Editorial

ജിഷ കൊലക്കേസ് അന്വേഷണം തുടരട്ടെ

അമ്പത് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതിയെ പോലിസിന് പിടികൂടാന്‍ കഴിഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനുള്ള തെളിവുകള്‍ ഏറക്കുറേ നഷ്ടപ്പെടുകയും അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമോ എന്ന ആശങ്ക വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതി പോലിസിന്റെ വലയിലാവുന്നത്. ഇത് കേരള പോലിസിന്റെ മിടുക്കിലേക്കും കാര്യക്ഷമതയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. ഇപ്പോള്‍ പിടിയിലായ വ്യക്തിതന്നെയാണ് കൊല നടത്തിയത് എന്ന് കോടതിയില്‍ തെളിയിക്കാന്‍ കൂടി കഴിഞ്ഞാല്‍ അത് കേരള പോലിസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ തന്നെ.
എന്നാല്‍, ജിഷ വധക്കേസന്വേഷണവുമായി കേരളത്തില്‍ നടന്നുവരുന്ന ചര്‍ച്ചകളും രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നണികളും ഇതുസംബന്ധിച്ചു നടത്തുന്ന വിഴുപ്പലക്കലുകളും ഒരിക്കലും പൊറുപ്പിക്കാവുന്നതല്ല. തിരഞ്ഞെടുപ്പിന്റെ ചൂട് കൂടിയതുമൂലമാവാം തുടക്കം മുതല്‍ക്കു തന്നെ ജിഷയുടെ കൊലപാതകാന്വേഷണം പൊതുസമൂഹം അനാവശ്യമായ തോതില്‍ ഏറ്റെടുത്തിരുന്നു. അതിദാരുണമായി വധിക്കപ്പെട്ട ആ ദലിത് പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടു എന്നു പറഞ്ഞ് നിരവധി സംഘടനകള്‍ തെരുവിലിറങ്ങിയിരുന്നു. എന്നാല്‍, സംഭവത്തെ രാഷ്ട്രീയലാക്കോടുകൂടി നോക്കിക്കാണാനാണ് കേരളത്തിലെ ഇരുമുന്നണികളും ബിജെപിയും ശ്രമിച്ചത്. അനാത്മാര്‍ഥമായിരുന്നു അവരുടെ നീക്കങ്ങള്‍. ജിഷയുടെ കൊലപാതകം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയും ചെയ്തു. അന്വേഷണത്തിലുണ്ടായി എന്നു പറയപ്പെടുന്ന വീഴ്ചകള്‍ക്ക് യുഡിഎഫ് കുറച്ചൊന്നുമല്ല വിലകൊടുക്കേണ്ടിവന്നത്. പെരുമ്പാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സാജു പോള്‍ തോല്‍ക്കാനും ജിഷ നിമിത്തമായി. ജീവിച്ചിരുന്ന ജിഷയ്ക്ക് സാധിക്കാത്ത പലതുമാണ് മരിച്ചുപോയ ജിഷയ്ക്ക് ചെയ്യാന്‍ കഴിഞ്ഞത്.
പ്രതിയെ പിടികൂടിയത് അഭിമാനാര്‍ഹമാണ്. പക്ഷേ, അതേച്ചൊല്ലിയുമുണ്ട് തര്‍ക്കം. യുഡിഎഫിന്റെ പോലിസ് കുളമാക്കിയ അന്വേഷണം ഞങ്ങള്‍ നേര്‍വഴിക്ക് കൊണ്ടുവന്നുവെന്നും പ്രതിയെ പിടികൂടി എന്നുമാണ് എല്‍ഡിഎഫ് വൃത്തങ്ങള്‍ പറയുന്നത്. തങ്ങളുടെ പോലിസ് നടത്തിയ അന്വേഷണ നടപടികളുടെ തുടര്‍ച്ചയല്ലാതെ മറ്റൊന്നും ഇപ്പോഴുണ്ടായിട്ടില്ലെന്ന് യുഡിഎഫും പറയുന്നു. ഏതായാലും പ്രതിയെ പിടികൂടിയതിന്റെ പേരില്‍ കോടിയേരിയെയും രമേശ് ചെന്നിത്തലയെയും പോലുള്ള ഉയര്‍ന്ന നേതാക്കള്‍പോലും ഏറ്റുമുട്ടുന്ന സ്ഥിതിയാണുള്ളത്. ഇത് ഒരിക്കലും പക്വമായ ജനാധിപത്യവ്യവസ്ഥയ്ക്ക് ചേരാത്തതാണ്. പോലിസിന്റെ അന്വേഷണത്തില്‍ പാളിച്ചകളുണ്ടാവും, അലംഭാവമുണ്ടാവും, അതിനെ കാര്യക്ഷമതകൊണ്ടും മിടുക്കുകൊണ്ടും മറികടക്കാനുമാവും. ജിഷയുടെ കൊലയാളിയെ പിടികൂടാന്‍ കഴിഞ്ഞതിനെ ആ നിലയ്ക്കു മാത്രം കണ്ടാല്‍ മതി. രാഷ്ട്രീയപ്പാര്‍ട്ടികളും സോഷ്യല്‍ മീഡിയയും പത്രങ്ങളുമൊക്കെ കൂടി അന്വേഷണ നടപടികളെയും പോലിസിനെയും വെറുതെവിട്ടാല്‍ അത്രയും നന്ന്. അവരെല്ലാം നടത്തുന്ന മുന്‍കൂര്‍ വിചാരണകളാണ് നീതിനിര്‍വഹണത്തിനു തടസ്സമാവാറ്.
Next Story

RELATED STORIES

Share it