ജിഷ വധം: പോലിസിന് മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം

തിരുവനന്തപുരം: ജിഷ വധക്കേസില്‍ പോലിസിന് മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം. കേസില്‍ കമ്മീഷന്‍ ആവശ്യപ്പെട്ട രേഖകള്‍ പോലിസ് ഹാജരാക്കാത്തതില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി അതൃപ്തി രേഖപ്പെടുത്തി. എഫ്‌ഐആര്‍, ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകള്‍ എന്നിവയാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.
ജിഷ വധക്കേസില്‍ സംഭവം നടന്ന സ്ഥലം സീല്‍ ചെയ്തത് എപ്പോഴാണെന്ന് കമ്മീഷന്‍ സംസ്ഥാന പോലിസ് മേധാവിയോട് ചോദിച്ചിരുന്നു. സീല്‍ ചെയ്യാന്‍ താമസമുണ്ടായതിനെക്കുറിച്ച് വിശദീകരിക്കാനും പോലിസിനോട് ആവശ്യപ്പെട്ടിരുന്നു. കേസ് ആദ്യം അനേ്വഷിച്ച പോലിസുദേ്യാഗസ്ഥരുടെ വിവരങ്ങളും അനേ്വഷിച്ചിരുന്നു. എന്നാല്‍, പ്രസ്തുത വിവരങ്ങള്‍ പോലിസ് തിങ്കളാഴ്ച കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തിലുണ്ടായിരുന്നില്ല. അനേ്വഷണത്തില്‍ വീഴ്ചയുണ്ടായെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നതിനു വേണ്ടിയാണ് ഇത്തരം വിവരങ്ങള്‍ ആവശ്യപ്പെട്ടതെന്ന് ജസ്റ്റിസ് ജെബി കോശി പറഞ്ഞു. പോലിസ് മേധാവിയും ആഭ്യന്തര സെക്രട്ടറിയും സമര്‍പ്പിച്ച റിപോര്‍ട്ടുകള്‍ കമ്മീഷന്‍ തള്ളി. കമ്മീഷന്‍ ആവശ്യപ്പെട്ട രേഖകള്‍ സംസ്ഥാന പോലിസ് മേധാവി ജൂലൈ 5ന് ഹാജരാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അനേ്വഷണം ആവശ്യമില്ലെന്നും എഡിജിപി ബി സന്ധ്യയെ അനേ്വഷണച്ചുമതല ഏല്‍പിച്ചിട്ടുണ്ടെന്നുമാണ് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകണത്തില്‍ പറയുന്നത്.
ഒമ്പത് ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യംചെയ്തു. ചിലര്‍ നിരീക്ഷണത്തിലാണ്. ജിഷയ്ക്ക് വീടും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതിരുന്നത് ഭരണസംവിധാനത്തിന്റെ വീഴ്ചയാണെന്നും ഡിജിപിയുടെ റിപോര്‍ട്ടിലുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ കമ്മീഷന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.
അതേസമയം, എഡിജിപി ബി സന്ധ്യയെ ജിഷ വധക്കേസ് അനേ്വഷണം ഏല്‍പിച്ചത് സ്വാഗതാര്‍ഹമാണെന്നും അനേ്വഷണത്തില്‍ കമ്മീഷന്‍ ഇടപെടുകയില്ലെന്നും ജസ്റ്റിസ് ജെബി കോശി വ്യക്തമാക്കി. വനിതാ ഉദേ്യാഗസ്ഥ അനേ്വഷിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നതാണ്. ജിഷ വധക്കേസ് അനേ്വഷിക്കുന്നതില്‍ ആദ്യകാലത്ത് പോലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കമ്മീഷന്‍ വിലയിരുത്തി. ഇത് കൊലയാളി രക്ഷപ്പെടാനിടയാക്കി. പാവപ്പെട്ട പട്ടികവിഭാഗക്കാര്‍ മരിക്കുമ്പോള്‍ പോലിസുകാര്‍ക്ക് നടപടിയെടുക്കാന്‍ മടിയാണെന്ന് ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു.
ജിഷ ഒരു ഉദാഹരണം മാത്രം. വീട്ടില്‍നിന്നും അതിരാവിലെ മോട്ടോര്‍ സൈക്കിളില്‍ റബര്‍ ടാപ്പിങ്ങിന് പോയ പട്ടികവിഭാഗക്കാരനായ തൊഴിലാളി വനത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും ഒരനേ്വഷണവുമുണ്ടായില്ല. ഒരു എഎസ്‌ഐയെയാണ് അനേ്വഷണം ഏല്‍പിച്ചത്. മരിച്ചയാളുടെ മോട്ടോര്‍ സൈക്കിള്‍പോലും കണ്ടെത്തിയില്ലെന്ന് ജസ്റ്റിസ് ജെ ബി കോശി ചൂണ്ടിക്കാണിച്ചു. സാമ്പത്തിക, രാഷ്ട്രീയ പിന്തുണയില്ലാത്ത പട്ടികവിഭാഗക്കാര്‍ മരിച്ചാല്‍ പോലിസ് ശ്രദ്ധിക്കാറില്ലെന്നതിന്റെ ഉദാഹരണമാണ് രണ്ടു സംഭവങ്ങളും. മാധ്യമങ്ങള്‍ ഇടപെട്ടതുകൊണ്ടാണ് ജിഷ വധക്കേസ് പൊതുജനങ്ങള്‍ അറിഞ്ഞതെന്നും കമ്മീഷന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it