Kerala

ജിഷയെ കൊന്നത് മാനഭംഗശ്രമത്തിനിടെ

ജിഷയെ കൊന്നത് മാനഭംഗശ്രമത്തിനിടെ
X
jisha

കൊച്ചി: ബലാല്‍സംഗശ്രമം ചെറുത്തതിനെ തുടര്‍ന്നുണ്ടായ പകയും വിദ്വേഷവുമാണു പ്രതി അമീറുല്‍ ഇസ്‌ലാം ജിഷയെ ക്രൂരമായി കൊലപ്പെടുത്താന്‍ കാരണമെന്നു പെരുമ്പാവൂര്‍ കോടതിയില്‍ പോലിസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ട്. പ്രതിയെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ആറു പേജുള്ള റിപോര്‍ട്ട് കൈമാറിയത്.
ഏപ്രില്‍ 28ന് വൈകീട്ട് അഞ്ചിന് വീടിനു മുമ്പില്‍ അമ്മയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ജിഷ. വീട്ടില്‍ മറ്റാരുമില്ലെന്നു മനസ്സിലാക്കിയ പ്രതി അതിക്രമിച്ചുകടന്ന് ജിഷയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ യുവതി എതിര്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. മൂക്കും വായും പൊത്തിപ്പിടിച്ച് തറയില്‍ വീഴ്ത്തി മാനഭംഗപ്പെടുത്താനായിരുന്നു പിന്നീടുള്ള നീക്കം. എന്നാല്‍ ജിഷ ശക്തമായി എതിര്‍ത്തതോടെ പ്രതി കൈയില്‍ കരുതിയ കത്തികൊണ്ട് പലവട്ടം കുത്തി മുറിവേല്‍പ്പിച്ചു. തന്റെ ഇംഗിതം നടക്കാത്തതിലുള്ള കടുത്ത വിദ്വേഷംമൂലം യുവതിയുടെ ജനനേന്ദ്രിയത്തിലും കത്തികയറ്റി. ആന്തരാവയവങ്ങള്‍ പുറത്തുചാടത്തക്കവിധം മാരകമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ജിഷയുടെ വസ്ത്രത്തിലുണ്ടായ കടിയേറ്റ പാട് ശാസ്ത്രീയ പരിശോധന നടത്തിയതില്‍ പ്രതിയുടേതെന്നു സംശയിക്കുന്ന പുരുഷന്റെ ഡിഎന്‍എ ലഭിച്ചു. വാതില്‍ കട്ടിളയില്‍നിന്നു ലഭിച്ച രക്തസാംപിളില്‍നിന്ന് കിട്ടിയത് അതേ വ്യക്തിയുടെ ഡിഎന്‍എ തന്നെ. കനാലില്‍ കണ്ടെത്തിയ ചെരിപ്പിലുണ്ടായ രക്തം ജിഷയുടേതാണെന്നും തിരിച്ചറിഞ്ഞു. ഈ ചെരിപ്പ് പ്രതി ഉപയോഗിച്ചിരുന്നതാണെന്ന് ഇയാളുടെ സഹപ്രവര്‍ത്തകരായ മുനീറുല്‍ ജമാലും സുജലും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
സൈബര്‍ സെല്‍ പരിശോധയില്‍ പ്രതി കാഞ്ചീപുരത്ത് ഉണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് ഡിവൈഎസ്പി സോജനും സംഘവും 15ന് ഇയാളെ കണ്ടെത്തി. ആലുവയിലെത്തിച്ച് നടത്തിയ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it