kannur local

ജില്ലാ പഞ്ചായത്ത് യോഗം: വാച്ച്മാന്‍ നിയമനത്തെ ചൊല്ലി ബഹളം; യുഡിഎഫ് ഇറങ്ങിപ്പോയി

കണ്ണൂര്‍: വാച്ച്മാന്‍ നിയമനത്തെ ചൊല്ലി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും. ജില്ലാ പഞ്ചായത്തിന്റെ താല്‍ക്കാലിക വാച്ച്മാനെ മാറ്റി പകരം സ്ഥിരം വാച്ച്മാനെ നിയമിക്കണമെന്ന ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ശുപാര്‍ശയുടെ ചര്‍ച്ചയ്ക്കിടെയാണ് യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധവും ഇറങ്ങിപ്പോക്കുമുണ്ടായത്.
ഇപ്പോഴുള്ള താല്‍ക്കാലിക വാച്ച്മാനു പകരം സ്ഥിരം വാച്ച്മാനെ പത്രപരസ്യവും ഇന്റര്‍വ്യൂവും നടത്തി നിയമിക്കണമെന്നാണു സ്റ്റാന്റിങ് കമ്മിറ്റി റിപോര്‍ട്ട് അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ ശുപാര്‍ശ ചെയ്തത്. എന്നാല്‍ ലീഗ് പ്രതിനിധി അന്‍സാരി തില്ലങ്കേരി പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. ജില്ലാ പഞ്ചായത്തിനു കീഴിലെ എത്ര സ്ഥാപനങ്ങളില്‍ വാച്ച്മാന്‍മാരെ നിയമിച്ചിട്ടുണ്ടെന്നും അവരെയൊന്നും മാറ്റാതെ ജില്ലാ പഞ്ചായത്തിലെ വാച്ച്മാനെ മാറ്റുന്നത് യുഡിഎഫ് അനുഭാവി ആയതിനാലാണെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അന്‍സാരി ആരോപിച്ചു. എന്നാല്‍, സുതാര്യമായും ചട്ടങ്ങള്‍ പാലിച്ചുമാണ് നിയമിക്കുന്നതെന്നും രാഷ്ട്രീയം കലര്‍ത്തുന്നത് നിങ്ങളാണെന്നും പി പി ദിവ്യ മറുപടി നല്‍കി.
കോണ്‍ഗ്രസ് പ്രതിനിധി തോമസ് വര്‍ഗീസ് അന്‍സാരിയെ പിന്തുണച്ച് രംഗത്തെത്തിയതോടെ എല്‍ഡിഎഫ് അംഗങ്ങളും ബഹളംവച്ചു. പ്രസിഡന്റിന്റെ അന്തസ്സിനു നിരക്കാത്ത നടപടിയാണ് ഇതെന്നു തോമസ് വര്‍ഗീസ് ആരോപിച്ചതോടെ എല്‍ഡിഎഫ് അംഗങ്ങള്‍ ഒന്നടങ്കം എതിര്‍ത്തു. പത്രപരസ്യവും ഇന്റര്‍വ്യൂവും നടത്തി നടത്തുന്ന നിയമനത്തില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും എല്ലാ യോഗങ്ങളും ബഹളത്തില്‍ മുക്കാമൊണ് പ്രതിപക്ഷം ധരിക്കുന്നതെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ദിവ്യ പറഞ്ഞു.
മുന്‍ ചെയര്‍പേഴ്‌സനായിരുന്നുവെങ്കില്‍ തോമസ് വര്‍ഗീസ് യോഗത്തില്‍ ഇരിക്കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തന്നെ പുറത്താക്കിക്കൊള്ളൂ എന്നായിരുന്നു മറുപടി. നിങ്ങളുടെ ഉദ്ദേശം അതാണെന്ന് അറിയാമെന്നും അത് നടക്കില്ലെന്നും കെ വി സുമേഷും മറുപടി നല്‍കി.
ഇതോടെ യുഡിഎഫ് അംഗങ്ങളായ എട്ടുപേരും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. യുഡിഎഫ് പ്രതിനിധികളുടെ ആവശ്യം പരിഹാസ്യമാണെന്നും സ്വയം അപഹാസ്യരാവുകയാണെന്നും എല്‍ഡിഎഫ് പ്രതിനിധികള്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാരായി രാജന്‍ രാജിവച്ച കാര്യം സെക്രട്ടറി എം കെ ശ്രീജിത്ത് സഭയെ ഔദ്യോഗികമായി അറിയിച്ച ശേഷമാണ് അജണ്ടകളിലേക്കു കടന്നത്. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപോര്‍ട്ടുകള്‍ യോഗം അംഗീകരിച്ചു.
ജില്ലാ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റിന്റെ തികച്ചും ധിക്കാരപരമായ നിലപാടാണെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ ബഹുമാനമില്ലാതെയാണ് പെരുമാറുന്നത്. ഭരണസമിതി രാഷ്ട്രീയ മര്യാദ മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it