ജിഷ വധം: കൂട്ടുപ്രതിയുടെ സാധ്യത തള്ളി പോലിസ്

കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് അമീറുല്‍ ഇസ്‌ലാം ഒറ്റയ്ക്കാണെന്ന് പോലിസ് നിഗമനം. ഇതോടെ കൂട്ടുപ്രതിയുടെ സാധ്യതയും പോലിസ് തള്ളുന്നു. അമീറുല്‍ ഇസ്‌ലാം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും വീട്ടില്‍ നിന്ന് കിട്ടിയ വിരലടയാളം സംഭവസ്ഥലത്ത് എത്തിയ മറ്റാരുടെയെങ്കിലും ആവാമെന്നുമാണ് പോലിസിന്റെ അനുമാനം.
കൊലപാതകത്തിന് ശേഷം ജിഷയുടെ വീട്ടില്‍നിന്ന് മറ്റൊരാളുടെ വിരലടയാളംകൂടി പോലിസിന് ലഭിച്ചിരുന്നു. ഇത് പ്രതി അമീറുല്‍ ഇസ്‌ലാമിന്റേതല്ലെന്ന് വ്യക്തമായതോടെ കൊലപാതകത്തില്‍ പങ്കുള്ള ഒരു കൂട്ടുപ്രതിയുടെ സാന്നിധ്യം പോലിസ് സംശയിച്ചിരുന്നു. എന്നാല്‍, കൊലപാതകം നടന്ന ദിവസം നാട്ടുകാരും പോലിസുകാരുമടക്കം നിരവധി പേര്‍ ജിഷയുടെ വീട്ടില്‍ കടന്നുവെന്നും ഇവരില്‍ ആരുടെയെങ്കിലുമാവാം ഈ വിരലടയാളമെന്നുമാണ് പോലിസ് ഇപ്പോള്‍ പറയുന്നത്. ഇതുവരെയുള്ള തെളിവെടുപ്പും പ്രതിയുടെയും സാക്ഷികളുടെയും മൊഴികളും അടിസ്ഥാനപ്പെടുത്തി പരിശോധിക്കുമ്പോള്‍ പ്രതി അമീറുല്‍ ഇസ്‌ലാം ഒറ്റയ്ക്ക് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായതായും പോലിസ് പറയുന്നു.
പ്രതി ജിഷയുടെ വീട്ടിലെത്തിയ ശേഷം എങ്ങനെ കൊലപാതകം നടത്തിയെന്നത് സംബന്ധിച്ച വിവരം തങ്ങള്‍ക്ക് ലഭിച്ചെന്നും പോലിസ് വ്യക്തമാക്കുന്നു. ജിഷയുടെ ശരീരത്തിലെ 38ഓളം മുറിവുകള്‍, ശ്വാസതടസ്സം എന്നിങ്ങനെ വിവിധ കാരണങ്ങള്‍കൊണ്ടാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ചിനും എട്ടിനും ഇടയിലാണ് മരണം സംഭവിച്ചതെന്നും റിപോര്‍ട്ട് പറയുന്നു. എന്നാല്‍, മറ്റൊരു വിദഗ്ധ ഫോറന്‍സിക് സര്‍ജന്റെ റിപോര്‍ട്ട് പ്രകാരം വൈകീട്ട് 5നും 5.30നും ഇടയ്ക്കാണ് ജിഷയുടെ മരണം സംഭവിച്ചിരിക്കുന്നത്. ഇതിന് കാരണമായത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുമാണ്. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ആറു ദിവസത്തെ ചോദ്യംചെയ്യലിലൂടെ പ്രതിയില്‍നിന്ന് പോലിസിന് ലഭിച്ചത്.
വൈകീട്ട് അഞ്ച് മണിയോടെ ജിഷയുടെ വീട്ടിലെത്തിയ പ്രതി, വീടിന്റെ പിന്‍വാതിലിനടുത്ത് നിന്ന ജിഷയെ അകത്തേക്ക് തള്ളിയിടുകയായിരുന്നു. വാതിലടച്ച ശേഷം ജിഷയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ജിഷ പ്രതിരോധിച്ചപ്പോള്‍ കൈയിലുണ്ടയിരുന്ന കത്തികൊണ്ട് കഴുത്തില്‍ കുത്തി. അതിനുശേഷം വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ ജിഷ വെള്ളം ചോദിച്ചപ്പോള്‍ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തു.
എന്നാല്‍, അബോധാവസ്ഥയിലുള്ള ഒരാളുടെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്താല്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടാവുമോയെന്ന സംശയമുണ്ടായിരുന്നു. മദ്യം ഒഴിച്ചുകൊടുത്ത ശേഷമാണ് ജിഷയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതെന്നും പിന്നെയും അര മണിക്കൂറോളം ഹൃദയം പ്രവര്‍ത്തിച്ചിരുന്നെന്നുമാണ് ഇപ്പോള്‍ വിദഗ്ധരുടെ സഹായത്താല്‍ പോലിസ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം അമീറുല്‍ ഇസ്‌ലാമിനെ ഇന്നു മുതല്‍ തെളിവെടുപ്പിനായി കൊണ്ടുപോവുമെന്നും സൂചനകളുണ്ട്. ജിഷയുടെ വീട്ടിലും കാഞ്ചീപുരത്തും ആവശ്യമെങ്കില്‍ അസമിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ ആലുവ പോലിസ് ക്ലബ്ബിലെത്തിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അമീറിനെ ചോദ്യംചെയ്തു. എന്നാല്‍, അമീറിന്റെ മൊഴിയിലെ വൈരുധ്യം പോലിസിനെ കുഴയ്ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it