ജിഷയുടെ കൊലപാതകം: അനാസ്ഥ അവസാനിപ്പിക്കണം; തലസ്ഥാനത്ത് പ്രതിഷേധമിരമ്പി

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ദലിത് എല്‍എല്‍ബി വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം. വിദ്യാര്‍ഥി-യുവജന സംഘടനകളും വനിതാ- മാധ്യമ പ്രവര്‍ത്തകരും ഇടതുപക്ഷ മഹിളാ സംഘടനകളുമടക്കം പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാരിന്റെയും പോലിസിന്റെയും അനാസ്ഥ അവസാനിപ്പിക്കണമെന്നും ജിഷയ്ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
തലസ്ഥാനത്തെ വനിതാ മാധ്യമപ്രവര്‍ത്തകരും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും കറുത്ത തുണിയില്‍ വായ്മൂടികെട്ടി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ജിഷയ്ക്ക് നീതി ഉറപ്പാക്കുക, പോലിസിന്റെയും നീതിപീഠത്തിന്റെയും ശക്തമായ ഇടപെടല്‍ ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. വനിതകള്‍ സെക്രട്ടേറിയറ്റിന്മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പി കെ ശ്രീമതി എംപി, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ സംസാരിച്ചു. പെരുമ്പാവൂരിലെ ജിഷയുടെ അരുംകൊല സര്‍ക്കാരും പോലിസും മറച്ചുവച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് പി കെ ശ്രീമതി എംപി ആവശ്യപ്പെട്ടു. ജിഷയുടെ മരണം റിപോര്‍ട്ട് ചെയ്യപ്പെട്ട് ആറുദിവസമായിട്ടും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് വൈകിപ്പിക്കുന്നതിനു പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അവര്‍ പറഞ്ഞു. ജില്ലാസെക്രട്ടറി എം ജി മീനാംബിക, പി എസ് ശ്രീകല, ടി ഗീനാകുമാരി, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, മാധ്യമ പ്രവര്‍ത്തകരായ ശ്രീദേവി പിള്ള, ശ്രീകല പ്രഭാകര്‍, അനുപമ മോഹന്‍, ബി ടി വിദ്യ നേതൃത്വം നല്‍കി.
കാംപസ് ഫ്രണ്ട് തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ആസിഫ്, ജന. സെക്രട്ടറി അസ്ഹര്‍ അഴിക്കോട്, സെക്രട്ടറി മുസമ്മില്‍ ആറ്റിങ്ങല്‍, അബ്ദുല്ല നേതൃത്വം നല്‍കി. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി സെക്രേട്ടറിയറ്റ് മാര്‍ച്ച് നടത്തി. പ്രതിഷേധ യോഗത്തില്‍ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ്കൃഷ്ണ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it