kannur local

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവം സമാപിച്ചു

തലശ്ശേരി: വിദ്യാര്‍ഥികളുടെ ശാസ്ത്രാഭിരുചികള്‍ വിളിച്ചോതിയ റവന്യു ജില്ലാ ശാസ്‌ത്രോല്‍സവത്തിനു സമാപനം. വിവിധ വിഭാഗങ്ങളിലായി വിദ്യാര്‍ഥികള്‍ നടത്തിയ അവതരണം ഏറെ ശ്രദ്ധേയമായി. കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒമ്പാതാംതരം വിദ്യാര്‍ഥികളായ ഗായത്രിയും ഭാനുപ്രിയയും അവതരിപ്പിച്ച സൂര്യനു ചുറ്റും ഭൂമി കറങ്ങുമ്പോള്‍ നമ്മുടെ ആവാസ വ്യവസ്ഥയില്‍ ക്രമം തെറ്റാതെയെത്തുന്ന ഋതുഭേദങ്ങളെ കുറിച്ചുള്ള വിശദീകരണം പഠനാര്‍ഹമായിരുന്നു. പുതിയ ലോകക്രമത്തില്‍ ഓരോരുത്തരും ഏറെ ധൃതിയിലാണ് ജീവിക്കുന്നത്.
കാലഗണന പോലും മറന്നുപോയ തലമുറ പുതിയ തലമുറയ്ക്കു പകര്‍ന്നു നല്‍കാന്‍ പ്രകൃതിയില്‍ നിന്നാര്‍ജിച്ച അറിവുകള്‍ പോലും അപ്രസക്തമാവുകയാണ്. ഇവിടെയാണ് വിദ്യാര്‍ഥികളുടെ അവതരണം ശ്രദ്ധേയമാവുന്നത്. പരിചയമേളയില്‍ തടിമരത്തി ല്‍ ചെയ്യുന്ന ചിത്രപ്പണികള്‍, കരകൗശല വസ്തുനിര്‍മാണം, എംബ്രോയിഡറി തുടങ്ങിയവയില്‍ മല്‍സരാര്‍ഥികള്‍ മികവ് കാട്ടി. ചരടില്‍ ബന്ധിപ്പിച്ച പാവകളെ തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ചലിപ്പിക്കുന്നത് പ്രദര്‍ശനം കാണാനെത്തിയവരെ ആകര്‍ഷിച്ചു. ശാസ്‌ത്രോല്‍സവത്തിന്റെ സമാപനസമ്മേളനം തലശ്ശേരി ഡിവൈഎസ്പി ഷാജുപോള്‍ ഉദ്ഘാടനം ചെയ്തു.
തലശ്ശേരി സൗത്ത് എഇഒ പി പി സനകന്‍ അധ്യക്ഷത വഹിച്ചു. പി വി ഗീത, ലിസി വര്‍ഗീസ്, പി പി ഗീത, അബ്ദുല്‍ലത്തീഫ്, എന്‍ വി അബ്ദുല്‍ അഫ്‌സല്‍, ഡെന്നിജോണ്‍, സി കെ പി മമ്മുഹാജി, അഡ്വ. കെ കെ രാഗേഷ്, ടി ജഗദീഷ് സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹിക ശാസ്ത്ര-പ്രവൃത്തി പരിചയ-ഐടി മേളയില്‍ 3600 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it