kozhikode local

ജില്ല തങ്ങള്‍ക്കെന്ന് ഇടത്; ആറുമുതല്‍ ഒമ്പതുവരെ നേടുമെന്ന് യുഡിഎഫ്

ആബിദ്

കോഴിക്കോട്: തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ കോട്ടകള്‍ തരിപ്പണമാവുമോയെന്ന ഭീതിയിലായിരുന്ന മുന്നണി നേതാക്കള്‍ക്ക് പോളിങ് കഴിഞ്ഞതോടെ അമിതമായ ആത്മവിശ്വാസം. പോളിങ് ശതമാനത്തിലെ വര്‍ധനയും തങ്ങളുടെ വോട്ടുകള്‍ പൂര്‍ണമായും ചെയ്യിക്കാനായെന്ന വിശ്വാസവുമാണ് നേതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
ജില്ലയിലെ 13മണ്ഡലങ്ങളും ഇത്തവണ എല്‍ഡിഎഫിനായിരിക്കുമെന്ന കാര്യത്തില്‍ മുന്നണി കണ്‍വീനര്‍ മുക്കം മുഹമ്മദിന് ഒരു സംശയവുമില്ല. കാര്യങ്ങളെല്ലാം തങ്ങള്‍ക്കനുകൂലം. എല്ലാം ശരിയാക്കാന്‍ എല്‍ഡിഎഫ് വരുമെന്ന ഉറച്ചവിശ്വാസത്തിലാണ് അദ്ദേഹം.
ആറുമുതല്‍ ഒമ്പതു വരെ സീറ്റ് നേടുമെന്നാണ് ഐക്യജനാധിപത്യമുന്നണി കണ്‍വീനര്‍ അഡ്വ. പി ശങ്കരന്റെ കണക്കുകൂട്ടല്‍. മുസ്‌ലിം ലീഗ് കഴിഞ്ഞ തവണ നേടിയ മുന്ന് സീറ്റുകളുടെ കാര്യത്തിലും ശങ്കരന് ഒരു സംശയവുമില്ല. അതിനൊപ്പം വടകരയും കൊയിലാണ്ടിയും കോഴിക്കോട് നോര്‍ത്തും ചേരുമ്പോള്‍ എണ്ണം ആറാവും. കുന്ദമംഗലവും പേരാമ്പ്രയും ബാലുശ്ശേരിയും കൂടി കിട്ടിയാല്‍ ഒമ്പതും. എങ്കിലും എലത്തൂര്‍ മാത്രമേ യുഡിഎഫ് കണ്‍വീനര്‍ ഇടതിന് ഉറപ്പ് നല്‍കുന്നുള്ളു. അതിനൊപ്പം ബേപ്പൂരും നാദാപുരവും ചേര്‍ക്കുന്നതിലും വിരോധമില്ല. കുറ്റിയാടി തങ്ങള്‍ക്കാവാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ കോലം കത്തിക്കുമെന്നും അതിനാല്‍ ഉമ്മര്‍ മാസ്റ്ററെ തോല്‍പ്പിക്കണമെന്നുമുള്ള പ്രചാരണം തിരുവമ്പാടിയില്‍ ഏശില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മുസ്‌ലിം, ക്രിസ്ത്യന്‍, നായര്‍ വോട്ടുകള്‍ തങ്ങള്‍ക്കാണ് ലഭിക്കുക. എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നതോടെ മണ്ഡലത്തിലെ ഈഴവര്‍ അവരെ കൈവിട്ടു. പ്രദേശത്തെ എസ്എന്‍ഡിപി നേതാവ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃനിരയിലാണുള്ളത്. അതുകൊണ്ട് ഈഴവ വോട്ടുകള്‍ തങ്ങള്‍ക്കാവും. കൊടുവള്ളിയിലും സൗത്തിലും ലീഗിന് തന്നെയായിരിക്കും വിജയമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ വന്‍മുന്നേറ്റം പ്രതീക്ഷിക്കുന്ന ബിജെപി ഇത്തവണ വിജയിക്കുക എന്ന ലക്ഷ്യത്തോടെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. കുന്ദമംഗലത്ത് വിജയ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ജില്ലാ പ്രസിഡന്റ് ടി പി ജയചന്ദ്രന്‍ പറയുന്നത്. നോര്‍ത്തിലും പാര്‍ട്ടി വിജയം പ്രതീക്ഷിക്കുന്നുണ്ട്. ബേപ്പൂരിലും കൊയിലാണ്ടിയിലും എലത്തൂരിലും നാദാപുരത്തും മികച്ച വോട്ടുകള്‍ നേടാനാവുമെന്നും അദ്ദേഹം പറഞ്ഞു.
