Idukki local

ജില്ലാ പഞ്ചായത്ത് വാടകയ്ക്കു നല്‍കിയ സ്ഥലത്തെ കട പൊളിച്ചതിനെച്ചൊല്ലി സംഘര്‍ഷം

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജിന്റെ സ്ഥലത്ത് കച്ചവടസ്ഥാപനം പൊളിച്ച് നീക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സി.പി.എം നേതാക്കള്‍ ചേര്‍ന്ന് തടഞ്ഞു. ജനരോഷം ഭയന്ന് തഹസില്‍ദാരും സംഘവും മടങ്ങി.
മെഡിക്കല്‍ കോളജിന്റെ പ്രവേശന ഭാഗത്ത് ഹോട്ടലിനോടനുബന്ധിച്ച് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച അടുക്കളയും അനുബന്ധ മുറികളുമാണ് ഇടുക്കി കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊളിച്ചുമാറ്റാനെത്തിയത്. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് ചെറുതോണി വട്ടപ്പാറ അസ്സീസും സഹോദരി ഷീബയും ഇവിടെ ജില്ലാ പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങി അടുക്കളപുര കെട്ടിയത്.
ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ വൈദ്യുതി കണക്ഷനും ലഭിച്ചു. എന്നാല്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ പരാതിയെത്തുടര്‍ന്ന് ഇന്നലെ രാവിലെ 10.30ന് കലക്ടര്‍ വി രതീശന്‍ നേരിട്ടെത്തി ഷെഡ് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. ഹോട്ടലിലേക്കുള്ള ഭക്ഷണം വേകുന്നതിനിടയിലാണ് കലക്ടര്‍ കട പൊളിച്ചുമാറ്റാന്‍ നിര്‍ദേശിച്ചത്.
ഒമ്പത് മാസമായി ജില്ലാ പഞ്ചായത്തിന് പ്രതിമാസം 4000 രൂപ വീതം വാടക നല്‍കുന്നതിന്റെയും മറ്റ് എഗ്രിമെന്റുകളും കാണിച്ചെങ്കിലും ഇത് പരിശോധിക്കാന്‍പോലും തയാറാകാതെ കലക്ടര്‍ ഇടുക്കി തഹസില്‍ദാരെ പൊളിച്ചുമാറ്റുവാന്‍ ചുമതലപ്പെടുത്തി. ജെ.സി.ബിയുമായി പൊളിക്കുവാനെത്തിയ തഹസീല്‍ദാരെയും വില്ലേജ് ഓഫിസറെയും സി.പി.എം നേതാക്കള്‍ തടഞ്ഞു. ഇതിനിടയില്‍ പൊളിച്ചുമാറ്റിയ ഭാഗം നേതാക്കള്‍ പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു.
തുടര്‍ന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി വി വര്‍ഗ്ഗീസെത്തി കലക്ടറുമായി ബന്ധപ്പെട്ട് നീക്കം ഉപേക്ഷിക്കുകയായിരുന്നു.
രണ്ട് വര്‍ഷമായി ജില്ലാ പഞ്ചായത്ത് മെഡിക്കല്‍ കോളജിനായി വിട്ടുനല്‍കിയ ഭൂമിയാണിത്. എന്നാല്‍ മെഡിക്കല്‍ കോളജിന്റെ ഭൂമി ജില്ലാ പഞ്ചായത്ത് വാടകയ്ക്ക് നല്‍കിയതാണ് പ്രശ്‌നമായത്.
ചെറുതോണി ടൗണില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ പി ഉസ്മാന്‍ കൈയേറി നിര്‍മ്മിച്ച ബഹുനില മന്ദിരം പൊളിച്ചുമാറ്റാതെ ജില്ലാ ആസ്ഥാനത്തെ ഒരു കെട്ടിടത്തിനെതിരെയും നടപടി എടുക്കാന്‍ അനുവദിക്കില്ലെന്ന് സി വി വര്‍ഗ്ഗീസ് പറഞ്ഞു.
Next Story

RELATED STORIES

Share it