ജില്ലാ വിഭജനത്തിന് മുറവിളിയുയരുമ്പോള്‍

ജില്ലാ വിഭജനത്തിന് മുറവിളിയുയരുമ്പോള്‍
X
malappuram civil
റസാഖ് മഞ്ചേരി

ബ്രിട്ടിഷ് അധിനിവേശ ശക്തികള്‍ക്കെതിരേ സര്‍വസ്വവും ത്യജിച്ചു ചെറുത്തുനിന്ന ഏറനാട്ടിലെ മാപ്പിളമാര്‍ക്കും ദലിതുകള്‍ക്കും ഏറെ പ്രതീക്ഷയേകുന്നതുതന്നെയായിരുന്നു മലപ്പുറം ജില്ലാ രൂപീകരണം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം ബ്രിട്ടിഷ് കൊളോണിയല്‍ ഭരണത്തിനെതിരേ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടന്ന ഏക യുദ്ധമെന്നു ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച 1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം നടന്ന മണ്ണാണ് മലപ്പുറത്തിന്റേത്.
ഗാന്ധിജിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പിന്തുണയോടെ നിസ്സഹകരണ സമരത്തിന്റെ ഭാഗമായി പോരാട്ടത്തിനിറങ്ങിയ ജനത ആറു മാസക്കാലം ഏറനാട്-വള്ളുവനാട് താലൂക്കുകള്‍ സ്വതന്ത്രമാക്കി ഭരിക്കുക പോലും ചെയ്തു. ഫറോക്ക് പാലത്തിനിപ്പുറത്തേക്ക് 220 അംശങ്ങളില്‍ 1921ലെ ആറു മാസക്കാലം ബ്രിട്ടിഷ് യൂനിയന്‍ പതാക പാറിയില്ലെന്നാണ് ചരിത്രരേഖ. ആ ചരിത്രനിയോഗം ഏറ്റെടുത്ത ജനതയുടെ നേതാക്കളെ വെടിവച്ചുകൊന്ന ശേഷം മയ്യിത്തുകള്‍ ചുട്ടെരിച്ചപ്പോള്‍ അവരുടെ ഭരണപരമായ രേഖകള്‍ അടങ്ങിയ പെട്ടിയും ബ്രിട്ടിഷുകാര്‍ അഗ്‌നിക്കിരയാക്കിയത്രേ. 1922 ജനുവരി 20നു കോട്ടക്കുന്നിന്റെ വടക്കേ ചരുവില്‍ വച്ച് ബ്രിട്ടിഷ് സൈന്യം ചുട്ടെരിച്ച രേഖകള്‍ ഒരു ജനതയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല ചരിത്രമാണ്.
പീഡനങ്ങളുടെ മഹാപര്‍വത്തിനു ശേഷം 1947 ആഗസ്ത് 14ന് അര്‍ധരാത്രി ഡല്‍ഹിയിലെ പാര്‍ലമെന്റ് മുറ്റത്തെ ബ്രിട്ടിഷ് പതാക താഴ്ത്തി ഇന്ത്യന്‍ ദേശീയപതാക ഉയര്‍ന്നപ്പോള്‍ ഏറനാട്, വള്ളുവനാട് പ്രദേശങ്ങള്‍ പുതിയ പുലരിയിലേക്ക് ഉണരാനൊരുങ്ങി. സ്വത്വബോധം കൈമുതലാക്കി പൊരുതിയ ജനത പതിറ്റാണ്ടുകള്‍ പിറകിലായിപ്പോയെന്നതു പക്ഷേ, തിരിച്ചറിയാന്‍ കാലങ്ങള്‍ തന്നെ അവര്‍ക്കു വേണ്ടിവന്നു. ഖിലാഫത്ത് സമരം കഴിഞ്ഞ് 12 വര്‍ഷത്തിനു ശേഷം അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മലബാറിലെ പോരാളികളെ വാനോളം പുകഴ്ത്തി. അവരുടെ സമരമാതൃകകള്‍ സ്വീകരിച്ച് വര്‍ഗ-ബഹുജന സമരങ്ങളുമായി മുന്നോട്ടുപോവണമെന്നും ആഹ്വാനം ചെയ്തു.
