ജിഷ കൊലപാതകം; അന്വേഷണം പ്രഫഷനലല്ല: ജസ്റ്റിസ് നാരായണക്കുറുപ്പ്

കൊച്ചി: ജിഷവധക്കേസില്‍ പ്രഫഷനലായ രീതിയിലല്ല പോലിസ് അന്വേഷണം നടത്തുന്നതെന്ന് പോലിസ് കംപ്ലയ്ന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. പാറശാല കസ്റ്റഡിമരണം സംബന്ധിച്ച പരാതിയില്‍ സിറ്റിങ് നടത്തുന്നതിനിടെയാണ് ജിഷവധക്കേസിനെക്കുറിച്ച് ജസ്റ്റിസ് നാരായണ കുറുപ്പിന്റെ പരാമര്‍ശം.
കേസ് കൈകാര്യം ചെയ്യുന്നതില്‍ പോലിസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇത്തരമൊരു കേസില്‍ പാലിക്കേണ്ട ചട്ടങ്ങളും മുന്‍കരുതലുകളും ജിഷവധക്കേസില്‍ പാലിച്ചതായി കാണുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കാതെ പോയത് ഗുരുതരമായ പാളിച്ചയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൃതദേഹം ദഹിപ്പിക്കാന്‍ പോലിസ് അനുമതി നല്‍കിയതോടെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യത ഇല്ലാതായി.
ഇത്തരം കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലം സുരക്ഷിതമായി സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജിഷയുടെ വീട്ടില്‍ ആളുകള്‍ കയറി ഇറങ്ങുകയായിരുന്നു. കൊലപാതകം നടന്ന് അഞ്ചാം ദിവസമാണ് പോലിസ് വീട് സീല്‍ ചെയ്തത്. തുടക്കത്തില്‍ ലഭിക്കേണ്ട നിര്‍ണായകമായ തെളിവുകള്‍ നഷ്ടപ്പെട്ട ശേഷം എന്തു തരം അന്വേഷണമാണ് പോലിസ് നടത്തുന്നതെന്ന് അറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
രാജീവ്ഗാന്ധി വധക്കേസില്‍ പോലും നിര്‍ണായകമായത് സംഭവസ്ഥലത്തു നിന്ന് ലഭിച്ച സ്റ്റില്‍ കാമറയായിരുന്നു. കൃത്യം നടന്നയുടന്‍ തന്നെ പോലിസ് സ്ഥലം സീല്‍ ചെയ്തത് കൊണ്ട് മാത്രമാണ് ഈ തെളിവ് ലഭിച്ചതെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it