ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതില്‍ ദുരൂഹത വര്‍ധിക്കുന്നു; എസ്‌ഐയുടെ കത്ത് പുറത്ത്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് തിടുക്കത്തില്‍ ദഹിപ്പിച്ചതിനു പിന്നില്‍ ദുരൂഹതകളേറെ. മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനത്തിലെ ജീവനക്കാരെ പോലിസ് അതിനു നിര്‍ബന്ധിക്കുകയായിരുന്നു. ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയ കുറുപ്പംപടി പോലിസ് സബ്ഇന്‍സ്‌പെക്ടറുടെ കത്തിന്റെ കോപ്പി പുറത്തായി.
ദുരൂഹസാഹചര്യങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ലെന്നാണു നിയമം. ജിഷയുടെ മൃതദേഹം മലമുറി പൊതുശ്മശാനത്തില്‍ ദഹിപ്പിക്കുകയാണു ചെയ്തത്. മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ച പെരുമ്പാവൂര്‍ കൂവപ്പടി സ്വദേശിയുടെ മൃതദേഹം ദഹിപ്പിച്ചതിനു ജീവനക്കാര്‍ ഏറെ പുലിവാല് പിടിച്ചിരുന്നു. ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മലമുറി ശ്മശാനത്തിലെത്തിച്ചെങ്കിലും ജീവനക്കാര്‍ ദഹിപ്പിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചതോടെ കുറുപ്പംപടി എസ്‌ഐയുടെ രേഖാമൂലമുള്ള കത്ത് പെരുമ്പാവൂര്‍ നഗരസഭ സെക്രട്ടറിക്കു നല്‍കി.
കുറുപ്പംപടി പോലിസ് സ്‌റ്റേഷന്‍ ക്രൈം നമ്പര്‍ 909/2016 കേസില്‍ മരണപ്പെട്ട രായമംഗലം വില്ലേജില്‍ ഇരിങ്ങോള്‍ കരയില്‍ കുറ്റിക്കാട്ട് പറമ്പില്‍ വീട്ടില്‍ രാജേശ്വരിയുടെ 30 വയസ്സുള്ള മകള്‍ ജിഷയുടെ മൃതശരീരം പോലിസ് നടപടികള്‍ക്കു ശേഷം മതാചാരപ്രകാരം ദഹിപ്പിക്കുന്നതിനു ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തിട്ടുള്ളതാണെന്നും ഈ മൃതദേഹം ദഹിപ്പിക്കുന്നതിനു മറ്റു നിയമതടസ്സം ഒന്നുമില്ലെന്നും കുറുപ്പംപടി എസ്‌ഐ പെരുമ്പാവൂര്‍ നഗരസഭ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഈ കത്ത് ലഭിച്ചതിനു ശേഷമാണ് ജിഷയുടെ മൃതദേഹം സംസ്‌കരിച്ചത്.
ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഫോണില്‍ ബന്ധപ്പെട്ട് ജീവനക്കാരനോട് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുനല്‍കിയെന്നും ജീവനക്കാരന്‍ പറയുന്നു. ദുരൂഹമരണമായതിനാല്‍ മൃതദേഹം മറവുചെയ്യണമെന്നുള്ള ബന്ധുക്കളുടെ ആവശ്യവും മറികടന്നാണ് പോലിസ് സംസ്‌കാരം നടത്തിയതെന്ന ആക്ഷേപം ശക്തമാണ്. ഹൈന്ദവ വിശ്വാസപ്രകാരം സൂര്യാസ്തമനത്തിനു ശേഷം മൃതദേഹം സംസ്‌കരിക്കരുതെന്നു ചില മുതിര്‍ന്ന ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അത് അവഗണിച്ച് രാത്രി ഒമ്പതുമണിക്കാണ് സംസ്‌കാരം നടന്നത്.
കൂടാതെ ഇത്തരം ദുരൂഹമരണങ്ങളില്‍ വൈകീട്ട് അഞ്ചിനു ശേഷം മൃതദേഹം സംസ്‌കരിക്കാന്‍ പാടില്ലെന്ന നിയമവും കാറ്റില്‍പ്പറത്തി. നഗരസഭ നിര്‍ദേശിച്ചതനുസരിച്ചാണ് രാത്രി ഏറെ വൈകിയും മൃതദേഹം സംസ്‌കരിച്ചതെന്നു ശ്മശാനം നടത്തിപ്പുകാരന്‍ പറഞ്ഞു.
സംസ്‌കരിക്കാനായി ശ്മശാനത്തിലെത്തിച്ച മൃതദേഹം സഹോദരിയും മറ്റും ഇവിടെവച്ചു കണ്ടിരുന്നു. അതിനു ശേഷമാണ് മൃതദേഹം ദഹിപ്പിക്കാന്‍ അകത്തേക്കു കൊണ്ടുപോയത്. രായമംഗലം പഞ്ചായത്ത് മെംബര്‍മാരും ഉണ്ടായിരുന്നു. ആലപ്പുഴയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കൊണ്ടുവരാന്‍ വൈകിയതിനെത്തുടര്‍ന്നാണു സംസ്‌കാരവും വൈകിയത്. മുനിസിപ്പാലിറ്റിയില്‍ നിന്നു ലഭിച്ച നിര്‍ദേശപ്രകാരമാണ് രാത്രിയായിട്ടും മൃതദേഹം ദഹിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it