ജിഷയുടെ മരണം വോട്ട് ബാങ്കാക്കരുത്: കെമാല്‍ പാഷ

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കൊലപാതക സംഭവം വിരല്‍ ചൂണ്ടുന്നത് സമൂഹത്തിലെ അരക്ഷിതാവസ്ഥയിലേക്കാണെന്നും ജിഷയുടെ കൊലപാതകം വോട്ടു ബാങ്കാക്കരുതെന്നും ജസ്റ്റിസ് ബി കെമാല്‍ പാഷ. ജിഷ വധത്തിന്റെ പശ്ചാത്തലത്തില്‍ 'അരക്ഷിതരായ സ്ത്രീകളും കുട്ടികളും' എന്ന വിഷയത്തില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മൂവ്‌മെന്റ് എറണാകുളം ടിഡിഎം ഹാളില്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലയിണക്കടിയില്‍ വെട്ടുകത്തി വച്ച് ഉറങ്ങുന്ന പെണ്‍കുട്ടി ആരെയോ ഭയപ്പെട്ടിരിക്കണം. ഇനിയും ഇതേ അവസ്ഥ പെണ്‍കുട്ടികള്‍ക്ക് വരുവാന്‍ സമൂഹം ഇടവരുത്തരുത്. എങ്ങിനെയെങ്കിലും ഒരു പ്രതിയെ കണ്ടെത്തുകയെന്നതല്ല, യഥാര്‍ഥ പ്രതിയെ പിടികൂടുകയെന്നതാണ് പോലിസ് ചെയ്യേണ്ടത്. ആസൂത്രിതമായ കൊലപാതകങ്ങള്‍ തെളിയിക്കാന്‍ പോലിസിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നും കെമാല്‍ പാഷ പറഞ്ഞു.
പൊലിസ് കുറ്റാന്വേഷണത്തിന് ആധുനിക സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, പുതിയ സാങ്കേതികതയെ മാത്രം ആശ്രയിച്ചാകരുത് അന്വേഷണം. ഇനിയും ജിഷമാരുണ്ടാവരുത്. ഇന്ത്യയില്‍ 40 ശതമാനം കുട്ടികള്‍ ലൈംഗികപീഡനത്തിനിരയാവുന്നുവെന്നാണ് കണക്ക്. അതില്‍ത്തന്നെ 40 ശതമാനം പേര്‍ പീഡിപ്പിക്കപ്പെടുന്നത് വീടുകളിലാണ്. കൂടുതല്‍ പേരും പിതാക്കന്‍മാരില്‍നിന്നും അമ്മാവന്‍മാരില്‍നിന്നുമാണ് പീഡനത്തിനിരയാവുന്നതെന്നാണ് കണക്കുകള്‍. പീഡനങ്ങള്‍ പലതും പുറത്തറിയുന്നില്ല. നാണക്കേട് ഭയന്നാണിത്. സ്ത്രീകള്‍ തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ പുറത്തുപറയാന്‍ തയ്യാറാവണമെന്നും കെമാല്‍ പാഷ പറഞ്ഞു.
Next Story

RELATED STORIES

Share it