Flash News

ജിഷയുടെ കൊലപാതകം ; രണ്ടു നിര്‍മ്മാണ തൊഴിലാളികള്‍ കസ്റ്റഡിയില്‍

ജിഷയുടെ കൊലപാതകം ; രണ്ടു നിര്‍മ്മാണ തൊഴിലാളികള്‍ കസ്റ്റഡിയില്‍
X
jisha

[related]

എറണാകുളം: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു നിര്‍മ്മാണ തൊഴിലാളികളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ രണ്ടു പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരില്‍ ഒരാള്‍ ജിഷയുടെ വീട് നിര്‍മ്മാണത്തിന് ഉണ്ടായിരുന്നു. ഇയാള്‍ ജിഷയുമായി ഫോണില്‍ പല തവണ ബന്ധപ്പെട്ടിരുന്നു.  രണ്ടു പേരെയും ആശുപത്രിയിലുള്ള ജിഷയുടെ മാതാവിന്റെ മുന്നിലെത്തിച്ച് തെളിവെടുത്തു.
അതിനിടെ കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന് ഉന്നത പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ 12 പേരാണ് കേസുമായി കസ്റ്റഡിയിലുള്ള്ത്.
jisha
അതിനിടെ  സംഭവം നടന്ന് ആറുദിവസം പിന്നിട്ടിട്ടും കൊലപാതകിയെ കണ്ടെത്താനാവാതെ പോലിസ് ഇരുട്ടില്‍ തപ്പുമ്പോള്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍. ജിഷ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നുമാണ് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇതേത്തുടര്‍ന്ന് കൊലപാതകക്കേസില്‍ ബലാല്‍സംഗക്കുറ്റം കൂടി പോലിസ് ചുമത്തി. ബന്ധപ്പെട്ട റിപോര്‍ട്ട് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലിസ് ഇന്നലെ സമര്‍പ്പിച്ചു. ജിഷയുടെ വീട്ടില്‍നിന്നു രണ്ടുപേരുടെ വിരലടയാളം പോലിസിന് ലഭിച്ചിട്ടുണ്ട്.
ജിഷയുടെ ശരീരത്തില്‍ ചെറുതും വലുതുമായ 38 മുറിവുകളുണ്ട്. ഇവ കൃത്യമായി രേഖപ്പെടുത്തിയ അഞ്ച് പേജ് അടങ്ങുന്ന റിപോര്‍ട്ടാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ജിഷയുടെ ആന്തരികാവയവങ്ങള്‍ ഡിഎന്‍എ അടക്കമുള്ള പരിശോധനകള്‍ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. ഈ പരിശോധനാഫലം കൂടി പുറത്തുവന്നാല്‍ മാത്രമേ പീഡനം നടന്നോയെന്ന് ഉറപ്പാക്കാന്‍ കഴിയുകയുള്ളു.
പോലിസ് തയ്യാറാക്കിയ രേഖാചിത്രത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍നിന്നു പിടിയിലായ ജിഷയുടെ അയല്‍വാസിക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തിയതായാണു വിവരം. ഇയാളെ എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യംചെയ്‌തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തനിക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും ഹെര്‍ണിയയുടെ ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലായിരുന്നുവെന്നുമാണ് ഇയാള്‍ പറയുന്നത്. ജിഷയുടെ വീട്ടില്‍നിന്നു പോലിസിനു ലഭിച്ച വിരലടയാളവുമായി ഈ വ്യക്തിയുടെ വിരലടയാളം യോജിക്കുന്നില്ല. ജിഷയുടെ കൊലപാതകം നടന്ന് അടുത്ത ദിവസം തന്നെ പ്രദേശവാസിയായ ഈ യുവാവ് നാട്ടില്‍നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു.
മൊബൈല്‍ ടവര്‍ പരിശോധനയില്‍ സംഭവസമയത്ത് ഇയാള്‍ ജിഷയുടെ വീടിന്റെ പരിസരത്തുണ്ടായിരുന്നുവെന്ന് പോലിസ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാളെ കണ്ണൂരില്‍നിന്ന് പിടികൂടുകയായിരുന്നു. കഞ്ചാവുകേസില്‍ പെട്ടതിന്റെ മാനഹാനിയെ തുടര്‍ന്നാണ് നാടുവിട്ടതെന്നാണ് ഇയാള്‍ പോലിസിനു നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍, കൊലപാതകിയെ സംബന്ധിച്ച് പോലിസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഇതിനിടയില്‍ കേസന്വേഷണം ഇതരസംസ്ഥാന തൊഴിലാളിയിലേക്കും നീളുകയാണ്. ജിഷയുടെ ഫോണിലേക്ക് വന്ന കോളുകളില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെയും നമ്പര്‍ കണ്ടെത്തിയതോടെയാണ് ഇയാളെ കുറിച്ചും അന്വേഷിക്കുന്നത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എഡിജിപി കെ പത്മകുമാര്‍ പറഞ്ഞു.
അതേസമയം, കൊലപാതകിയെ പിടിക്കാത്തതിനെ തുടര്‍ന്നുള്ള പ്രതിഷേധം വ്യാപിക്കുകയാണ്. ജിഷയുടെ മാതാവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേരെയും പ്രതിഷേധം ഉയര്‍ന്നു. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സന്ദര്‍ശനത്തിനുശേഷം ഉമ്മന്‍ചാണ്ടിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് ഉന്തിനും തള്ളിനുമിടയാക്കി. പ്രതിയെ കണ്ടെത്താനാവാത്തത് പോലിസിന്റെ പരാജയമല്ലേയെന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ജിഷയുടെ കൊലപാതകികളെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആയിരത്തോളം വനിതകള്‍ അണിനിരന്ന മാര്‍ച്ചായിരുന്നു ആദ്യം. തുടര്‍ന്ന് ഡിവൈഎഫ്‌ഐ, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, അങ്കണവാടി ജീവനക്കാര്‍, വിവിധ വനിതാസംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലും മാര്‍ച്ച് നടന്നു. ഇതില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് അക്രമാസക്തമായി.
പ്രവര്‍ത്തകര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പോലിസ് ഇവരെ ലാത്തിവീശി ഓടിച്ചു. തിരുവനന്തപുരത്തും ഡല്‍ഹിയിലും വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ജിഷയുടെ മാതാവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. ജിഷയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗം രേഖാ ശര്‍മയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘം പെരുമ്പാവൂരില്‍ എത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it