ജിഷയുടെ ദുരന്തവും കേരള സമൂഹവും

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

പെരുമ്പാവൂരിലെ ജിഷ എന്ന ദലിത് വിദ്യാര്‍ഥിനിയുടെ ഘാതകനെ നിയമത്തിനു മുമ്പില്‍ ഹാജരാക്കിയതോടെ കേരളത്തിനാകെ ആശ്വാസമായി. ഭരണകര്‍ത്താക്കള്‍, പോലിസ്, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കടക്കം ജിഷ വധം പുനര്‍ചിന്തനത്തിനും തിരുത്തലുകള്‍ക്കുമുള്ള സന്ദേശമാണ്.
ഒരു കൊലക്കേസിലെ ഇര, ഘാതകന്‍, പോലിസന്വേഷണം, നീതിനിര്‍വഹണം തുടങ്ങിയ സാധാരണ ഘടകങ്ങള്‍ മാത്രമല്ല ജിഷ വധക്കേസ് ഉയര്‍ത്തുന്നത്. അതിഗൗരവമായ സാമൂഹികപ്രശ്‌നങ്ങള്‍ ഉള്‍പ്പെടുന്ന വലിയൊരു അജണ്ടയാണ് അത് മുന്നോട്ടുവയ്ക്കുന്നത്.
യഥാര്‍ഥത്തില്‍ നമ്മുടെ സാമൂഹിക, രാഷ്ട്രീയ, ഭരണാവസ്ഥയുടെ കെട്ട മുഖംമൂടിയാണ് ജിഷ വധക്കേസ് തുറന്നുകാട്ടിയത്. അതിനെ അഭിസംബോധന ചെയ്യേണ്ടത് സമൂഹം മൊത്തമായാണ്. മാറിമാറി ഭരണത്തിലിരുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കു മാത്രമല്ല, സമൂഹത്തിന്റെ അടിക്കല്ലുകളായ കുടുംബങ്ങള്‍ തൊട്ട് എല്ലാ ജനാധിപത്യ-സാമൂഹിക സംവിധാനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്. കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക ഘടനയും ചുറ്റിലും നിലനില്‍ക്കുന്ന ദുഷിച്ചുനാറുന്ന സാമൂഹിക ഭരണപരിസ്ഥിതിയും പൊളിച്ചെഴുത്തിനും ശുദ്ധീകരണത്തിനും വിധേയമാക്കിയേ തീരൂ.
അതിനു പകരം കേസന്വേഷണവും തെളിവുകണ്ടെത്തലും സംബന്ധിച്ച രാഷ്ട്രീയ പുകമറ പരത്തുന്നതിനാണ് ഗവണ്‍മെന്റിന്റെയും മുന്‍ ഗവണ്‍മെന്റിന്റെയും വക്താക്കള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്. കൊലയാളി ഉപയോഗിച്ച ചെരിപ്പ് കണ്ടെത്തിയത് തങ്ങളുടെ മിടുക്കാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി. യഥാര്‍ഥ കൊലപാതകിയെ കണ്ടെത്തിയത് തങ്ങളുടെ മിടുക്കാണെന്ന് പുതിയ ഗവണ്‍മെന്റിന്റെ വക്താക്കള്‍. അതിനിടയില്‍ നമ്മുടെ ഭരണ വികസന നയങ്ങളും നടപടികളും സംസ്ഥാനത്തെ എത്തിച്ചിട്ടുള്ള ആപല്‍ക്കരമായ അവസ്ഥ ഒരിക്കല്‍ക്കൂടി കക്ഷിരാഷ്ട്രീയ പുകമറയില്‍ മൂടപ്പെടുകയാണ്.
ദാരുണവും പൈശാചികവുമായ ഈ കൊലപാതകത്തിന് മൂന്നുവശങ്ങളുണ്ട്. കേരളത്തിന്റെ പുറമ്പോക്കില്‍ അരക്ഷിതത്വത്തില്‍ ഏതുനിമിഷവും ഇതുപോലൊരു കൊലപാതകം പ്രതീക്ഷിച്ച് നിരവധി കുടുംബങ്ങള്‍ ജീവിക്കുന്നു എന്ന ഒരുവശം. ആ അരക്ഷിതത്വത്തിലേക്കു നയിച്ച സാമൂഹിക-സാമ്പത്തിക അവസ്ഥകള്‍. അതോടൊപ്പം അസംകാരനായ പ്രതിയെപ്പോലെ കേരളത്തില്‍ പണിയെടുത്തും ലഹരിയെ ആശ്രയിച്ചും അജ്ഞാതരായ കൊലയാളികളുടെ ഭീഷണി നിലനില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക പശ്ചാത്തലം. ഇതുമായി ബന്ധപ്പെട്ട് അടിയന്തരമായി പരിശോധിക്കേണ്ട, എല്ലാവരും സ്വയം കൊട്ടിഘോഷിക്കുന്ന വികസന നയങ്ങള്‍. അതു രൂപപ്പെടുത്തുന്ന ഭരണനയങ്ങളും നടപടികളും.