വിഭജനാനന്തരം 1948ല്‍ മദ്രാസില്‍ വച്ച് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് നിലവില്‍ വന്നപ്പോള്‍ മലബാറില്‍ അതിനു വേരോട്ടം കൂടുതല്‍ കിട്ടിയത് ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലായിരുന്നു. വിഭജനത്തിന്റെ പഴി മുഴുവന്‍ കോണ്‍ഗ്രസ് കെട്ടിവച്ചത് ലീഗിന്റെ മുതുകിലായിരുന്നു. മദ്രാസ് പ്രസിഡന്‍സിയിലും ഐക്യകേരള രൂപീകരണത്തിനു ശേഷം ഇന്നുവരെയുള്ള മുഴുവന്‍ നിയമസഭകളിലും അധികാരത്തിലോ പ്രതിപക്ഷത്തോ മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയപ്രസ്ഥാനം ഉണ്ടായിരുന്നു. വിദ്യാഭ്യാസവും വ്യവസായവും സിവില്‍ സപ്ലൈസും പൊതുമരാമത്തും നഗരകാര്യവും എന്നുവേണ്ട മുഖ്യമന്ത്രിപദം വരെ അലങ്കരിച്ച ലീഗിനു പക്ഷേ, എവിടെയോ അല്‍പ്പം പിഴച്ചുപോയി.
മലപ്പുറത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് അംഗവൈകല്യം സംഭവിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതര ജില്ലകള്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ ബഹുദൂരം മുന്നേറിയപ്പോള്‍ മലപ്പുറത്ത് അതിന് ഒച്ചിന്റെ വേഗമായിരുന്നു. വിഭ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനസംഖ്യാനുപാതിക വിന്യാസത്തില്‍ ലീഗ് മന്ത്രിമാര്‍ അമ്പേ പരാജയപ്പെട്ടപ്പോള്‍ ഇതര ജില്ലകളില്‍ ആവശ്യക്കാരില്ലാതെ അവസരങ്ങള്‍ വെറുതെകിടന്നു. ഇപ്പോള്‍ ജനമൊന്നു കണ്ണുതുറന്നിരിക്കുന്നുവെന്നത് പ്രതീക്ഷയേകുന്നുണ്ട്.
ബ്രിട്ടിഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തരവും മദ്രാസ് പ്രസിഡന്‍സിക്കു കീഴിലെ മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു ഇന്നു മലപ്പുറം ജില്ലയെന്നറിയപ്പെടുന്ന പ്രദേശം. 1956 നവംബര്‍ ഒന്നിന് ഐക്യകേരളം രൂപീകരിക്കപ്പെട്ടതോടെ മലബാര്‍ മേഖല കേരള സംസ്ഥാനത്തിന്റെ ഭാഗമായി. 1957 മുതല്‍ 1969 വരെയുള്ള കാലഘട്ടത്തില്‍ വിവിധ അതിര്‍ത്തിനിര്‍ണയ പ്രക്രിയകള്‍ ഈ പ്രദേശത്ത് നടന്നു. ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളും  കോഴിക്കോടിന്റെ ചില ഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് മലപ്പുറം ജില്ല രൂപീകരിച്ചത്.
ഏറനാട്, പൊന്നാനി താലൂക്കുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി 1957 ജനുവരി ഒന്നിനു തിരൂര്‍ താലൂക്ക് രൂപീകരിക്കപ്പെട്ടു. പൊന്നാനിയുടെ ചില ഭാഗങ്ങള്‍ ചാവക്കാട് താലൂക്കിലും ഉള്‍പ്പെടുത്തി. പിന്നീട് വള്ളുവനാടിനെ വിഭജിച്ച് പെരിന്തല്‍മണ്ണ താലൂക്ക് നിലവില്‍ വന്നു. ഏറനാട്, തിരൂര്‍ താലൂക്കുകള്‍ കോഴിക്കോട് ജില്ലയിലും പെരിന്തല്‍മണ്ണ, പൊന്നാനി എന്നിവ പാലക്കാട് ജില്ലയിലുമാണ് അന്ന് ഉള്‍പ്പെട്ടിരുന്നത്. പിന്നീട് ഈ നാലു താലൂക്കുകളും ഉള്‍പ്പെടുത്തി മലപ്പുറം ജില്ല രൂപീകരിച്ചു. ദക്ഷിണേന്ത്യയിലെ ഏക മുസ്‌ലിം ഭൂരിപക്ഷ ജില്ലയാണ് 1969 ജൂണ്‍ 16ന് നിലവില്‍ വന്ന മലപ്പുറം.
