Flash News

ജിഷ വധം: അന്വേഷണത്തിന് ഇനിയും സമയമെടുക്കുമെന്ന് എഡിജിപി ബി സന്ധ്യ

പെരുമ്പാവൂര്‍: ജിഷ വധവുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള എഡിജിപി ബി സന്ധ്യ പെരുമ്പാവൂരിലെത്തി ജിഷയുടെ വീട് സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തി. ജിഷയുടെ അയല്‍ക്കാരെക്കണ്ട്് അന്വേഷണസംഘം വിവരങ്ങള്‍ അന്വേഷിച്ചു.  കേസന്വേഷണത്തിന് സമയമെടുക്കുമെന്നും  ക്ഷമയാണ് ഈ ഘട്ടത്തില്‍ ആവശ്യമെന്ന് എഡിജിപി സൂചിപ്പിച്ചു.
എന്നാല്‍ പഴയ അന്വേഷണസംഘത്തെക്കുറിച്ചോ ഇതുവരെയുള്ള അന്വേഷണത്തെക്കുറിച്ചോ യാതൊരു പ്രതികരണത്തിനും എഡിജിപി തയ്യാറായില്ല.
എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘത്തിനാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണച്ചുമതല. പുതിയ അന്വേഷണ സംഘം ജിഷ വധക്കേസില്‍ ഇതുവരെയുള്ള പുരോഗതി വിലയിരുത്തിയതായാണ് വിവരം.ജിഷയുടെ മാതാവ് ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജിഷ കൊലചെയ്യപ്പെട്ട ഏപ്രില്‍ 28ന് തൊട്ടടുത്ത ദിവസങ്ങളില്‍ കിഴക്കമ്പലം പെരിയാര്‍വാലി കനാലില്‍ നാട്ടുകാര്‍ കണ്ടതായി പറയുന്ന രക്തം പുരണ്ട വെട്ടു കത്തിയും വസ്ത്രങ്ങളും കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. ആ പ്രദേശങ്ങളില്‍ വ്യാപക പരിശോധന നടത്തിയിരുന്നുവെങ്കിലും ഇതുവരേയും ഇത് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആ ദിവസങ്ങളില്‍ കൃത്യമായ വിവരം പോലിസിന് നാട്ടുകാര്‍ നല്‍കിയിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അവഗണിച്ചതായാണ് വിവരം.
നിലവിലെ അന്വേഷണ സംഘത്തിലെ മുഴുവന്‍ ആളുകളേയും മാറ്റുമെന്നാണ് അറിയുന്നത്. ജിഷ മരിച്ചിട്ട് ഒരു മാസമാകുമ്പോഴും ഇതുവരേയും കൃത്യമായ നിഗമനത്തിലെത്താന്‍ പോലിസിന് സാധിച്ചിട്ടില്ല.
Next Story

RELATED STORIES

Share it