കൊലപാതകം നടന്നതും കൊലപാതകിയെ കണ്ടെത്താന്‍ 50 ദിവസത്തോളം ഇരുട്ടില്‍ തപ്പാന്‍ ഇടയാക്കിയ സാഹചര്യവുമാണ് രണ്ടാമത്തെ വശം. അതില്‍ പോലിസിനും അവരെ നയിക്കുന്നവര്‍ക്കും മാത്രമല്ല ഉത്തരവാദിത്തം. ജിഷയുടെ വീടിന്റെ അയല്‍പക്കമടങ്ങുന്ന സമൂഹത്തിനു തന്നെ അക്ഷന്തവ്യമായ തെറ്റുപറ്റിയിട്ടുണ്ട്. മാധ്യമങ്ങള്‍, രാഷ്ട്രീയ-സാമൂഹിക നിരീക്ഷകര്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍, സാമുദായിക-രാഷ്ട്രീയ സംഘടനകള്‍ തുടങ്ങി എല്ലാവര്‍ക്കും വീഴ്ചകള്‍ പറ്റിയിട്ടുണ്ട്.
മൂന്നാമത്, കേരളത്തില്‍ നിലനില്‍ക്കുന്ന തൊഴില്‍വിപണിയും അതിലേക്ക് ഒഴുകിയെത്തുന്ന ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റങ്ങളുമാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിനകത്ത് ഉറപ്പുനല്‍കേണ്ട മൗലികാവകാശങ്ങളും പശ്ചാത്തലസൗകര്യങ്ങളും ഈ മേഖലയില്‍ ഉറപ്പുവരുത്താന്‍ പൊതുസമൂഹം തൊട്ട് ഭരണാധികാരികള്‍ വരെ ഗൗരവമായി പരിചിന്തിക്കാത്തതിന്റെ ആപത്ത്.
ആസൂത്രണത്തിനും പദ്ധതികള്‍ക്കും പുറമേ കുടുംബശ്രീയും അയല്‍ക്കൂട്ടങ്ങളും ജനകീയാസൂത്രണവും അടക്കം സവിശേഷമായ സാമൂഹിക വികസന സംവിധാനങ്ങളുള്ള സംസ്ഥാനമാണു കേരളം. അത്തരമൊരു സംസ്ഥാനത്ത് അടച്ചുറപ്പുള്ള ഒരു വീടില്ലാത്തതിന്റെ ഇരയായിത്തീര്‍ന്നു ജിഷ എന്നതാണു തിരിച്ചറിയേണ്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇടതുപക്ഷക്കാരനായ എംഎല്‍എയെയടക്കം സമീപിച്ചിട്ടും ആ അരക്ഷിതാവസ്ഥ തുടര്‍ന്നു. ജീവസുരക്ഷ നല്‍കാന്‍ പോലിസിന് പരാതി നല്‍കിയിട്ടും സംഭവിച്ചത് ഈ പൈശാചിക ദുരന്തമാണ്. ഇത്തരമൊരവസ്ഥ നമ്മുടെ സംവിധാനത്തില്‍ നിലനില്‍ക്കുന്നു എന്ന ഭീകര യാഥാര്‍ഥ്യമാണ് പരിശോധനയും തിരുത്തലും ആവശ്യപ്പെടുന്നത്.
എന്റെ ജന്മമാണ് ദുരന്തമെന്ന് ഉള്‍ക്കൊണ്ട് ജിഷ പിടഞ്ഞുമരിക്കേണ്ടിവന്ന സാമൂഹിക യാഥാര്‍ഥ്യം പരിശോധിക്കണം. കരച്ചിലും ബഹളവും കേട്ടിട്ടും അയല്‍ക്കാരില്‍ ഒരാളും രക്ഷയ്‌ക്കെത്താതെപോയത്. കൊലപാതകം നടന്നിട്ടും കൊലപാതകിയെ കണ്ടെത്താനും തെളിവുകള്‍ നല്‍കി സഹായിക്കാനും ആളുകള്‍ മുന്നോട്ടുവരാന്‍ മടിച്ചത്. പോലിസും പോസ്റ്റ്‌മോര്‍ട്ടം അധികാരികളും കാണിച്ച ഗുരുതരമായ നിരുത്തരവാദിത്തവും കൃത്യവിലോപവും.
