kozhikode local

ജിഷയുടെ കൊലപാതകം: നഗരത്തില്‍ പ്രതിഷേധമിരമ്പി

കോഴിക്കോട്: പെരുമ്പാവൂരില്‍ ദലിത് നിയമ വിദ്യാര്‍ഥിനി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഡല്‍ഹിയിലെ സമാന സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പ് നടന്ന കൊലപാതകം, ആധുനിക സമൂഹം സ്ത്രീകളോട് പുലര്‍ത്തുന്ന സമീപനത്തിന്റെ തെളിവാണെന്ന് വനിതാ സംഘടനകള്‍ ആരോപിച്ചു. വിവിധ സംഘടനകളും ഫേസ് ബുക്ക് കൂട്ടായ്മയും നഗരത്തില്‍ പ്രതിഷേധ പ്രകടനങ്ങളും പൊതു യോഗങ്ങളും നടത്തി. മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് സംഭവം പുറം ലോകം അറിഞ്ഞത് എന്നത് കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് യോജിക്കുന്നതല്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധ കൂട്ടായ്മക്ക് അന്വേഷി പ്രസിഡന്റ് കെ അജിത, വി പി സുഹറ, അഡ്വ. ആനന്ദകനകം, ചാരുലത നേതൃത്വം നല്‍കി.
കേരളം ഐടിയില്‍ ഇത്രമാത്രം മുന്നോട്ടുപോയിട്ടും ഇത്ര ശക്തമായ പോലിസ് സംവിധാനമുണ്ടായിട്ടും ഈ ഭീകര സംഭവം ലോകം അറിയാന്‍ അഞ്ചു ദിവസമെടുത്തുവെന്നത് അങ്ങേയറ്റം അപമാനകരമാണെന്ന് 'അന്വേഷി' വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പോലിസ് നിലപാടിനെ ശക്തിയായി അപലപിച്ചേ തീരൂ. ഇത്രദിവസം കഴിഞ്ഞിട്ടും കൃത്യം ചെയ്തത് ആരാണെന്നുപോലും പോലിസിന് അറിയില്ല. പ്രതികള്‍ സര്‍വതന്ത്രസ്വതന്ത്രരായി സമൂഹത്തില്‍ വിഹരിക്കുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സീറ്റുറപ്പിക്കാനുള്ള തത്രപ്പാടില്‍ ഒരു പാവം ദലിത് പെണ്‍കുട്ടിയെ പാടെ അവഗണിച്ചുകളഞ്ഞതായും പ്രസിഡന്റ് കെ അജിത, സെക്രട്ടറി പി ശ്രീജ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it