malappuram local

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു; പുതിയ നഗരസഭകളില്‍ മതിയായ ജീവനക്കാരെ നിയമിക്കണം

മലപ്പുറം: ജില്ലയില്‍ പുതുതായി രൂപീകരിച്ച നഗരസഭകളില്‍ മതിയായ ജീവനക്കാരെ നിയമിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പഴയ ഗ്രാമപ്പഞ്ചായത്തുകളിലെ ജീവനക്കാര്‍ തന്നെയാണ് നഗരസഭകളായപ്പോഴും തുടരുന്നത് എന്നതിനാല്‍ ജീവനക്കാരുടെ അപര്യാപ്തതയും പരിചയക്കുറവും നഗരസഭകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി നഗരസഭാ അധ്യക്ഷര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സര്‍ക്കാറിന്റെ അടിയന്തരമായ ഇടപെടല്‍ വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ യഥാസമയം പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. യുപി സ്‌കൂള്‍ അധ്യാപക നിയമനത്തിനുള്ള പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി തീരാറായിട്ടുണ്ടെന്നും ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പി കെ ബഷീര്‍ എംഎല്‍എ ആവശ്യപ്പെട്ടു.
മലപ്പുറം കോട്ടപ്പടി തലാപ്പ്കടവ്- ആശാരിപ്പടി പാലത്തിന്റെ അനുബന്ധ റോഡിന് ഏറ്റെടുത്ത ഒന്നര ഏക്കര്‍ ഭൂമി ഈയാഴ്ച തന്നെ പൊതുമരാമത്ത് വകുപ്പിന് കൈമാറുമെന്ന് പി ഉബൈദുല്ല എംഎല്‍എയെ ജില്ലാ കലക്ടര്‍ അറിയിച്ചു. കേരള ജല അതോറിറ്റിയുടെ കേടായ മോട്ടോര്‍ പമ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. തിരൂര്‍ കൂട്ടായിയില്‍ ഡിഫ്തീരിയ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഡിഎംഒ നിരീക്ഷിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പരപ്പനങ്ങാടി ചാപ്പപ്പടി ഫിഷറീസ് ആശുപത്രിയില്‍ ഡോക്ടര്‍ അവധിയാവുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഡിഎംഒ അറിയിച്ചു.
യോഗത്തില്‍ ടി എ അഹമ്മദ് കബീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, മഞ്ചേരി- നിലമ്പൂര്‍- വളാഞ്ചേരി- തിരൂരങ്ങാടി- പരപ്പനങ്ങാടി- കൊണ്ടാട്ടി നഗരസഭാ അധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം അബ്ദുല്ലക്കുട്ടി, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി കെ എ റസാഖ് ജില്ലാ പ്ലാനിങ് ഓഫിസര്‍ വി എസ് ബിജു, മന്ത്രിമാരുടെ പ്രധിനിതികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it