വടകര, നാദാപുരം, കുറ്റിയാടി, കുന്ദമംഗലം, ബേപ്പൂര്‍, തിരുവമ്പാടി മണ്ഡലങ്ങളില്‍ മികച്ച മുന്നേറ്റം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് എസ്ഡിപിഐ ഈ മണ്ഡലങ്ങളില്‍ ഇരുമുന്നണികളുടെയും ഗതി നിര്‍ണയിക്കുക എസ്ഡിപിഐ-എസ്പി സഖ്യം സ്ഥാനാര്‍ഥികള്‍ നേടുന്ന വോട്ടുകളായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പറഞ്ഞു. തിരുവമ്പാടി, കൊടുവള്ളി, കുറ്റിയാടി, പേരാമ്പ്ര, ബേപ്പൂര്‍ മണ്ഡലങ്ങൡ മുന്നേറ്റമുണ്ടാക്കാനാവുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര വിഭാഗം കണ്‍വീനര്‍ എം എ ഖയ്യൂം പറഞ്ഞു.
വോട്ടിങ് ശതമാനത്തിലെ വര്‍ധന ഐക്യമുന്നണിക്ക് നല്ല പ്രതീക്ഷയാണ് നല്‍കുന്നത്. വോട്ടിങ് ശതമാനം കൂടിയാല്‍ ഐക്യ മുന്നണിക്കും കുറഞ്ഞാല്‍ ഇടതു മുന്നണിക്കുമെന്ന ധാരണ നേരത്തെ ഉണ്ടായിരുന്നു. മുമ്പ് അത് ഏറെക്കുറെ ശരിയുമാവാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈ ധാരണ ശരിയല്ലെന്ന് തെളിയിക്കുന്ന രീതിയിലാണ് ഫലം വന്നുകൊണ്ടിരിക്കുന്നതെന്ന് എ പ്രദീപ് കുമാര്‍ എംഎല്‍എ പറഞ്ഞു. എംഎല്‍എയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. ജില്ലയില്‍ 81.46ശതമാനം പോളിങ് രേഖപ്പെടുത്തിയ 2015ലെ തിരഞ്ഞെടുപ്പില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഇടതുമുന്നണി കൈയടക്കുന്ന കാഴ്ചയാണ് കണ്ടത്. വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇടതു മുന്നണി തങ്ങളുടെ വോട്ടുകള്‍ കൃത്യമായി ചെയ്യിക്കുകയും എന്നാല്‍ അത്രതന്നെ സംഘടിതമല്ലാതിരുന്ന ഐക്യമുന്നണിയുടെ വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളില്‍ എത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറി. എല്ലാ പാര്‍ട്ടികളും തങ്ങളുടെ വോട്ടുകള്‍ പരമാവധി ചെയ്യിക്കാനുള്ള കഠിനമായ ശ്രമമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ 81.88 എന്ന മികച്ച വോട്ടിങ്‌നില ഐക്യമുന്നണി കേന്ദ്രങ്ങള്‍ക്ക് അനുകൂലമാവാന്‍ ഇടയില്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എം കെ മുനീറിന് പോലും അടിതെറ്റിയേക്കുമെന്നാണ് സൗത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഐഎന്‍എല്‍ നേതാവ് അബ്ദുല്‍ വഹാബിനായി ജീവന്മരണ പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് നടത്തിയത്. എന്നാല്‍, ബിജെപി വോട്ടുകള്‍ മുനീറിന് കിട്ടിയിട്ടുണ്ടെന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഐഎന്‍എല്‍ പ്രതീക്ഷകള്‍ തകിടംമറിയും. ബാലുശ്ശേരിയിലും ബേപ്പൂരുമൊന്നും അല്‍ഭുതങ്ങള്‍ സംഭവിക്കാന്‍ ഒരു സാധ്യതയുമില്ല. പേരാമ്പ്രയും കുറ്റിയാടിയും എല്‍ഡിഎഫിന് അത്ര എളുപ്പമായിരിക്കില്ലെന്നാണ് പോളിങ് നില സൂചിപ്പിക്കുന്നത്. വടകരയില്‍ കെ കെ രമ ഇരുമുന്നണികളെയും ഞെട്ടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
Next Story

RELATED STORIES

Share it