Pathanamthitta local

ജില്ല പകര്‍ച്ചവ്യാധി ഭീഷണിയില്‍; സര്‍ക്കാര്‍ ആശുപത്രികള്‍ ദുരിതക്കിടക്കയില്‍

പത്തനംതിട്ട: മഴക്കാലം മുന്നില്‍ക്കണ്ട് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളുമായി മുന്നോട്ടുപോവുമ്പോള്‍, ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികള്‍ ദുരിതക്കിടക്കയില്‍. ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആശുപത്രി ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഇല്ലാതെ ബുദ്ധിമുട്ടുമ്പോള്‍, താലൂക്ക് ആശുപത്രികള്‍ പലതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം വീര്‍പ്പുമുട്ടുകയാണ്.
വേനല്‍മഴയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം പനി അടക്കമുള്ള രോഗങ്ങളുമായെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടും, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചിക്കുന്‍ഗുനിയ ബാധിച്ച ജില്ലയിലെ ആശുപത്രികളില്‍ പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ആവശ്യമായ യാതൊരു മുന്നൊരുക്കങ്ങളും ഇതുവരെ നടത്തിയിട്ടില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ തന്നെ അഞ്ചിലധികം ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ഇതിനു പുറമേയാണ് നഴ്‌സുമാരടക്കമുള്ള മറ്റ് ജീവനക്കാരുടെ ഒഴിവുകള്‍. ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം പക്ഷാഘാത യൂനിറ്റിന്റെയും ഡയാലിസിസ് യൂമിറ്റിന്റെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. രാത്രികാലങ്ങളില്‍ അത്യാഹിത വിഭാഗം പേരിനു മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ഗുരുതരാവസ്ഥയില്‍ വരുന്ന രോഗികളെ പ്രാഥമിക ശുശ്രൂഷ നല്‍കി മറ്റാശുപത്രികളിലേക്ക് അയയ്ക്കുന്നത് പതിവ് കാഴ്ചയാണ്. രക്തബാങ്കിന്റെ പ്രവര്‍ത്തനവും നിലച്ചിട്ട് ഏറെക്കാലമായി.
രക്തപരിശോധനാ ലാബിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. രാത്രികാലങ്ങളിലെത്തുന്ന രോഗികളെ പുറത്തുള്ള സ്വകാര്യലാബിലേക്കാണ് പലപ്പോഴും ഡോക്ടര്‍മാര്‍ പറഞ്ഞയക്കുന്നത്. എക്‌സറേ, ഇസിജി യൂനിറ്റുകളുടെ പ്രവര്‍ത്തനത്തിലും പലപ്പോഴും അപാകതകളുള്ളതായി ആക്ഷേപം ഉണ്ട്. ആവശ്യത്തിന് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും അവ രോഗികള്‍ക്ക് പ്രയോജനപ്പെടുന്ന നിലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടാവാത്തതാണ് ജനറല്‍ ആശുപത്രി നേരിടുന്ന പ്രധാന പ്രശ്‌നം. മാലിന്യപ്രശ്‌നമാണ് ജനറല്‍ ആശുപത്രി നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. മാലിന്യസംസ്‌കരണത്തിന് ശാസ്ത്രീയമായ സംവിധാനമില്ലാത്തതിനാല്‍, ഓപറേഷന്‍ തീയറ്ററിലെ അടക്കമുള്ള മാലിന്യങ്ങള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം ചാക്കില്‍ക്കെട്ടി കൂട്ടിയിട്ടിരിക്കുകയാണ്.
നഗരസഭാ ജീവനക്കാരെത്തി മാലിന്യം നീക്കം ചെയ്യുന്നുണ്ടെങ്കിലും ഇത് ഫലപ്രദമല്ല. ആശുപത്രിയുടെ പിന്‍ഭാഗത്തുള്ള മോര്‍ച്ചറിയുടെ പരിസരം ഏറെനാളായി കാടുകയറി കിടക്കുകയാണ്. ഇതിനിടയിലും ആശുപത്രി മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നത് കാണാം. മഴക്കാലമായതോടെ മാലിന്യങ്ങളില്‍ വെള്ളം കെട്ടിനിന്ന് രോഗാണുക്കള്‍ ഉടലെടുക്കാനുള്ള സാധ്യത കൂടുതലാണ്.
Next Story

RELATED STORIES

Share it