wayanad local

ജിഷയുടെ മരണം: സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടന്നെന്നു പിണറായി

കല്‍പ്പറ്റ: പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടന്നുവെന്നു സംശയിക്കുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.
സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം നീതി പൂര്‍വമല്ല. സര്‍ക്കാര്‍ ഇടപെടലിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഭാഗമായി അന്വേഷണോദ്യോഗസ്ഥര്‍ എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ ഉന്നത വനിതാ പോലിസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിക്കണം. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും നീചമായ കൊലപാതകം നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടും കുറ്റവാളിയെ പിടികൂടാന്‍ ബാധ്യതയുള്ള പോലിസ് നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചില്ല. തെളിവുകള്‍ ശേഖരിച്ചില്ല. വീട് ബന്തവസിലെടുക്കാനും തയ്യാറായില്ല.
ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട പോലിസ് ഇക്കാര്യത്തില്‍ കൃത്യവിലോപം വരുത്തിയത് ആരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നു വ്യക്തമാക്കണം. പോലിസ് സര്‍ജനും വിദഗ്ധ ഡോക്ടര്‍മാരും അടങ്ങിയ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടത്. എന്നാല്‍, പിജി വിദ്യാര്‍ഥിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തെളിവുകള്‍ സൂക്ഷിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ജാഗ്രതപൂര്‍വമായ പ്രവര്‍ത്തനമല്ല പോലിസ് നടത്തിയത്. മഹസര്‍ തയ്യാറാക്കിയപ്പോള്‍ തന്നെ സംഭവത്തിന്റെ ഗൗരവം മനസ്സിലായിട്ടും ഉചിതമായ നടപടി സ്വീകരിച്ചില്ല. ഈ കേസ് പുറത്തു കൊണ്ടുവരാതിരിക്കാനും മറച്ചുവയ്ക്കാനും ഉന്നതങ്ങളില്‍ ഇടപെടലുണ്ടായി. പ്രതികളെ ഇതുവരെ പിടികൂടിയില്ല. ഉന്നതനായ പോലിസ് മേധാവി പ്രഖ്യാപിച്ചത് ഒരാളാണ് കൊല നടത്തിയതെന്നാണ്. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണിതെന്നു വ്യക്തമാക്കണമൈന്നും പിണറായി പറഞ്ഞു.
Next Story

RELATED STORIES

Share it