Kerala

ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം: ഫോറന്‍സിക് വിഭാഗം പ്രതിക്കൂട്ടില്‍; ഗുരുതര വീഴ്ച

എന്‍ എ ഷിഹാബ്

ആലപ്പുഴ: പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടിയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിനു ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപോര്‍ട്ട്. പീഡനം ഉള്‍പ്പെടുന്ന കൊലപാതകക്കേസുകളില്‍ ഡോക്ടര്‍മാരുടെ സംഘമോ പോലിസ് സര്‍ജന്റെ നേതൃത്വത്തിലോ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണ് ചട്ടം. എന്നാല്‍ വേണ്ടത്ര ഗൗരവം നല്‍കാതെയാണു ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നാണു കണ്ടെത്തല്‍.
ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ആര്‍ ജയരേഖ നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എം റംല മുഖേന ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന് കൈമാറി. തുടര്‍ന്നു സമഗ്രാന്വേഷണത്തിന് ജോയിന്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു.
ജോയിന്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ശ്രീകുമാരി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല എന്നിവരുള്‍പ്പെട്ട സംഘം ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തി ബന്ധപ്പെട്ടവരില്‍നിന്ന് മൊഴിയെടുക്കും.
ജിഷയുടെ ശരീരത്തില്‍ മാരകമായ 38 മുറിവുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ചില മുറിവുകള്‍ ആന്തരാവയവങ്ങള്‍ക്കുവരെ ക്ഷതമേല്‍പ്പിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ട്. കഴുത്ത് ശക്തമായി ഞെരിച്ച നിലയിലാണ്. ഇതോടൊപ്പം ആന്തരാവയവങ്ങള്‍ക്കുണ്ടായ പരിക്കാണു മരണകാരണം. ജിഷ പീഡനത്തിനിരയായെന്ന് പുറത്തേറ്റ കടിയുടെ പാടുകള്‍ സൂചനനല്‍കുന്നു.
പരിക്കേറ്റ ശരീരഭാഗങ്ങള്‍ തിരുവനന്തപുരത്തേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാവൂ. ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ഥിയാണെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇതേക്കുറിച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അന്വേഷണം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് അസോഷ്യേറ്റ് പ്രഫസറുടെ മേല്‍നോട്ടത്തിലാണ്. എന്നാല്‍ അസോഷ്യേറ്റ് പ്രഫസര്‍ മുഴുവന്‍ സമയവും മോര്‍ച്ചറിയില്‍ ഉണ്ടായിരുന്നില്ലെന്നു വ്യക്തമായി.
പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോ ചിത്രീകരണം നടത്തിയിട്ടില്ല. അതീവ ഗൗരവം അര്‍ഹിക്കുന്ന കേസില്‍ സ്ഥലപരിശോധനയ്ക്ക് അസോഷ്യേറ്റ് പ്രഫസര്‍ പോയില്ല. പകരം പിജി വിദ്യാര്‍ഥിയെയാണ് അയച്ചത്. ഇതു തെളിവുശേഖരണത്തില്‍ വീഴ്ചവരുത്തി. മാത്രമല്ല, പിജി വിദ്യാര്‍ഥിതന്നെയാണു ജിഷയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. നാലുപേരുള്ള ഫോറന്‍സിക് വിഭാഗത്തില്‍ ആ സമയം ആരുമുണ്ടായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പോലിസിന് കൈമാറുന്നതില്‍ കാലതാമസം വരുത്തി.
29നു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപോര്‍ട്ട് കൈമാറിയത് അഞ്ചുദിവസം കഴിഞ്ഞാണെന്നും റിപോര്‍ട്ട് പറയുന്നു. അതേസമയം, മെഡിക്കല്‍ കോളജില്‍ ക്ലാസെടുക്കാനുണ്ടായിരുന്നതിനാലാണ് പൂര്‍ണസമയം പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അസോഷ്യേറ്റ് പ്രഫസറുടെ വാദം. ഈ വിശദീകരണത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം ഗൗരവത്തോടെ നടത്താതെ ക്ലാസെടുക്കാന്‍ പോയതു ന്യായീകരിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണു ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഒരോ മുറിവിന്റെയും ആഴവും വിശദാംശങ്ങളും ഉള്‍പ്പെടുന്ന അഞ്ച് പേജുള്ള റിപോര്‍ട്ടാണ് പോലിസിനു കൈമാറിയത്. ഫോറന്‍സിക് അധികൃതര്‍ വീഴ്ച വരുത്തിയ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ വിദഗ്ധസംഘത്തെ ആരോഗ്യവകുപ്പ് സെക്രട്ടറി ചുമതലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it