മദ്യപാനത്തിനും ലഹരിമരുന്നിനും അടിമകളായവരടക്കം ഇതരസംസ്ഥാന തൊഴിലാളികള്‍ വര്‍ഷങ്ങളായി കഴിയുന്നു നമ്മുടെ സംസ്ഥാനത്ത്. അവരുടെ സുരക്ഷിതത്വത്തിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും ഉറപ്പുവരുത്തേണ്ട കാര്യങ്ങള്‍ പരിഗണിക്കുന്നില്ല എന്നും ഈ സംഭവം ബോധ്യപ്പെടുത്തുന്നു. ഇതിന്റെ മാനുഷികവും സാമൂഹികവുമായ അപകടസാധ്യതകളെ സംബന്ധിച്ച് ജാഗ്രതപ്പെടുത്തുന്നതില്‍ രാഷ്ട്രീയ- സാമുദായിക സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കും വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, റിയല്‍ എസ്‌റ്റേറ്റുകളുമായി ബന്ധപ്പെട്ട തൊഴില്‍നയങ്ങള്‍, ലേബര്‍ ക്യാംപുകള്‍ തുടങ്ങിയവ സംബന്ധിച്ച് ശാസ്ത്രീയവും മനുഷ്യത്വപരവുമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയാതെപോയത് പരിശോധിക്കേണ്ടതുണ്ട്.
സുരക്ഷയും ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട ചുമതലകള്‍ സ്വതന്ത്രമായും കാര്യക്ഷമമായും നിര്‍വഹിക്കാന്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരവും ഇടപെടലുകളും അനുവദിക്കുന്നില്ല. മാധ്യമങ്ങള്‍ നടത്തിയ ഉപരിപ്ലവമായ അന്വേഷണങ്ങളും സംവാദങ്ങളും തിരഞ്ഞെടുപ്പില്‍ മുതലെടുപ്പ് നടത്താനും രാഷ്ട്രീയനേതാക്കളെ തേജോവധം ചെയ്യാനും നടന്ന ശ്രമങ്ങളും ഇനിയെങ്കിലും ബന്ധപ്പെട്ടവരെല്ലാം പുനപ്പരിശോധിക്കണം. സ്വയം വിമര്‍ശനത്തിനു വിധേയമാക്കണം.
ജിഷയുടെ കൊലപാതകം പൈശാചികമായ ഒരു ക്രിമിനല്‍ക്കുറ്റം മാത്രമായി ചുരുക്കിക്കാണരുത്. ഇത് സൃഷ്ടിക്കപ്പെടുന്നതിലും തെളിയിക്കപ്പെടുന്നതിലും വന്ന വീഴ്ചകള്‍ക്ക് ആധാരമായത് ജീര്‍ണമായ സാമൂഹികാവസ്ഥയാണ്. അതാണ് ആഴത്തില്‍ പരിശോധിക്കേണ്ടത്. കാരണം, നാളെ ഇതു മറ്റു മേഖലകളിലും ആവര്‍ത്തിക്കപ്പെടും. അതിനുള്ള ആര്‍ജവവും സത്യസന്ധതയുമാണ് എല്ലാവര്‍ക്കും വേണ്ടത്. പൊള്ളയായ മാപ്പുചോദിക്കല്‍കൊണ്ടോ മറ്റുള്ളവരെ പഴിചാരി സ്വയം ന്യായീകരിക്കുന്നതുകൊണ്ടോ ആ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കപ്പെടില്ല. ചളിയില്‍ ചവിട്ടിയാല്‍ കഴുകിക്കളഞ്ഞാല്‍ മതിയെന്ന സമീപനമല്ല; കെട്ടിക്കിടക്കുന്ന ചളിയാകെ തൂത്തുമാറ്റാനുള്ള ആര്‍ജവവും തീരുമാനവും അതിനുള്ള കൂട്ടായ്മയും ജിഷ സംഭവം ആവശ്യപ്പെടുന്നു.

കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍ 
Next Story

RELATED STORIES

Share it