ജിഷയുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം; സഹോദരിക്ക് ജോലി

തിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സഹോദരിക്ക് എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനം.
ഇവര്‍ക്ക് വീട് വച്ചുനല്‍കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായവാഗ്ദാനങ്ങള്‍ ജില്ലാ കലക്ടര്‍ ഏകോപിപ്പിക്കും. ഇക്കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കി. ഇവ നടപ്പാക്കാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും.
അതേസമയം, ജിഷയ്ക്കും അമ്മ രാജേശ്വരിക്കും ഭൂമി വാങ്ങുന്നതിനും അവിടെ വീടുവയ്ക്കുന്നതിനും നേരത്തെ ധനസഹായം നല്‍കിയിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 2014-15ല്‍ പ്രത്യേക പരിഗണനയില്‍ ഉള്‍പ്പെടുത്തി ഭൂമി വാങ്ങുന്നതിന് 3.75 ലക്ഷം രൂപ ധനസഹായം അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് മുടക്കുഴ ഗ്രാമപ്പഞ്ചായത്തില്‍ അഞ്ച് സെന്റ് വസ്തു വാങ്ങിയിട്ടുണ്ട്.
ഇവിടെ വീട് വയ്ക്കുന്നതിനായി പ്രത്യേക പരിഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മൂന്നുലക്ഷം രൂപയുടെ ഭവനനിര്‍മാണ ധനസഹായവും അനുവദിച്ചിരുന്നു. തറപണി പൂര്‍ത്തീകരിച്ചതിനാല്‍ രണ്ടാം ഗഡു തുക ഉള്‍പ്പെടെ മൊത്തം 1.2 ലക്ഷം രൂപ കൊടുത്തു. മൂന്നാം ഗഡുവായ 1.2 ലക്ഷം രൂപയും നാലാം ഗഡുവായ 45,000 രൂപയും പണി പൂര്‍ത്തിയാവുന്ന മുറയ്ക്ക് അനുവദിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ മാതാവിനെയും സഹോദരിയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. അന്വേഷണം തൃപ്തികരമാണെന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it