അധിനിവേശവിരുദ്ധ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത ജനവിഭാഗം സാമൂഹിക-വിദ്യാഭ്യാസരംഗങ്ങളില്‍ സ്വഭാവികമായും പിറകോട്ടു പോയി. ഈ പിന്നാക്കാവസ്ഥ പരിഹരിക്കാനും മലപ്പുറത്തെ മുന്നോട്ടുനയിക്കാനും പിന്നീട് വന്ന ഭരണകൂടങ്ങള്‍ക്ക് വേണ്ടത്ര സാധിച്ചതുമില്ല. ഗള്‍ഫ് പണത്തിന്റെ മികവില്‍ അല്‍പ്പം മെച്ചപ്പെട്ട ജീവിത-വിദ്യാഭ്യാസ സാഹചര്യങ്ങള്‍ നേടിയെന്നതൊഴിച്ചാല്‍ ഇപ്പോഴും പിന്നാക്കാവസ്ഥ തുടരുകയാണ്.
നേരത്തേ മലബാറുകാരന്‍ സമ്പാദ്യം ലക്ഷ്യം വച്ച് മധ്യപൗരസ്ത്യദേശങ്ങളിലേക്കു കുടിയേറിയിരുന്നെങ്കില്‍ ഇന്നത് അന്നം തേടിയുള്ള യാത്രയായി പരിണമിച്ചിരിക്കുന്നു. നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ കൂലിയിലാണ് പലരും മണലാരണ്യത്തിലെ പൊരിവെയിലില്‍ പണിയെടുക്കുന്നത്. കലുഷിതമായ അറേബ്യന്‍ സാഹചര്യം ഏറെ ആശങ്ക പടര്‍ത്തുന്നത് മലപ്പുറം ഉള്‍ക്കൊള്ളുന്ന മലബാറിലാണ്. ഗള്‍ഫ് വരുമാനം നിലച്ചാല്‍ നിത്യവൃത്തിക്കു പോലും ഗതിയില്ലാത്തവരായി ഇവിടത്തുകാര്‍ മാറുമെന്ന യാഥാര്‍ഥ്യം മുന്നിലുണ്ട്.
സമീപഭാവിയില്‍ സംഭവിച്ചേക്കാവുന്ന അത്തരമൊരു അവസ്ഥയെ മറികടക്കാന്‍ ക്രിയാത്മകമായി ഇടപെടാന്‍ സാമൂഹികപ്രസ്ഥാനങ്ങള്‍ക്ക് ഇതുവരെ സമയമായിട്ടുമില്ല. അത്തരമൊരവസ്ഥയെ മറികടക്കാന്‍ മലപ്പുറം ജില്ലയെ വിഭജിച്ച്് അധികാര വികേന്ദ്രീകരണവും അവസരസമത്വവും  സാധ്യമാക്കേണ്ടതുണ്ട്. ജില്ലയെ വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി ഒരു ജില്ല രൂപീകരിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ വികസനക്ഷേമ ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കാനാവും. എന്തുകൊണ്ടാണ് മലപ്പുറം ജില്ല വിഭജിക്കണമെന്ന് പറയുന്നതെന്ന് ചിന്തിക്കുന്നവരുണ്ടാകാം. ചുവടെ ചേര്‍ക്കുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ വിഭജനം അനിവാര്യമാണെന്നു ബോധ്യമാകും.
1969 ജൂണ്‍ 16നു രൂപംകൊണ്ട മലപ്പുറം ജില്ല കേരളത്തിലെ 14 ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതാണ്. 2011ലെ സെന്‍സസ് പ്രകാരം 41,10,956 ആണ് ജില്ലയിലെ ജനസംഖ്യ. 2001ലെ സെന്‍സസ് പ്രകാരം 36,25,471 ആയിരുന്നു ജനസംഖ്യ. 1000 പുരുഷന്മാര്‍ക്ക് 1096 സ്ത്രീകള്‍ എന്ന തോതിലാണിത്. അതായത് 21,49,942 സ്ത്രീകള്‍ മലപ്പുറത്തുണ്ട്. 19,61,014 പുരുഷന്മാരും. ഒരു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 1158 പേര്‍ വസിക്കുന്ന ജനസാന്ദ്രതയേറിയ സംസ്ഥാനത്തെ ഏക ജില്ലയാണിത്.
