്ന് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശിയായ ഇയാളെ പോലിസ് ആലുവയിലെത്തിച്ചു ചോദ്യംചെയ്തു.
കൊല നടന്ന സമയം ഇയാള്‍ പ്രദേശത്തുണ്ടായിരുന്നു. എന്നാല്‍, കേസുമായി നേരിട്ടു ബന്ധമുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജിഷയുടെ സഹോദരി ദീപയുടെ പരിചയക്കാരനാണ് ഇയാള്‍. ദീപയുടെ ഫോണ്‍കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചുവരുകയാണ്. ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.
അതിനിടെ, ലഭ്യമായ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ പുതിയ രേഖാചിത്രം പോലിസ് തയ്യാറാക്കി. സംഭവദിവസം സമീപത്തെ ഇരിങ്ങോള്‍ കാവിനടുത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടതായി സമീപവാസികള്‍ മൊഴിനല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ രേഖാചിത്രം തയ്യാറാക്കിയത്. ജിഷയുടെ വീടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ അന്വേഷണസംഘം പരിശോധനയും നടത്തി. ഇതിനുശേഷം വീട് പൂട്ടി സീല്‍ ചെയ്തു.
കൊലപാതകം നടന്ന വീട് പോലിസ് സംരക്ഷിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് വിമര്‍ശിച്ചിരുന്നു. സമീപവാസികളും നിരീക്ഷണത്തിലാണ്. സംശയമുള്ള ചിലരുടെ പേരുകള്‍ ജിഷയുടെ മാതാവ് പോലിസിനു നല്‍കിയിട്ടുണ്ട്. സംശയമുള്ളവരെയെല്ലാം ചോദ്യംചെയ്യുമെന്ന് ഡിവൈഎസ്പി ജിജിമോന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരുന്ന കഥകള്‍ പോലിസ് പ്രചരിപ്പിക്കുന്നതല്ല. ഇതിന്റെ ഉത്തരവാദികള്‍ മാധ്യമങ്ങളാണെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
അതിനിടെ, ദീപയുടെ ഇതരസംസ്ഥാന സുഹൃത്തിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇതിനു വിശദീകരണവുമായി ദീപ ഇന്നലെ രംഗത്തുവന്നു. തനിക്ക് ഇതരസംസ്ഥാനക്കാരായ സുഹൃത്തുക്കളില്ലെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ദീപ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story

RELATED STORIES

Share it