ജിഷയുടെ കൊലപാതകം: പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി; മുഖ്യപ്രതി പിടിയിലായതായി സൂചന

പെരുമ്പാവൂര്‍: കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ വീട്ടില്‍ ജിഷ(30)യെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ രേഖാചിത്രം പോലിസ് തയ്യാറാക്കി. അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ജിഷയുടെ അയല്‍വാസിയായ ഒരാളെ കണ്ണൂരില്‍ കസ്റ്റഡിയിലെടുത്തു.
തളാപ്പിലെ ഹോട്ടലില്‍ പാചകക്കാരനായി ജോലിചെയ്യുകയായിരുന്ന ഇയാളുടെ പേര് അറസ്റ്റ് രേഖപ്പെടുത്താത്തതിനാല്‍ പോലിസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിനുശേഷം പെരുമ്പാവൂരില്‍നിന്ന് മുങ്ങിയവരുടെ മൊബൈല്‍ഫോണ്‍ വിളികള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചുവരുകയായിരുന്നു. കൂടാതെ, അന്വേഷണത്തിന്റെ ഭാഗമായി പെരുമ്പാവൂര്‍ പോലിസ് ഇയാളുടെ ഫോട്ടോ വാട്‌സ്ആപ്പിലൂടെ കണ്ണൂര്‍ ജില്ലാ പോലിസ് ചീഫിന് അയക്കുകയും ചെയ്തിരുന്നു.
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്പതോളം പേരെ പോലിസ് ചോദ്യംചെയ്യുകയും മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നീങ്ങിയത്. എന്നാല്‍, കൃത്യമായ തെളിവില്ലാത്തതിനാല്‍ മറ്റു വഴികളിലൂടെയുള്ള അന്വേഷണത്തിലാണ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തത്. ജിഷ കൊല്ലപ്പെട്ട ദിവസം ഉച്ചയ്ക്ക് വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള സംസാരവും ജിഷയുടെ നിലവിളിയും കേട്ടതായി അയല്‍വാസികള്‍ പോലിസിന് മൊഴിനല്‍കി. ജിഷയുടെ കൊലപാതകി ഒരാളാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐജി മഹിപാല്‍ യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതി ഉടന്‍ പിടിയിലാവുമെന്ന് പോലിസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിനുശേഷം എഡിജിപി കെ പത്മകുമാര്‍ പ്രതികരിച്ചു.
പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വിവിധ പാര്‍ട്ടികളും സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ജിഷയുടെ മാതാവ് രാജേശ്വരിയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി രമേശ് ചെന്നിത്തല രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോയി. എസ്ഡിപിഐയും എഐവൈഎഫുമാണ് ചെന്നിത്തലയ്‌ക്കെതിരേ പ്രതിഷേധിച്ചത്. പിന്നീട് ജിഷയുടെ വീട് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ജിഷയുടെ കൊലപാതകിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു.
അന്വേഷണം അടിയന്തരമായി ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു. അന്വേഷണപുരോഗതി റിപോര്‍ട്ട് മെയ് 30ന് കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാക്കണമെന്ന് ഡിജിപിക്കും കൊച്ചി റെയ്ഞ്ച് ഐജിക്കും എറണാകുളം റൂറല്‍ എസ്പിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. പട്ടികജാതി ഗോത്രകമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it