3350 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മലപ്പുറം വലുപ്പത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗ്രാമപ്പഞ്ചായത്തുകളും (102) ഏറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളുള്ളതും മലപ്പുറം ജില്ലയില്‍ തന്നെ. 2001-2011 കാലത്തെ കണക്ക് പരിശോധിച്ചാല്‍ ഏറ്റവുമധികം ജനസംഖ്യാ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുന്ന ജില്ല മലപ്പുറമാണെന്നു വ്യക്തമാവും. പത്തു വര്‍ഷം കൊണ്ട് 4,85,485 പേരുടെ വര്‍ധനവാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്.
വിസ്തീര്‍ണത്തിന്റെ കാര്യത്തില്‍ മലപ്പുറം മൂന്നാം സ്ഥാനത്താണുള്ളത്. എന്നാല്‍, വിസ്തൃതിയില്‍ രണ്ടാം സ്ഥാനത്തുള്ള ഇടുക്കി ജില്ലയില്‍ ഭൂപ്രദേശത്തിന്റെ 74.1 ശതമാനവും ജനവാസമില്ലാത്ത വനമേഖലയാണ്. ഇവിടത്തെ ജനസംഖ്യയാകട്ടെ 11,08,974 മാത്രമാണുതാനും. മലപ്പുറത്തേക്കാള്‍ 30 ലക്ഷത്തിലധികം (30,01,982) ജനങ്ങള്‍ കുറവാണിവിടെ. 2001-2011 കാലയളവില്‍ ഉണ്ടായിരുന്ന 24,96,250ന്റെ കൂടുതലില്‍ നിന്നാണ് അഞ്ചു ലക്ഷത്തിലധികം പേരുടെ വ്യത്യാസം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ചതുരശ്ര കിലോമീറ്ററിനു 259 പേര്‍ എന്ന തോതിലാണ് ഇടുക്കിയിലെ ജനസാന്ദ്രത. ഒന്നാം സ്ഥാനത്തുള്ള പാലക്കാട് ജില്ലയുടെ വിസ്തൃതിയാകട്ടെ 4480 ചതുരശ്ര കിലോമീറ്ററാണ്. 35.1 ശതമാനം വനമുള്‍ക്കൊള്ളുന്ന ഇവിടത്തെ ജനസംഖ്യ 28,10,892 ആണ്. (2001ല്‍ ഇത് 26,17,482 ആയിരുന്നു). അതായത് മലപ്പുറം ജില്ലയേക്കാള്‍ 10 ലക്ഷത്തില്‍പരം (13,00,064) പേരുടെ കുറവ്. 3350 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മലപ്പുറത്താകട്ടെ കേവലം 34.1 ശതമാനം മാത്രമാണ് വനമുള്ളത്. ഇതില്‍ തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് വനഭൂമി തീരെയില്ല. എട്ടു ലക്ഷം (8,16,558) ജനങ്ങള്‍ മാത്രമുള്ള വയനാട് ജില്ലയും 1414 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ആലപ്പുഴ ജില്ലയും സംസ്ഥാനത്ത് നിലവിലുണ്ട്. ഏഴു മുനിസിപ്പാലിറ്റികളും ആറു താലൂക്കുകളും 14 വികസന ബ്ലോക്കുകളും 100 പഞ്ചായത്തുകളും 138 വില്ലേജുകളും രണ്ടു റവന്യൂ ഡിവിഷനുകളുമുള്ള ജില്ലയാണ് മലപ്പുറം.
രണ്ടു ജില്ലാ ആശുപത്രികളാണ് മലപ്പുറത്ത് നിലവിലുള്ളത്. 554 ബെഡുള്ള മഞ്ചേരി ജനറല്‍ ആശുപത്രിയും 164 ബെഡുള്ള തിരൂര്‍ ജനറല്‍ ആശുപത്രിയുമാണ് 41,10,956 ജനങ്ങളുള്ള മലപ്പുറത്തെ പ്രധാന ചികില്‍സാ സൗകര്യം. മഞ്ചേരി ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജ് ആക്കിയതോടെ ജനറല്‍ ആശുപത്രിയും മെഡിക്കല്‍ കോളജും ഫലത്തില്‍ ഇല്ലാത്ത അവസ്ഥയാണ്.
