ജിഷയുടെ കൊലപാതകം: പ്രതി മൊഴിമാറ്റുന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നു

പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാം ചോദ്യംചെയ്യലില്‍ മൊഴി മാറ്റുന്നത് അന്വേഷണത്തെ കുഴയ്ക്കുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും അന്നു ധരിച്ച മഞ്ഞ ഷര്‍ട്ട് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളും സമീപത്തുള്ള കനാലില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു നേരത്തെ ഇയാള്‍ അന്വേഷണ സംഘത്തോടു പറഞ്ഞത്. എന്നാല്‍, താന്‍ അസമിലേക്കു പോയപ്പോള്‍ ഇവയെല്ലാം കൊണ്ടുപോയെന്നാണ് ഇപ്പോള്‍ ഇയാള്‍ പോലിസിനോടു വെളിപ്പെടുത്തിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇന്നലെ പെരുമ്പാവൂരില്‍ പോലിസ് നടത്തിയ തിരച്ചില്‍ വേഗത്തില്‍ അവസാനിപ്പിച്ചു.
സംഭവദിവസം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ ജിഷയുടെ രക്തക്കറയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. ഇതു ലഭിച്ചാല്‍ കേസിലെ സുപ്രധാന തെളിവുകളിലൊന്നായി ഈ വസ്ത്രങ്ങള്‍ മാറും.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ അന്വേഷണത്തിന്റെ ഭാഗമായി ആദ്യം അസമിലേക്കു കൊണ്ടുപോവാനാണ് പോലിസ് ആലോചിക്കുന്നത്. ഇതിനു ശേഷമായിരിക്കും കൊലപാതകം നടന്ന ജിഷയുടെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവരുകയെന്നാണു സൂചന. ജിഷയുടെ വീടിനു സമീപത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പോലിസുകാരന്റെ വീട്ടിലെ ആടിനെ ലൈംഗിക വൈകൃതത്തിന് ഉപയോഗിച്ചെന്ന കേസില്‍ കുറുപ്പംപടി പോലിസ് അമീറുലിനെതിരേ കേസെടുത്തിട്ടുണ്ട്. രണ്ടു മാസം മുമ്പാണ് ആടിനെ ഇയാള്‍ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയത്.
ജിഷയുടെ വധവുമായി ബന്ധപ്പെട്ട് പ്രതിയുടെ സുഹൃത്തു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
2012ല്‍ കോതമംഗലം മാതിരപ്പിള്ളിയില്‍ ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഷോജിയെന്ന വീട്ടമ്മയെ കഴുത്തറുത്തു കൊന്ന കേസിലും കോതമംഗലത്തു തന്നെ അങ്കണവാടി ടീച്ചറെ നഗ്നയാക്കി ബലാല്‍സംഗം ചെയ്തു കുറ്റിക്കാട്ടില്‍ തള്ളിയ കേസിലും അമീറുല്‍ ഇസ്‌ലാമിനു പങ്കുണ്ടോയെന്നും പോലിസ് അന്വേഷിച്ചുവരുകയാണ്. അന്ന് പ്രായപൂര്‍ത്തിയാവാത്ത അമീറുല്ല എന്നു പേരുള്ള ഇതരസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. ഈ അമീറുല്ല തന്നെയാണോ ജിഷ വധക്കേസില്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്ന പ്രതി അമീറുല്‍ ഇസ്‌ലാം എന്നാണ് പോലിസിന് സംശയം. കഴിഞ്ഞ ഏഴു വര്‍ഷമായി ഇയാള്‍ കേരളത്തിലുണ്ടെന്നാണ് പോലിസിനു ലഭിച്ച വിവരം. പെരുമ്പാവൂര്‍ കൂടാതെ മുവാറ്റുപുഴ, കോതമംഗലം മേഖലകളിലും ഇയാള്‍ ജോലി ചെയ്തതായും വിവരം ലഭിച്ചിട്ടുണ്ട്.
ജിഷയുടെ കൊലപാതകത്തില്‍ പ്രതിയുടെ സുഹൃത്ത് അനാറിനു പങ്കുണ്ടെന്നുള്ള സംശയം അന്വേഷണ സംഘത്തിനുണ്ട്. ആദ്യഘട്ട ചോദ്യംചെയ്യലിനുശേഷം മുങ്ങിയ ഇയാള്‍ക്കായുള്ള തിരച്ചില്‍ അസമില്‍ പോലിസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it