ജിഷയുടെ കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്ന് ചെന്നിത്തല

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതക കേസിന്റെ അന്വേഷണം കൈംബ്രാഞ്ചിന് കൈമാറാന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ ഇപ്പോള്‍ ശരിയായ ദിശയില്‍ തന്നെയാണ് അന്വേഷണം നീങ്ങുന്നത് അന്വേഷണം പൂര്‍ത്തിയായതിന് ശേഷം ഫലപ്രദമല്ലെങ്കില്‍ മാത്രമെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേസിന്റെ അന്വേഷണം സ്വതന്ത്രമായി നടത്താന്‍ പോലിസിനെ അനുവദിക്കണം. പെരുമ്പാവൂര്‍ പോലിസിന് മേല്‍ കടുത്ത സമ്മര്‍ദ്ദമാണുള്ളത്. കേരള പോലിസിന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് പ്രതികളെ ഉടന്‍ പിടികൂടും. അന്വേഷണത്തിന്റെ ഓരോ ഘട്ടവും താന്‍ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. ജിഷയുടെ കൊലപാതക സംഭവത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ പീഡനത്തിനെതിരായ വകുപ്പും ചേര്‍ത്തിട്ടുണ്ട്. എഡിജിപി പത്മകുമാര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഡിജിപിയോട് സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദാരുണമായ സംഭവം രാഷ്ടീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് അപലപനീയമാണ്. വോട്ട് നേടാനുള്ള വിഷയമായി ഇത് മാറ്റരുത്. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ പോലിസിനു വീഴ്ച വന്നിട്ടില്ല എന്ന റിപോര്‍ട്ടാണ് തനിക്ക് ലഭിച്ചത്. കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ കഴിയില്ല. പുറമേ നിന്ന് നോക്കുന്നവര്‍ക്ക് പോലിസ് ഒന്നും ചെയ്യുന്നില്ലെന്ന് തോന്നിയേക്കാം. എന്നാല്‍, അന്വേഷണത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത് കേസന്വേഷണത്തെ ബാധിക്കും.
പെരുമ്പാവൂരില്‍ നടക്കുന്ന സമരപരിപാടികള്‍ ഉടന്‍ അവസാനിപ്പിച്ച് പോലിസിനെ സഹായിക്കുകയാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്. മാധ്യമങ്ങളും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നു രമേശ് ചെന്നിത്തല അഭ്യര്‍ഥിച്ചു. ചില കേസുകളില്‍ പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ കഴിയും. എന്നാല്‍, ചില കേസുകളില്‍ അല്‍പം സമയമെടുക്കും. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് യഥാര്‍ഥ കുറ്റവാളിയിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പോലിസിന് വീഴ്ചയുണ്ടോ എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു. യുഡിഎഫ് ആയിരുന്നുവെങ്കില്‍ ഇത്തരം ഒരു സംഭവം രാഷ്ട്രീയവല്‍ക്കരിക്കില്ലായിരുന്നു.
പെരുമ്പാവൂര്‍ എംഎല്‍എ സാജു പോളിനെതിരേ കുട്ടിയുടെ അമ്മ പറഞ്ഞ പരാതികളില്‍ അഭിപ്രായം പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ താന്‍ തയ്യാറല്ലെന്നും ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിനു മുന്നില്‍ പോലും തന്നെ തടയാന്‍ ശ്രമിച്ചത് വേദനയുണ്ടാക്കി. ദാരുണമായ ഒരു സംഭവം ഉണ്ടാവുമ്പോള്‍ വേദനയില്‍ പങ്ക് ചേരാനും ആവര്‍ത്തിക്കപ്പെടാതിരിക്കാനുമാണ് ശ്രദ്ധിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it