ജിഷയുടെ സഹോദരി ദീപയുടെ മൊഴികളിലെ വൈരുധ്യം അന്വേഷണസംഘത്തെ കുഴയ്ക്കുന്നു; വിരലടയാളം ബംഗളൂരു ആധാര്‍ കേന്ദ്രത്തിലെത്തിച്ച് പരിശോധിക്കും

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്. അന്വേഷണം ശരിയായ ദിശയിലാണെന്ന് പോലിസ് പറയുമ്പോഴും കൊലപാതകം നടന്ന് 12 ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ പോലിസ് വിയര്‍ക്കുകയാണ്. ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി കൊലയാളിയുടെ വിരലടയാളം ബംഗളൂരുവിലെ ആധാര്‍ കേന്ദ്രത്തിലെത്തിച്ചു പരിശോധിക്കും. ജിഷയുടെ സഹോദരി ദീപയുടെ മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്. ദീപ ആദ്യം പോലിസിനും പിന്നീട് വനിതാ കമ്മീഷനും നല്‍കിയ മൊഴികളിലാണു വൈരുധ്യമുള്ളത്. ഇതേത്തുടര്‍ന്ന് ഇന്നലെ ദീപയെ പോലിസ് വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തു. പല കാര്യങ്ങളും ഇവര്‍ തുറന്നുപറയാന്‍ തയ്യാറാവുന്നില്ല. രണ്ടു മൊബൈല്‍ ഫോണ്‍ ദീപ ഉപയോഗിച്ചിരുന്നതായാണ് പോലിസിന്റെ കണ്ടെത്തല്‍. ഇതില്‍ ഒരെണ്ണത്തിന്റെ കാര്യം മാത്രമെ ദീപ അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നുള്ളൂ. രണ്ടാമത്തെ ഫോണില്‍ ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍നമ്പരുകളുണ്ടെന്ന വിവരം ലഭിച്ചതായാണു സൂചന. ഇന്നലെ വനിതാ പോലിസുകാരാണ് ദീപയെ ചോദ്യംചെയ്തത്. മുന്‍കൂട്ടി തയ്യാറാക്കിയ നൂറ് ചോദ്യങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചോദിച്ചു തീര്‍ക്കാനുള്ള പോലിസിന്റെ ശ്രമവും ദീപയുടെ ചില ഉത്തരങ്ങള്‍ മുടക്കിയതായാണു സൂചന. തുടര്‍ന്ന് ദീപയെ വെങ്ങോല ടാങ്ക്‌സിറ്റിയിലുള്ള വീട്ടിലെത്തിക്കുകയും അവിടെ പൂട്ടിയ നിലയില്‍ കണ്ടെത്തിയ അലമാര തുറപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാണ് മറ്റൊരു മൊബൈല്‍ ഫോണ്‍ ലഭിച്ചിരിക്കുന്നതെന്നാണു വിവരം. ദീപയുടെ ഇതര സംസ്ഥാനക്കാരനായ സുഹൃത്തിലേക്ക് അന്വേഷണം നീങ്ങുന്നുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നതോടെ ഇതിനെതിരേ ദീപ രംഗത്തുവന്നിരുന്നു. തനിക്ക് ഇതര സംസ്ഥാനക്കാരനായ സുഹൃത്തില്ലെന്നും ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു ദീപയുടെ വിശദീകരണം. എന്നാല്‍, ഇത് പൂര്‍ണമായും പോലിസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. മലയാളം സംസാരിക്കുന്ന ഇതര സംസ്ഥാനക്കാരനെ അന്വേഷിച്ചാണ് പോലിസിന്റെ അന്വേഷണം മുന്നോട്ടുനീങ്ങുന്നത്. ജിഷയുടെ മാതാവിനെയും സഹോദരിയെയും കൂടുതല്‍ ചോദ്യംചെയ്യലിനു വിധേയമാക്കണമെന്ന അഭിപ്രായത്തിലാണ് അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍. ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ഇതേവരെ കണ്ടെത്താന്‍ കഴിയാത്തത് പോലിസിന് വലിയ തിരിച്ചടിയാണ്. കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തുന്നതിനായി ഇന്നലെയും ജിഷയുടെ വീടിന്റെ സമീപപ്രദേശങ്ങളിലും കനാലിനു സമീപവും പോലിസ് അരിച്ചുപെറുക്കി. ജിഷയുടെ ആന്തരികാവയവങ്ങളുടെ പരിശോധന വേഗത്തില്‍ ആക്കണമെന്നാവശ്യപ്പെട്ട് പോലിസ് ഫോറന്‍സിക് ലാബിനെ സമീപിച്ചിട്ടുണ്ട്. മറ്റു കാര്യമായ തെളിവുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ആന്തരികവായവങ്ങളുടെ പരിശോധനാഫലം നിര്‍ണായകമാവുമെന്നാണ് പോലിസ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റഡിയിലെടുത്ത ചില വ്യക്തികളെ ഇന്നലെ പോലിസ് വിട്ടയച്ചിരുന്നു. പോലിസ് അന്വേഷണ സംഘത്തില്‍ സഹകരിപ്പിക്കുന്ന നാട്ടുകാരായ രണ്ട് വ്യക്തികള്‍ നല്‍കിയ ചില മൊഴികള്‍ കേസന്വേഷണത്തിനു സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഇവരുടെ ചില നിഗമനങ്ങള്‍ക്ക് പോലിസിന്റെ അന്വേഷണവുമായി സാമ്യമുണ്ട്. കാണാതായി എന്നു പറയപ്പെടുന്ന ജിഷയുടെ ഫോണ്‍ കിട്ടിയാല്‍ സുഹൃത്തുക്കളെയും മറ്റും കണ്ടെത്താനും അന്വേഷണത്തിന്റെ പ്രധാന തെളിവുകള്‍ ലഭ്യമാക്കാനും സാധിക്കുമെന്നാണ് പോലിസിന്റെ കണക്കുകൂട്ടല്‍. ഇതോടൊപ്പം നൃത്തം നന്നായി വശമുണ്ടായിരുന്ന ജിഷ അമ്പലങ്ങളിലും മറ്റും സ്റ്റേജ് ഷോകള്‍ക്കു പോവാറുണ്ടായിരുന്നു. ഇടക്കാലത്ത് ഇത്തരം പരിപാടികള്‍ക്കു പോവാതെയായി. ഇതിന്റെ കാരണവും പോലിസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കൊല നടന്ന സ്ഥലത്തുനിന്നു കിട്ടിയ വിരലടയാളവും പ്രതിയുടേതെന്നു കരുതുന്ന ചെരുപ്പും മാത്രമാണ് പോലിസിന് ഇപ്പോഴുള്ള പ്രധാനപ്പെട്ട തെളിവ്. ഈ സാഹചര്യത്തില്‍ ആധാര്‍ കാര്‍ഡ് വിവരങ്ങളുമായിട്ടുള്ള അന്വേഷണമാണു നടക്കുന്നത്. ഇതിനായി ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ച വിരലടയാളം ബംഗളൂരിലെ ആധാര്‍ കേന്ദ്രത്തില്‍ എത്തിച്ച് പരിശോധന നടത്താനാണു തീരുമാനം. ഇതിനായി കുറുപ്പംപടി മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയും തേടി. ഇത്തരത്തിലുള്ള ശാസ്ത്രീയമായ അന്വേഷണത്തില്‍ പ്രതികളെ പിടികൂടാന്‍ കഴിയുമെന്നാണ് പോലിസ് കരുതുന്നത്. കൊലയാളി, അന്വേഷണ സംഘത്തെ വഴിതെറ്റിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയതായും പോലിസിനു ബോധ്യപ്പെട്ടിട്ടുണ്ട്. രണ്ടാംഘട്ട പരിശോധനയില്‍ വീടിന് പരിസരത്തുനിന്നു കണ്ടെടുത്ത നിര്‍മാണ തൊഴിലാളി ഉപയോഗിച്ചുവെന്നു കരുതുന്ന ചെരുപ്പും പണിയായുധങ്ങളും വീടിനു സമീപം മനപ്പൂര്‍വം ഇട്ടതാണോയെന്നും പോലിസ് സംശയിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it