രണ്ടു ടി.ബി. സെന്ററുകളും അഞ്ചു താലൂക്ക് ആശുപത്രികളും ഇവിടെയുണ്ട്. 21 സി.എച്ച്.സികളും 21 മുഴുസമയ പി.എച്ച്.സികളും 63 പി.എച്ച്.സികളുമടക്കം 120 അലോപ്പതി ചികില്‍സാകേന്ദ്രങ്ങളാണ് മലപ്പുറത്തുള്ളത്. അതേസമയം, ഒരു ജനറല്‍ ആശുപത്രിയും രണ്ട് ജില്ലാ ആശുപത്രികളും സ്ത്രീകളുടെയും കുട്ടികളുടെയും രണ്ടു വീതം ആശുപത്രികളും ഒരു മാനസികാരോഗ്യകേന്ദ്രവും രണ്ടു ടി.ബി. സെന്ററുകളും 23 സി.എച്ച്.സികളും 69 പി.എച്ച്.സികളും ഒമ്പത് ഇതര ആശുപത്രികളുമാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. മെഡിക്കല്‍ കോളജ്, ആര്‍.സി.സി. എന്നിവയ്ക്കു പുറമേയാണിത്. 32,34,707 ജനസംഖ്യയുള്ളിടത്താണ് ഇത്. മലപ്പുറത്ത് ഇതിനേക്കാള്‍ 8,76,249 ജനസംഖ്യ കൂടുതലുണെ്ടന്ന് ഓര്‍ക്കണം.
കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 95.48 ശതമാനം വിജയം വരിച്ച മലപ്പുറത്തെ കുട്ടികളില്‍ 17,000ഓളം പേര്‍ തുടര്‍പഠനത്തിന് അവസരമില്ലാതെ നട്ടംതിരിയുകയാണ്. 73,746 കുട്ടികള്‍ തുടര്‍പഠനത്തിന് അര്‍ഹത നേടിയപ്പോള്‍ ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി പഠനത്തിന് 56,000ഓളം സീറ്റുകള്‍ മാത്രമാണ് ഉള്ളത്. സര്‍ക്കാര്‍ എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളില്‍ ആകെയുള്ള പ്ലസ്ടു സീറ്റുകള്‍ 45,886 ആണ്. 10000ഓളം വൊക്കേഷനല്‍ ഐ.ടി.ഐ. സീറ്റുകളുമുണ്ട്. ബിരുദതലത്തിലും മതിയായ സീറ്റുകള്‍ മലപ്പുറത്തിന് അനുവദിക്കപ്പെട്ടിട്ടില്ല. പേരിന് ആറു യൂനിവേഴ്‌സിറ്റികള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. സംസ്‌കൃത-മലയാള യൂനിവേഴ്‌സിറ്റികള്‍ മലപ്പുറത്ത് പ്രവര്‍ത്തിക്കുമ്പോഴും അറബിക് യൂനിവേഴ്‌സിറ്റി എന്ന ആവശ്യം പരിഗണിക്കപ്പെടാതെ കിടക്കുകയാണ്.
ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നവരാണ് മലപ്പുറത്തെ വലിയൊരു വിഭാഗം. ഒരു കുടുംബത്തില്‍ ചുരുങ്ങിയത് ഒരാളെങ്കിലും അറേബ്യന്‍ നാടുകളില്‍ പ്രവാസിയായി ഉണ്ടാകും. എന്നിട്ടും അറബിക് യൂനിവേഴ്‌സിറ്റി പരിഗണിക്കാന്‍ കാലങ്ങളായി വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. വികസനപരമായ പുരോഗതിക്കും സാമൂഹിക വികാസത്തിനും ജില്ലാ വിഭജനം അനിവാര്യമായി തീര്‍ന്നിരിക്കുകയാണെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.
തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകള്‍ ഉള്‍പ്പെടുന്ന 1000ഓളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി വരുന്ന പ്രദേശത്തെ മലപ്പുറം ജില്ലയില്‍ നിന്ന് വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി ഒരു ജില്ല രൂപീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നേരത്തേ ഈ ആവശ്യം ഉന്നയിച്ച് എസ്.ഡി.പി.ഐ. സംസ്ഥാന സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. മുസ്‌ലിംലീഗ് തിരൂര്‍ പ്രാദേശിക ഘടകവും നേരത്തേ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
പുതുതായി തിരൂര്‍ ആസ്ഥാനമായി ജില്ല രൂപീകരിക്കുകയാണെങ്കില്‍ നിലവിലെ കണക്കുകള്‍ പ്രകാരം  ജനസംഖ്യ 20,04,000ഓളം ഉണ്ടാവും. ഏറനാട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകള്‍ ഉള്‍പ്പെടുന്ന 2559 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയോടെ മലപ്പുറം ജില്ല വിസ്തൃതിയുടെ കാര്യത്തില്‍ ഏഴാം സ്ഥാനത്തും 21,06,956 ജനസംഖ്യയെ ഉള്‍ക്കൊണ്ട് ഇക്കാര്യത്തില്‍ 10ാം സ്ഥാനത്തും നിലനില്‍ക്കുകയും ചെയ്യും. ജനസംഖ്യയുടെ കാര്യത്തില്‍ 11ാം സ്ഥാനം തിരൂരിനായിരിക്കും ഇതുപ്രകാരം ഉണ്ടാവുക. റവന്യൂ വരുമാനം തിരൂര്‍, പെരിന്തല്‍മണ്ണ ഡിവിഷനുകളില്‍ ഏറക്കുറേ തുല്യ അനുപാതത്തില്‍ നിലനില്‍ക്കുന്നതിനാല്‍ രണ്ടു ജില്ലകളുടെയും റവന്യൂ കമ്മി പ്രശ്‌നവും ഉണ്ടാകാനിടയില്ല. മുമ്പ് പൊന്നാനി താലൂക്കില്‍ നിന്ന് ചാവക്കാട്ടേക്ക് കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ വീണ്ടും പൊന്നാനിയോട് കൂട്ടിച്ചേര്‍ത്താല്‍ പുതുതായി രൂപീകരിക്കപ്പെടുന്ന ജില്ലയുടെ റവന്യൂ വര്‍ധിപ്പിക്കാനുമാകും.
ജനാധിപത്യം ജനങ്ങള്‍ക്കു വാഗ്ദാനം ചെയ്യുന്ന അധികാര പങ്കാളിത്തവും അവസരസമത്വവും യാഥാര്‍ഥ്യമാക്കണമെങ്കില്‍ അധികാര വികേന്ദ്രീകരണം അനിവാര്യമാണ്. സാധാരണ ജനങ്ങളില്‍ വികസനത്തിന്റെ ഗുണഫലങ്ങള്‍ എത്തണമെങ്കില്‍ ജനസംഖ്യാനുപാതികമായ അടിസ്ഥാന സൗകര്യങ്ങള്‍ വിഭജിക്കപ്പെടണം. ഇനിയും മുറവിളികളോട് പുറംതിരിഞ്ഞുനില്‍ക്കാനാണ് ഉത്തരവാദപ്പെട്ടവരുടെ നീക്കമെങ്കില്‍ ജനം തിരിച്ചടിക്കും. സംസ്ഥാനത്തെ 3,33,87,677 ജനങ്ങളില്‍ 41,10,956ഉം അധിവസിക്കുന്ന മലപ്പുറത്ത് എസ്.എസ്.എല്‍.സി. പരീക്ഷ പാസായ 17,000ഓളം കുട്ടികള്‍ ഹയര്‍സെക്കന്‍ഡറി പഠനത്തിനു സൗകര്യമില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണിത്.
ആലപ്പുഴയിലും പാലക്കാട്ടും മെഡിക്കല്‍ കോളജ് പണി പുരോഗമിക്കുന്നു. നിലവിലുണ്ടായിരുന്ന ജനറല്‍ ആശുപത്രി ഇല്ലാതാക്കി പ്രഖ്യാപിച്ച മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒ.പിയുടെ ബോര്‍ഡല്ലാതെ മറ്റൊന്നും ഇതുവരെ സജ്ജീകരിക്കപ്പെട്ടിട്ടില്ല. ഇല്ലാതാക്കിയ ജനറല്‍ ആശുപത്രിക്ക് പകരം സംവിധാനം കാണാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വികസന പ്രവര്‍ത്തനങ്ങളിലെ മെല്ലെപ്പോക്ക് ജില്ലയോടുള്ള അവഗണനയാണെന്നു ജനം തിരിച്ചറിയുന്നുണ്ട്.
Next Story

RELATED STORIES

Share it