ജിഷയുടെ കൊലപാതകം കഴിഞ്ഞ് 20 ദിവസം: പ്രതിയെ പിടിക്കാനാവാതെ പോലിസ്

പെരുമ്പാവൂര്‍: പെരുമ്പാവൂരി ല്‍ ക്രൂര പീഡനത്തിന് ഇരയായി ദലിത് നിയമവിദ്യാര്‍ഥിനി ജിഷ കൊലചെയ്യപ്പെട്ടിട്ട് 20 ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാവാതെ പോലിസ്. ഏപ്രില്‍ 28നാണ് കുറുപ്പംപടി വട്ടോളിപ്പടി സ്വദേശിനി രാജേശ്വരിയുടെ മകള്‍ ജിഷ(30) ക്രൂരമായ പീഡനത്തിനൊടുവില്‍ കൊല്ലപ്പെട്ടത്.
ആദ്യം ആത്മഹത്യയാണെന്നു പറഞ്ഞ് ലാഘവത്തോടെ ആരംഭിച്ച പോലിസിന്റെ കേസന്വേഷണം പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തു വന്നതോടെയാണ് ദ്രുതഗതിയിലായത്. പലരിലേക്കും അന്വേഷണം നീണ്ടെങ്കിലും ജിഷയെയും മാതാവിനെയും വ്യക്തമായി അറിയാവുന്ന വ്യക്തികളാണ് കൊലപാതകം നടത്തിയതെന്നാണ് പോലിസിന്റെ അവസാന നിഗമനം. കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി അന്വേഷണ സംഘം അഞ്ചു മണിക്കൂറോളമാണ് ജിഷയുടെ മാതാവില്‍നിന്നു മൊഴിയെടുത്തത്.
വ്യക്തമായ തെളിവുകള്‍ കിട്ടിയശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്താന്‍ സാധിക്കൂവെന്നാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കേസന്വേഷണത്തിന്റെ ഭാഗമായി 30 അംഗ പോലിസ് സംഘം മൂന്ന് ഗ്രൂപ്പുകളായി വിവിധ സംസ്ഥാനങ്ങളിലേക്കു പോയിട്ടുണ്ട്. ഇവര്‍ അടുത്ത ദിവസങ്ങളില്‍ തിരിച്ചെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇന്നലെയും അന്വേഷണ സംഘം ജിഷയുമായി വീടുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ജിഷയുടെ കുടുംബത്തിലേക്കു കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നീങ്ങുന്നത്.
മരണസമയത്ത് ജിഷ ധരിച്ചിരുന്ന വസ്ത്രത്തില്‍ നിന്നു ലഭിച്ച ഉമിനീര്‍ ആരുടേതാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതനുസരിച്ചാണ് അന്വേഷണം മുന്നോട്ടു പോവുക. അതേസമയം പ്രതി പിടിയിലായെന്ന രീതിയില്‍ വന്ന വാര്‍ത്ത തിരഞ്ഞെടുപ്പു സമയത്ത് സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനം ഒഴിവാക്കാനുള്ള ചില ബാഹ്യശ്രമങ്ങളുടെ ഭാഗമാണെന്ന സംശയവും ബലപ്പെടുകയാണ്.
Next Story

RELATED STORIES

Share it