ജില്ലാ സെക്രട്ടറിമാര്‍ക്കുള്ള മല്‍സരവിലക്ക് നീക്കി ജില്ലാ സെക്രട്ടറിമാര്‍ക്കുള്ള മല്‍സരവിലക്ക് നീക്കി

തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറിമാര്‍ക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള നയപരമായ വിലക്ക് നീക്കാനുള്ള നിര്‍ദേശത്തിന് സംസ്ഥാന സമിതി അംഗീകാരം നല്‍കി. മൂന്നു ജില്ലാ സെക്രട്ടറിമാരായിരിക്കും ഇത്തവണ മല്‍സരത്തിനിറങ്ങാന്‍ സാധ്യത. ഈ ജില്ലകളില്‍ മുതിര്‍ന്ന നേതാക്കളെ ജില്ലാ സെക്രട്ടറിമാരായി പരിഗണിക്കും. സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നതിനു പിന്നാലെ ചേരുന്ന ജില്ലാ കമ്മിറ്റികളില്‍ പുതിയ സെക്രട്ടറിമാരെ നിശ്ചയിക്കും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാല്‍, എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവര്‍ മല്‍സരത്തിനിറങ്ങിയേക്കും.
അതേസമയം, മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെ സംബന്ധിച്ച് മാര്‍ച്ച് 10നു മുമ്പായി ജില്ലാ കമ്മിറ്റികളുടെ ശുപാര്‍ശ സംസ്ഥാന കമ്മിറ്റിക്കു നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രാദേശിക കമ്മിറ്റികളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചശേഷം ജില്ലകളില്‍ നടക്കുന്ന സ്ഥാനാര്‍ഥി നിര്‍ണയയോഗത്തില്‍ ജില്ലകളുടെ ചുമതലയുള്ള നേതാക്കള്‍ക്കു പുറമെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കും. സ്വതന്ത്രസ്ഥാനാര്‍ഥികളെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളും സംസ്ഥാനനേതൃയോഗത്തില്‍ തുടങ്ങി.
യുഡിഎഫില്‍നിന്നും വിട്ടുവന്ന കെബി ഗണേഷ്‌കുമാറിനെ സ്വതന്ത്രനായി മല്‍സരിപ്പിക്കും. ഇതിനു പുറമെ സിനിമാരംഗത്തുനിന്നുള്ളവരും സ്ഥാനാര്‍ഥികളാവും. ഇവരുടെ പേരുകള്‍ പിന്നീട് പ്രഖ്യാപിക്കും. നേരത്തേ സിപിഎം സ്വതന്ത്രനായി മല്‍സരിച്ച ഡോ. സെബാസ്റ്റിയന്‍ പോളിന്റെ പേരും പരിഗണനയിലുണ്ട്. സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഘടകകക്ഷികള്‍ അവകാശവാദമുന്നയിച്ച സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
Next Story

RELATED STORIES

Share it